2017-07-13 20:11:00

ക്രിസ്തുവിന്‍റെ സ്കൂളില്‍നിന്നും തുറവോടെ പഠിക്കാം !


വൈദികരുടെ പരിശീലകരോട് ... കര്‍ദ്ദിനാള്‍ ബനിയാമീനോ സ്തേല വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ ...

ജൂലൈ 12-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനില്‍ സംഗമിച്ച വൈദിക പരിശീലകരുടെ കൂട്ടായ്മയില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടു കര്‍ദ്ദിനാള്‍ സ്തേല നല്കിയ സുവിശേഷ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴേ ചേര്‍ക്കുന്നു :

1.  സഹായിക്കാനുള്ള മനസ്സിന്‍റെ തുറവ്    ആവശ്യത്തിലായിരുന്നവരോട്, വിശിഷ്യാ പാപികളോടും രോഗികളോടും ക്രിസ്തു പ്രകടമാക്കിയ ആത്മാര്‍ത്ഥവും സഹോദരതുല്യവുമായ തുറവ് ഇന്നത്തെ പ്രേഷിതര്‍ക്കും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ടതാണ്. പരസ്പരം അംഗീകരിക്കുന്ന തുറവിന്‍റെ മനോഭാവം വൈദികര്‍ പരിശീലന കാലത്തുതന്നെ ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സകലരെയും ആശ്ലേഷിക്കുന്ന, വിശിഷ്യാ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളുന്ന   ഒരു സാകല്യ സംസ്കൃതി വൈദികര്‍ അഭ്യസിക്കേണ്ടതാണ്.  അതുപോലെ സഭയിലുണ്ടാകുന്ന മാറ്റങ്ങളോടും നവീകരണ പദ്ധതികളോടും തുറവില്ലാത്തവരും പ്രേഷിതമേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍‍ ഇടയാക്കുമെന്ന് കര്‍ദ്ദിനാള്‍ സ്റ്റേല ചൂണ്ടിക്കാട്ടി.

2.  കുരിശിന്‍റെയുക്തി    ക്രിസ്തു കാണിച്ചു തന്നിട്ടുള്ള, മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന കുരിശിന്‍റെ  യുക്തി Logic of the Cross വൈദികജീവിതത്തില്‍ സ്വായത്തമായിരിക്കണം. പ്രേഷിതസമര്‍പ്പണത്തില്‍ അപരനുവേണ്ടി ജീവിക്കുന്ന സ്വയാര്‍പ്പണത്തിന്‍റെ യുക്തി ക്രിസ്തുവില്‍നിന്നും മാതൃകയായി സ്വീകരിക്കേണ്ടതാണ്. ജീവിതത്തില്‍ സ്വജീവന്‍ പരിരക്ഷിക്കാനും സുരക്ഷമാക്കുവാനുമുള്ള സ്വാര്‍ത്ഥതയുടെ മനോഭാവത്തിനു വിഘാതമാണിത്. ജീവിതം കലവറയില്ലാത്തൊരു ദാനമായി സമര്‍പ്പിക്കുന്നതും, മറ്റുള്ളവര്‍ക്കുവേണ്ടി ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കുന്നതും അവരെ പരിചരിക്കുന്നതും പ്രേഷിതസമര്‍പ്പണത്തില്‍ ക്രിസ്തു കാണിച്ചുതന്ന കുരിശിന്‍റെ യുക്തിയാണ്. അങ്ങനെ വേദനിക്കുന്നവര്‍ക്ക് സമാശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ലേപനവുമായി ചരിക്കുന്ന നല്ലിടയന്‍റെയും നല്ലസമറിയക്കാരന്‍റെയും പ്രതിരൂപമാകണം പ്രേഷിതന്‍, പുരോഹിതന്‍.

3.  ദൈവത്തില്‍ കേന്ദ്രീകൃതം    പൗരോഹിത്യം അല്ലെങ്കില്‍ പ്രേഷിതജീവിതം ദൈവികദാനമാകയാല്‍ ദൈവമായിരിക്കണം  
ആ ജീവിതത്തിന്‍റെ കേന്ദ്രം. ദൈവത്തോടുള്ള ആത്മബന്ധത്തില്‍ അനുദിനം ജീവിക്കുന്ന, എന്നാല്‍ മാനുഷികബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും വെല്ലുന്ന ത്യാഗസമര്‍പ്പണവുമാണ് പൗരോഹിത്യം.   ആത്മാവിലും ശരീരത്തിലും, മനസ്സിലും ഹൃദയത്തിലും ദൈവവുമായി സന്ധിചേരുന്ന ബന്ധമാണത്. ഈ ബന്ധത്തില്‍ വൈദികര്‍ ഒരിക്കലും സഭയോടും ക്രിസ്തുവിനോടുള്ള സ്നേഹത്തെയോ ആത്മബന്ധത്തെയോ പാര്‍ശ്വവത്ക്കരിക്കുന്നില്ല. സുവിശേഷ ജോലിയിലെ പൂര്‍ണ്ണസമര്‍പ്പണത്തിന് ദൈവത്തോടുള്ള ഈ ആത്മബന്ധം അനിവാര്യമാണ്.








All the contents on this site are copyrighted ©.