2017-07-08 08:06:00

കുഴലുകള്‍ക്കിടയിലെ ജീവന്‍ : കുഞ്ഞു ചാര്‍ളി ഗാര്‍ഡ്


ലോകം ചര്‍ച്ചയ്ക്കു വിഷയമാക്കുന്ന ഒരു കുരുന്നിന്‍റെ ജീവന്‍ !

ജീവന്‍ ഏത് അവസ്ഥയിലും അമൂല്യമാണ്. ഇത് അടിസ്ഥാന നിയമമാണ്. റോമിലെ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ ‘ശാസ്ത്രവും ജീവനും’  (Science & Life) വിഭാഗം പ്രഫസര്‍, അല്‍ബേര്‍ത്തൊ ഗംബീനോ മരണവുമായി മല്ലടിക്കുന്ന ഇംഗ്ലണ്ടിലെ കുഞ്ഞിന്‍റെ ജീവനുമായി ബന്ധപ്പെടുത്തി ജീവന്‍റെ ധാര്‍മ്മിക പങ്കുവച്ചു. ജൂലൈ 5-Ɔ൦ തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് തന്‍റെ കാഴ്ചപ്പാടു പങ്കുവച്ചത്.

അപൂര്‍വ്വരോഗത്തിന്‍റെ പിടിയില്‍ അമര്‍ന്ന് ഇംഗ്ലണ്ടിലെ ആശുപത്രിയില്‍ കുഴലുകള്‍ക്കിടയില്‍ ഉറങ്ങുന്ന ചാര്‍ളി ഗാര്‍ഡ് എന്ന 10 മാസംമാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ശാരീരികാവസ്ഥയെ സംബന്ധിച്ചു നടക്കുന്ന വടംവലിയോടു പ്രതികരിച്ചുകൊണ്ടാണ് നിയമപണ്ഡിതനും ഡോക്ടറുമായ പ്രഫസര്‍ ഗംബീനി നിലപാടു വ്യക്തമാക്കിയത്.  ജീവന്‍ അതിന്‍റെ രോഗാവസ്ഥയിലും ഗുരുതരാവസ്ഥയിലും മൂല്യവും അന്തസ്സും കുറഞ്ഞതാണെന്ന ചിന്താഗതി വൈദ്യശാസ്ത്രത്തിന്‍റെ അടിത്തറ തകര്‍ക്കുന്ന ചിന്താഗതിയാണെന്ന് ഗംബീനി പ്രസ്താവിച്ചു. ജീവന്‍ ചെറുതോ, വലുതോ, രോഗാവസ്ഥയിലോ അടിയന്തിരാവസ്ഥയിലോ എന്തുമാവട്ടെ, അതിന്‍റെ അന്തസ്സിനോ മൂല്യത്തിനോ കുറവുവരുത്താതെ പരിരക്ഷിക്കേണ്ട ചുമതലയാണ് വൈദ്യശാസ്ത്രത്തിനുള്ളത്.  രക്ഷപ്പെടുത്താനാവാത്ത രോഗമെന്ന് ഇംഗ്ലണ്ടിലെ ആശുപത്രി വിധിപറയുന്ന ചാര്‍ളി ഗാര്‍ഡിന്‍റെ ജീവനെ പരിരക്ഷിക്കാനോ, മെച്ചപ്പെടുത്താനോ വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ ആരും എവിടെയും നല്കുന്ന വിദഗ്ദ്ധസഹായവും സന്മനസ്സും സ്വീകരിക്കുന്നത് ജീവന്‍റെ അന്തസ്സിനോടുള്ള ആദരവാണ്. അങ്ങനെയുള്ള സ്ഥാപനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയാണു വേണ്ടതെന്ന് ഗംബീനി ചൂണ്ടിക്കാട്ടി.

സുഖപ്പെടുത്താനാവാത്ത ജീവന്‍ അല്ലെങ്കില്‍ ഗുരുതരാവസ്ഥയിലെത്തിയ ജീവന്‍ എന്നു വിധിക്കപ്പെട്ടത് പാഴ്ജീവനായി കാണരുത്. നിയമത്തിന്‍റെ പിന്‍ബലത്തില്‍ മറ്റു ചികിത്സാസാദ്ധ്യതയോ അല്ലെങ്കില്‍, വീട്ടില്‍ മാതാപിതാക്കള്‍ നല്കാന്‍ ആഗ്രഹിക്കുന്ന അവസാന പരിചരണമോ നിഷേധിക്കുന്നതും ജീവനോടുള്ള അനാദരവാണ്. സമൂഹത്തില്‍ ഇന്നു വളര്‍ന്നുവരുന്ന “വലിച്ചെറിയല്‍ സംസ്ക്കാര”ത്തിന്‍റെ (The Culture of Scrap or the Culture of Waste) ഭാഗമാണതെന്ന് പ്രഫസര്‍ ഗംബീനോ പ്രസ്താവിച്ചു.

മനുഷ്യവ്യക്തിയുടെ ജീവന്‍ അടിസ്ഥാനപരമായി ദൈവത്തിന്‍റെ ദാനവും അനതിക്രമണീയവുമാകയാല്‍ അതിന്‍റെ സംരക്ഷണത്തിനോ അതിന്‍റെ അന്തസ്സ് നിലനിര്‍ത്താനോ  ഉള്ള എല്ലാവിധ ചികിത്സാപരമായ സാദ്ധ്യതകളോടും തുറവുകാണിക്കുകയും അതിനായി പരിശ്രമിക്കുകയും വേണമെന്ന് ഗംബീനോ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.   ഇംഗ്ലണ്ടില്‍നിന്ന് അമേരിക്കയിലേയ്കോ, ഇറ്റലിയിലേയ്ക്കൊ കുഞ്ഞു ചാര്‍ളിയെ അടിയന്തിരമായി മാറ്റുക പ്രശ്നമാണെന്ന് അറിയാമെങ്കിലും അത് സാങ്കേതികമായി സാദ്ധ്യമാണ്. രോഗിയായ വ്യക്തിയെ തുണയ്ക്കാനും, ജീവന് സാന്ത്വനംപകരാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇംഗ്ലണ്ടിലെ നിയമത്തിന്‍റെ കാര്‍ക്കശ്യം വെടിയണമെന്ന് പ്രഫസര്‍ അല്‍ബര്‍ത്തോ ഗംബീനി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

കുറിപ്പ് : ചാര്‍ളിയെ ചികിത്സയ്ക്കായി വിട്ടുകൊടുക്കാന്‍ ബിട്ടന്‍റെ പ്രധാനമന്ത്രി തെരീസെ മെയ് തീരുമാനിച്ചു.  അമേരിക്കയിലെ ആശുപത്രി ചാര്‍ളിയെ  സൗജന്യമായി ചികിത്സിക്കാനും  തീരുമാനിച്ചു. ജൂലൈ 5, ബുധനാഴ്ച വൈകുന്നേരമുണ്ടായ മാറ്റങ്ങളാണിത്.








All the contents on this site are copyrighted ©.