2017-07-07 12:30:00

സുസ്ഥിതി വികസനവുമായി ജി20 ഉച്ചകോടിക്ക് തുടക്കമായി


ജര്‍മ്മനിയിലെ ഹാംബേര്‍ഗില്‍ - ജൂലൈ 7, 8 തിയതികളില്‍ G20 ഉച്ചകോടി സമ്മേളനം

ജി20 സുസ്ഥിതി വികസനസമ്മേളനം ഭൂമിയുടെ ദുഃസ്ഥിതിയെ ദുരീകരിക്കാന്‍ സഹായകമാകണമെന്ന് ജര്‍മ്മനിയിലെ ക്രൈസ്തവ നേതൃത്വം സംയുക്തമായി അഭ്യര്‍ത്ഥിച്ചു.  ലോകം അനുഭവിക്കുന്ന ദാരിദ്ര്യം, അനീതി, ഭീകരപ്രവര്‍ത്തനങ്ങള്‍, യുദ്ധം, അഭ്യന്തരകലാപം, പരിസ്ഥിതി വിനാശം എന്നിവയാണ് ലോകജനതയുടെ ഇന്നിന്‍റെ ദുഃസ്ഥിതിക്കും ദുരവസ്ഥയ്ക്കും കാരണമാകുന്നത്. അതിനാല്‍ ഭൂമിയെ സംരക്ഷിച്ചും, ഭീകരത ഇല്ലാതാക്കിയും ദാരിദ്ര്യാവസ്ഥ ദുരീകരിച്ചുമാണ് മാനവികതയുടെ സുസ്ഥിതിക്കായി പരിശ്രമിക്കേണ്ടത്.

ജര്‍മ്മനിയിലെ ക്രൈസ്തവ നേതൃത്വമാണ് ഈ അഭ്യര്‍ത്ഥന ജി20 രാഷ്ട്രത്തലവന്മാരോട് നടത്തിയിരിക്കുന്നത്. ജര്‍മ്മനിയില്‍ ബഹുഭൂരിപക്ഷമുള്ള കത്തോലിക്കാ ക്രൈസ്തവ സമൂഹങ്ങളെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ റൈനാര്‍ഡ് മാക്സ്, ബിഷപ്പ് ഹെന്‍റി ബെഡ്ഫോര്‍ഡ് സ്ട്രോം എന്നിവരാണ് ജൂലൈ 7-Ɔ൦ തിയതി വെള്ളിയാഴ്ച ഹാംബര്‍ഗില്‍ ആരംഭിക്കുന്ന സമ്മേളനത്തിന് സംയുക്തപ്രസ്താവ സമര്‍പ്പിച്ചത്.

ജൂലൈ 8 ശാനിയാഴ്ചവരെയാണ് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ഗ്രൂപ്പ് 20, യുഎന്‍ രാഷ്ട്രത്തലവന്മാര്‍ സംഗമിക്കുന്നത്. 2030-ല്‍ പൂര്‍ത്തീകരിക്കേണ്ട ആഗോളസുസ്ഥിതി വികസനമാണ് ജി20-യുടെ 12-Ɔമത് സമ്മേളനത്തിന്‍റെ പ്രതിപാദ്യവിഷയം.

ജര്‍മ്മനിയുടെ ചാന്‍സിലര്‍ ആഞ്ചെലാ മെര്‍ക്കേലും, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്  ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ ഉള്‍പ്പെടുന്ന 20 ലോകരാഷ്ട്രത്തലവന്മാര്‍... ഐക്യരാഷ്ട്ര സംഘടയുടെ സെക്രട്ടറി ജനറല്‍, അന്തോണിയോ ഗുത്തിയരസിന്‍റെ അദ്ധ്യക്ഷതയില്‍ 2030-ല്‍ പൂര്‍ത്തീകരിക്കേണ്ട സുസ്ഥിതി വികസനപദ്ധതികള്‍ ഹാംബര്‍ഗില്‍ ചുരുളഴിയിക്കും. 








All the contents on this site are copyrighted ©.