2017-07-17 18:58:00

ഭൂമിയും വീടും തൊഴിലും മനുഷ്യാന്തസ്സിന് അനിവാര്യം


ജൂലൈ 15-മുതല്‍ 21-വരെ തിയതികളില്‍ സ്പെയിനിലെ ആവിലാ നഗരത്തിലുള്ള മിസ്റ്റിക്കല്‍ യൂണിവേഴ്സിറ്റിയില്‍ (Mystical Universtiy of Avila) സംഗമിച്ചിരിക്കുന്ന ക്രൈസ്തവ തൊഴിലാളികളുടെ ആഗോള പ്രസ്ഥാനത്തിന് (The World Movement of Christian Workers  -MMTC, WBCA, WMCW) പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചു. സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

സന്ദേശം :   തൊഴില്‍ വീട്, ഭൂമി എന്നീ മൂന്നു യാഥാര്‍ത്ഥ്യങ്ങള്‍ അന്തസ്സുള്ളൊരു മനുഷ്യന് അനിവാര്യമാണ്. അടിസ്ഥാനപരമായി ഒരു വ്യക്തിയുടെ ജീവിതം സമൂഹത്തിലും കുടുംബത്തിലും സഫലമാകുന്നത്  അയാള്‍ക്ക് തൊഴിലും, ഭൂമിയും വീടും ഉണ്ടാകുമ്പോഴാണ്. അങ്ങനെ അന്തസ്സോടെ  ജീവിക്കാനുള്ള മനുഷ്യന്‍റെ പോരാട്ടത്തിലെ സാമൂഹിക തട്ടകങ്ങളാണ് ഭൂമിയും തൊഴിലും വീടും. ഈ അടിസ്ഥാന സൗകര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെടാന്‍ പാടില്ലാത്തതാണ്. ഇതിന് ദൈവംതന്നെ ലോകത്തിലേയ്ക്ക് അയച്ച മാതൃകയാണ് ക്രിസ്തു! പിതാവ് ഭൂമിയിലേയ്ക്ക് അയച്ച പുത്രന്‍ മനുഷ്യരോടൊത്തു വസിച്ചു. നസ്രത്തിലെ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു. അവിടുന്ന് ഒരു തച്ചന്‍റെ മകനായി ജീവിച്ചു. കൈപ്പണിയെടുത്തു ഉപജീവനം കഴിച്ചു. പിന്നീട് അവിടുത്തെ ജീവസമര്‍പ്പണത്തിലൂടെയും, മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും മനുഷ്യകുലത്തിന് ദൈവരാജ്യത്തിന്‍റെ നീതിയുടെയും രക്ഷയുടെ മാര്‍ഗ്ഗം തുറന്നുതന്നു.

തൊഴിലിന്‍റെ അന്തസ്സിനെക്കുറിച്ചും നീതിയെക്കുറിച്ചും തൊഴിലാളി ലോകത്തെ അറിയിക്കാനുമുള്ള പ്രസ്ഥാനത്തിന്‍റെ ഉദ്യമത്തില്‍ സുവിശേഷ മൂല്യങ്ങളുടെ പ്രകാശവും ചൈതന്യവും ഏവര്‍ക്കും നവോന്മേഷം പകരട്ടെ! അങ്ങനെ സഭയുടെ മടിത്തട്ടില്‍ തൊഴിലാളികളുടെ ശബ്ദം പ്രതിധ്വനിക്കട്ടെ!  തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേയെന്ന് ആശംസകള്‍ക്കുശേഷം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.  

പ്രസ്ഥാനവും സമ്മേളനവും :   79 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള പ്രസ്ഥാനത്തിന്‍റെ  200-ല്‍ അധികം രാജ്യന്തര പ്രതിനിധികള്‍ ആവിലായിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ വഴിയാണ് പാപ്പാ ഫ്രാന്‍സിസിസ് തൊഴിലാളി സംഘടകളുടെ പ്രതിനിധികളു‍ടെ സംഗമത്തിന് സന്ദേശം അയച്ചത്. ക്രൈസ്തവ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ രാജ്യാന്തര പഠന ശിബിരവും 50-Ɔ൦ വാര്‍ഷിക സമ്മേളനവുമാണിത്. ഭൂമിയും വീടും തൊഴിലും അന്തസ്സുള്ളൊരു ജീവിതത്തിന്... എന്ന ആപ്തവാക്യവുമായിട്ടാണ് തൊഴിലാളികളുടെ രാജ്യാന്തര പ്രതിനിധികള്‍ ആവിലായില്‍ സമ്മേളിച്ചിരിക്കുന്നത്.

യുഎന്നിന്‍റെ തൊഴില്‍ സംഘടയുടെ (ILO) സ്പെയിനിലെ ഡയറക്ടറും ദേശീയ മെത്രാസംഘത്തിലെ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. തൊഴിലിന്‍റെയും തൊഴിലാളികളുടെയും ലോകത്ത് സുവിശേഷവത്ക്കരണത്തിനായി പ്രസ്ഥാനം നല്കുന്ന സംഭാവനകളും സമ്മേളനം വിലയിരുത്തും. ജൂലൈ 15-Ɔ൦ തിയതി ശനിയാഴ്ച രാവിലെ സ്പെനിലെ ആവില നഗരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയുടെ ഭാരവാഹികളാണ് പ്രസ്ഥാനത്തിന്‍റെ പരിപാടികളും പാപ്പായുടെ സന്ദേശവും പുറത്തുവിട്ടത്.  http://mmtc-infor.com/en/








All the contents on this site are copyrighted ©.