2017-07-14 17:32:00

''ശുദ്ധമായ കുടിവെള്ളം, മനുഷ്യന്‍റെ അടിസ്ഥാനാവകാശം'': ഫ്രാന്‍സീസ് പാപ്പാ


‘ലവുദാത്തോ സീ’യും വലിയ നഗരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി റിയോ ദെ ഷനെ യ്റോയില്‍ (RIO DE JANEIRO) ജൂലൈ 13-15 തീയതികളിലായി നടന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര കോണ്‍ഗ്രസ്സിന് ഫ്രാന്‍സീസ് പാപ്പാ നല്‍കിയ സന്ദേശത്തിലാണ് ഗുണമേന്മയുള്ള കുടിവെള്ളത്തിനാ യുള്ള അവകാശത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നത്. 

ലവുദാത്തോ സീ എന്ന ചാക്രികലേഖനത്തില്‍, ‘ഇന്നത്തെ മനുഷ്യന്‍റെ വിവിധങ്ങളായ ശാരീരികാവ ശ്യങ്ങളെ ബഹുമാനത്തോടും ഉത്തരവാദിത്വത്തോടും പരസ്പരബന്ധത്തിന്‍റെ അടിസ്ഥാനത്തിലും വീക്ഷിക്കേണ്ടത് നമ്മുടെ സഹജീവനത്തിന് ഏറ്റവും അടിസ്ഥാനപരമാണെന്ന്’ പരാമര്‍ശിച്ചിട്ടുള്ളതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം ആരംഭിക്കുന്നത്.

എല്ലാ സൃഷ്ടവസ്തുക്കളോടുമുള്ള ബഹുമാനം മനുഷ്യന്‍റെ അടിസ്ഥാനമനോഭാവമായിരിക്കണം. സൃഷ്ടവസ്തുക്കളെ നാം  അമൂല്യമായ ഒരു സമ്മാനമായി സ്വീകരിച്ചിരിക്കുന്നത് ഭാവിതലമുറകളും അത് വിലമതിക്കുന്നതിനും ആസ്വദിക്കുന്നതിനുംവേണ്ടി കാത്തുസൂക്ഷിച്ചുകൊണ്ടാകണം.  ഈ സംരക്ഷണം പഠിപ്പിക്കപ്പെടേണ്ടതും തലമുറകളിലേക്കു കൈമാറപ്പെടേണ്ടതുമാണ്. വി. ഫ്രാന്‍സീസ് അസ്സീസ്സിയുടെ സൃഷ്ടിഗീ തത്തില്‍ നിന്ന്, ‘സഹോദരി ജലത്തപ്രതിയും കര്‍ത്താവേ നീ സ്തുതിക്കപ്പെടട്ടെ, എന്തെന്നാല്‍ അത് അതിയായി ഉപയോഗയോഗ്യവും ലളിതവും അമൂല്യവും പരിശുദ്ധവുമാണ്’, എന്ന വാക്കുകള്‍ അനുസ്മരിപ്പിച്ചുകൊണ്ട്, പാപ്പാ ആവര്‍ത്തിച്ചു: സുരക്ഷിതവും പാനയോഗ്യവുമായ ജലം ലഭിക്കുകയെന്നത് അടിസ്ഥാനപരവും സാര്‍വത്രികവുമായ മനുഷ്യാവകാശമാണ് (LS 30).

കുടിവെള്ളം, ശുദ്ധവായു, മാലിന്യസംസ്ക്കരണം എന്നീ മൂന്നു പ്രധാന പ്രശ്നങ്ങളാണ്, ‘ലവുദാത്തോ സീ’യും വലിയ നഗരങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ ത്രിദിന അന്താരാഷ്ട്ര കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നത്. സമ്മേളനം ആരംഭിച്ചത് സമഗ്രമാനവവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ പീറ്റര്‍ ടേര്‍ക്സന്‍റെ പ്രഭാഷണത്തോടുകൂടിയായിരുന്നു.








All the contents on this site are copyrighted ©.