2017-07-12 19:49:00

മതബോധനം തൊഴിലല്ല : പാപ്പാ ഫ്രാന്‍സിസ്


മതബോധനം പ്രവൃത്തിബദ്ധമായ സാഹോദര്യത്തിന്‍റെ ജീവിതമാണെന്ന്  പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ജൂലൈ 12-Ɔ൦ തിയതി ബുധനാഴ്ച അര്‍ജന്‍റീനയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച രാജ്യാന്തര മതബോധന സംഗമത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അവിടത്തെ കത്തോലിക്കാ യൂണിവേഴ്സിറ്റിയും ദേശീയ മെത്രാന്‍ സമിതിയും സംയുക്തമായിട്ടാണ് ജൂലൈ 11-മുതല്‍ 14-വരെ രാജ്യാന്തര മതബോധന സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ മെത്രാന്‍ സമിതിയുടെ മതബോധന കമ്മിഷന്‍റെ പ്രസിഡന്‍റും, റെസിസ്റ്റാന്‍സ് അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് റോമോണ്‍ ആല്‍ഫ്രെദോ ദൂസിനാണ് പാപ്പാ സന്ദേശം അയച്ചത്:

1. മതബോധനം ശുശ്രൂഷയാണ്     ക്രൈസ്തവ വിളിയും മതബോധനവും ബന്ധപ്പെട്ടതാണ്. അതിനാല്‍ രോഗിയെ സന്ദര്‍ശിക്കുന്നതും, പാവങ്ങള്‍ക്കു ഭക്ഷണം കൊടുക്കുന്നതുമെല്ലാം മതബോധനവും സുവിശേഷ പ്രബോധനവുമാണെന്ന്, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതമാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി. മതബോധനം തൊഴിലല്ല. ക്രിസ്തീയ സാഹോദര്യത്തിലും സേവനത്തിലും ഒരു വ്യക്തിയുടെ ജീവിതം മുഴുകുന്നതാണത്. ക്രിസ്തുവില്‍നിന്നും അവിടുത്തെ സുവിശേഷത്തില്‍നിന്നും തനിക്ക് ലഭിച്ചത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതും, അതിനായി ജീവിതം സമര്‍പ്പിക്കുന്നതുമാണ് മതബോധനം.

2. ക്രിസ്തു രക്ഷകനെന്ന പ്രബോധനം     ക്രിസ്തുവിലുള്ള വിശ്വാസവും, അവിടുത്തെ പ്രബോധനങ്ങളും സകലരോടും അറിയിക്കാനുള്ള അതിയായ തീക്ഷ്ണതയാണ് (kerygma) അടിസ്ഥാനപരമായി മതബോധനം. അതിനാല്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ അനുധാവനംചെയ്യുന്നതാണ് മതബോധനമെന്നു പറയാം. ദാനവും സമ്മാനവുമായി ലഭിച്ച വിശ്വാസം വിശ്വസ്തതയോടെ പങ്കുവയ്ക്കുന്നതാണത്. അതുവഴി മതബോധകന്‍റെ വാക്കുകളും പ്രവൃത്തിയും സദാ ക്രിസ്തുശിഷ്യന് ഇണങ്ങുന്നതായിരിക്കും.

3. ക്രിസ്തുവിനോടു ചേര്‍ന്നുള്ള യാത്ര    ക്രിസ്തുവിനോടു ചേര്‍ന്നുള്ള യാത്രയാണ് മതബോധനം. അങ്ങനെ അത് അവിടുത്തോടുള്ള സാരൂപ്യപ്പെടലുമായിരിക്കും. ക്രിസ്തു നമ്മുടെ ഹൃദയത്തിന്‍റെ കേന്ദ്രമായി മാറുമ്പോള്‍ അവിടുത്തെ സ്നേഹത്തിന്‍റെ കൃപാതിരേകം വിശ്വാസിയുടെ ഹൃദയധമനികളിലൂടെ പ്രവഹിക്കും. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ ബലതന്ത്രമാണ് (dynamism) മതബോധനത്തിലൂടെ അങ്ങനെ യാഥാര്‍ത്ഥ്യമാകുന്നത്. അതു ക്രിസ്തു സാക്ഷ്യമായി (witnessing) പരിണമിക്കുന്നു.

4.  ആത്മീയവളര്‍ച്ചയുടെ ബലതന്ത്രം    സ്വര്‍ഗ്ഗീയ പിതാവുമായുള്ള നിരന്തരമായ ബന്ധത്തില്‍ ക്രിസ്തു നേടിയ ആത്മീയ ബന്ധത്തിന്‍റെ ഓജസ്സാണ് രോഗികള്‍ക്ക് സൗഖ്യവും പാപികള്‍ക്കു മോചനവും രക്ഷയുമായി പരിണമിച്ചത്. അതിനാല്‍ വചനത്തിലൂടെയും കൂദാശകളിലൂടെയും ക്രിസ്തുവുമായുള്ള ഒരു യോഗാത്മ ബന്ധത്തിന്‍റെ സ്വഭാവം മതബോധനത്തിനുണ്ട് (The mystagogical dimenstion of Catechesis). അങ്ങനെ മതബോധനം വിശ്വാസവളര്‍ച്ചയുടെയും സമഗ്രതയുടെയും ഒരു പ്രക്രിയയാണ്. അതുവഴി വ്യക്തി ക്രിസ്തുവിനോടും, അവിടുത്തെ വചനത്തോടുമുള്ള തുറവോടെ, വചനം സ്വീകരിച്ചും ഉള്‍ക്കൊണ്ടും അതിനോടു പ്രതികരിച്ചും ഒരു സമൂഹത്തിന്‍റെ ഭാഗമായിത്തീരുന്നു (EG, 166).

5.  മതബോധനം ക്രിയാത്മകമാണ്    ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അത് വിവിധ സാദ്ധ്യതകളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നു. മനുഷ്യജീവിതങ്ങളെ സന്തോഷംകൊണ്ടു നിറയ്ക്കാന്‍ പോരുന്ന, “വഴിയും സത്യവും ജീവനുമാണ”വിടുന്ന് (യോഹ. 14, 6). അതിനാല്‍ വിശ്വാസപ്രചാരണത്തിന് നവവും ഉചിതവുമായ സാദ്ധ്യതകളും ഉപാധികളും ഉപയോഗപ്പെടുത്തേണ്ടതാണ്. ദൈവസ്നേഹത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും അവരോടു പറയാനും അവിടുന്ന് ഉപയോഗിച്ച ഉപമകളും ഉപമാനങ്ങളും ജനകീയവും ഇന്നും പ്രസക്തവുമാണ്.

6.  ജീവിതങ്ങളെ നവീകരിക്കുന്ന രീതി    ദൈവത്തിന് മാറ്റമില്ല. എന്നാല്‍ അവിടുന്ന് സകലത്തിനെയും മാറ്റുകയും മാറ്റിമറിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. അതായിരുന്നു ക്രിസ്തുവിന്‍റെ മതബോധന രീതി. അതുപോലെ സകലത്തിനെയും നവീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ പ്രേഷിതരും ശിഷ്യരുമാകാം ഇന്നു നമുക്ക്! ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.