2017-07-07 11:06:00

പരിശുദ്ധസിംഹാസനത്തിന്‍റെ മുന്‍വക്താവ് നവാരോ വാള്‍സ് അന്തരിച്ചു


പരിചയസമ്പന്നനായ മനഃശാസ്ത്രവിദഗ്ദ്ധനും പത്രപ്രവര്‍ത്തകനും - നവാരോ വാള്‍സ്...!

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് 1984-മുതല്‍ 2005-വരെ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയുമായിരുന്ന നവാരോ വാള്‍സ് ജൂലൈ 5-Ɔ൦ തിയതി ബുധനാഴ്ചയാണ് റോമില്‍ അന്തരിച്ചത്. 2006-ല്‍ മാധ്യമപ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിച്ച് ജീവിക്കുകയായിരുന്നു. തുടര്‍ന്ന് ഏതാനും നാളുകളായി പിടിപെട്ട അര്‍ബുദരോഗവുമായി മല്ലടിച്ച വാള്‍സ് 80-Ɔമത്തെ വയസ്സിലാണ് അന്തരിച്ചത്.

വത്തിക്കാന്‍റെ മാധ്യമ വിഭാഗത്തിലൂടെ ലോക ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനായിരുന്നു നവാരോ വാള്‍സ്.  ആഴമായ വിശ്വാസവും അറിവുംകൊണ്ട് സഭയോടും മാധ്യമലോകത്തോടും ഏറെ വിശ്വസ്തത പുലര്‍ത്തുകയും രണ്ടു പതിറ്റാണ്ടില്‍ അധികം മാധ്യമലോകത്ത് നിറഞ്ഞുനില്ക്കുകയും ചെയ്തു പ്രഗത്ഭനായ നവാരോ വാള്‍സെന്ന് റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റും, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവിയുമായിരുന്ന ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഓപൂസ് ദേയി, ദൈവത്തിന്‍റെ ജോലികള്‍.. എന്ന് അറിയപ്പെട്ട സന്ന്യസസമൂഹത്തിലെ അല്‍മായ സമര്‍പ്പിതനായിരുന്നു സമര്‍ത്ഥനായ ഈ മാധ്യമപ്രവര്‍ത്തകന്‍. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഭാരതത്തിലേയ്ക്കുള്ള രണ്ടു സന്ദര്‍ശന പരിപാടികളിലും വാള്‍സിന്‍റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു (ഫെബ്രുവരി 1986, നവംബര്‍ 1999).

ജൂലൈ 6-Ɔ൦ തിയതി പ്രാദേശിക സമയം വൈകുന്നേരം 4-മണിക്ക് റോമില്‍ വിശുദ്ധ യുജീനിയായുടെ ബസിലിക്കയിലെ കപ്പേളയില്‍ സൂക്ഷിക്കുന്ന അദ്ദേഹത്തിന്‍റെ ഭൗതികശേഷിപ്പുകള്‍, ജൂലൈ 7-Ɔ൦ തിയതി വെള്ളായാഴ്ച 11 മണിക്ക് അതേ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിക്കും അന്തിമോപചാര ശുശ്രൂഷകള്‍ക്കുംശേഷം സംസ്ക്കരിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഒഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. 








All the contents on this site are copyrighted ©.