2017-07-04 15:35:00

പ്രാര്‍ത്ഥനയായി രൂപപ്പെടുന്ന ദൈവത്തോടുള്ള തീക്ഷ്ണത


നീതിമാനെ ദൈവം ഒരിക്കലും നിഷേധിക്കുകയില്ല. സങ്കീര്‍ത്തനം 84-ന്‍റെ വ്യഖ്യാനപഠനം ഭാഗം 5.


സങ്കീര്‍ത്തനം 84-നെക്കുറിച്ചുള്ള പഠനത്തിന്‍റെ അഞ്ചാം ഭാഗമാണിന്ന്.  ഈ സിയോണ്‍ ഗീതത്തിന്‍റെ അല്ലെങ്കില്‍ സമാശ്വാസ ഗീതത്തിന്‍റെ വ്യാഖ്യാനപഠനം നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ മുഴുമിച്ചാതാണ്. ആകെ പന്ത്രണ്ടു പദങ്ങള്‍ മാത്രമുള്ള സാമാന്യം ഹ്രസ്വമായ
ഈ സങ്കീര്‍ത്തനത്തിന്‍റെ പഠനത്തിലൂടെ കടന്നുപോകുമ്പോള്‍ ദൈവത്തില്‍ ശരണപ്പെട്ടു ജീവിക്കുന്നതിന്‍റെ, അതായത് ദൈവവിചാരത്തില്‍ ജീവിക്കുന്നതിന്‍റെ ആത്മീയ അനുഭൂതിയാണ്  ഈ ഗീതം നമുക്കു തരുന്നതെന്നു പറയാതിരിക്കാനാവില്ല. പ്രത്യേകിച്ച് ഈ സങ്കീര്‍ത്തനം രചിക്കപ്പെട്ടരിക്കുന്ന സാമൂഹ്യപശ്ചാത്തലമാണ് ഇങ്ങനെ വ്യക്തിപരമായിട്ട് ഒരഭിപ്രായം പറയാന്‍ പ്രേരിപ്പിക്കുന്നത്. ജീവല്‍ ബന്ധിയായൊരു സാമൂഹ്യപശ്ചാത്തലത്തിലാണ് സങ്കീര്‍ത്തനം രചിക്കപ്പെട്ടിരിക്കുന്നത്. പുതുവത്സരാഘോഷമാണ് മുഖ്യകാരണമെങ്കിലും, വിളവെടുത്ത് സമൃദ്ധിയിലേയക്കു പ്രവേശിക്കുമ്പോള്‍ സങ്കീര്‍ത്തകന്‍റെ ചിന്ത ദൈവത്തിന്‍റെ പരിപാലനയിലേയ്ക്കാണ് തിരിയുന്നത്. ഗായകന്‍ ദൈവത്തില്‍ ശരണപ്പെടുന്നു, സമാശ്വാസം തേടുന്നു. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ ഇങ്ങനെ ആലപിച്ചത്.

                           Recitation :
                           അന്യഗൃഹത്തില്‍ ആയിരം ദിനങ്ങളെക്കാള്‍
                           അങ്ങയുടെ ഭവനത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു
                          എത്രയോ അഭികാമ്യമാണ്.

വിളവും സമൃദ്ധിയും തന്ന ദൈവം ഇനിയും വെള്ളവും വെയിലും, നല്ലകാലാവസ്ഥയും മഴയുമൊക്കെ തന്നാലേ ജീവിതം മുന്നോട്ടു നീങ്ങാനാകൂ എന്ന ചിന്തയോടെയാണ്, ബോധ്യത്തോടെയാണ് ജനം ദൈവത്തിങ്കലേയ്ക്ക്, സിയോണിലേയ്ക്ക് തിരിയുന്നത്. അവിടെ ദൈവത്തിന് നന്ദിയര്‍പ്പിക്കുവാന്‍ പുറപ്പെടുന്നത്. ദൈവത്തിന്‍റെ ശക്തിയും സംരക്ഷണവും പ്രീതിയും ഗീതത്തിന്‍റെ ഒരോ പദങ്ങളിലും ഗായകന്‍ അനുസ്മരിക്കുന്നുണ്ടെന്ന് നമുക്കു പറയാം. “ദൈവം ഒരിക്കലും നീതിമാനു നന്മ നിഷേധിക്കുകയില്ല,”  ഇത് ഈ ഗീതത്തിന്‍റെ അടിസ്ഥാന ചിന്തയാണെന്നു പറയാം. ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്ന,  അല്ലെങ്കില്‍ ജീവിതത്തില്‍ ദൈവത്തില്‍ ശരണംപ്രാപിക്കുന്ന വലിയ ഭാഗ്യത്തിലേയ്ക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ട് സങ്കീര്‍ത്തനം സമാപിക്കുന്നത് നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍, പദങ്ങളുടെ വ്യാഖ്യാനത്തില്‍ മനസ്സിലാക്കിയതാണ്. ഇങ്ങനെ പറയുമ്പോള്‍ ദൈവത്തോടുള്ള നന്ദിയും, ദൈവത്തിലുള്ള പ്രത്യാശയും വിധേയത്വവും, അതുപോലെ അനുരഞ്ജനത്തിലൂടെ സൃഷ്ടിയോടും സഹോദരങ്ങളോടുമുള്ള ഒത്തുചേരലും വ്യക്തിതലത്തില്‍ അല്ലെങ്കില്‍ സാമൂഹികതലത്തില്‍ ഒതുക്കി നിര്‍ത്തേണ്ട വികാരങ്ങളല്ലെന്നാണ് സങ്കീര്‍ത്തകന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. അത് പ്രാര്‍ത്ഥനായും തീര്‍ത്ഥാടനമായും കര്‍ത്താവിന്‍റെ സന്നിധിയിലേയ്ക്കുള്ള പ്രയാണമായും,  ആന്തരിക വളര്‍ച്ചയായും പ്രകടമാക്കപ്പെടണമെന്നാണ് നാം മനസ്സിലാക്കാക്കേണ്ടത്.

                           Musical Version of Ps. 84
                           കര്‍ത്താവേ, അങ്ങേ വാസസ്ഥലം
                          എത്രമോഹനം മനോഹരം! (2).

ഇസ്രായേലിലെ ജനങ്ങളുടെ സാമൂഹിക-സാംസ്ക്കാരിക ജീവിതവുമായി ഈ ഗീതത്തിന് ബന്ധമുണ്ടെന്ന് നിരൂപകന്മാര്‍ സ്ഥാപിച്ചിട്ടുണ്ട്. സമൂഹികതലത്തില്‍ നാം ക്രിസ്തുമസ്സും പുതുവത്സരവും ആഘോഷിക്കുന്നതുപോലെ ഇസ്രായേല്യരുടെ വലിയ ഉത്സവമായിരുന്നു വിളവെടുപ്പ്. ഇതുതന്നെയായിരുന്നു അവരുടെ പുതുവത്സരവും. അങ്ങനെ വിളവെടുപ്പും പുതുവത്സരവും ഒരുമിച്ചാണ് ഇസ്രായേല്‍ ആഘോഷിച്ചിരുന്നത്. അന്നാളിലാണ് കര്‍ത്താവിന് നന്ദിപറഞ്ഞുകൊണ്ട് അവര്‍ ജരൂസലത്തേയ്ക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നത്. പുതുവത്സരം കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്നും ആരംഭിക്കുകയാണ് അവരുടെ ലക്ഷ്യം. കര്‍ത്താവില്‍ ശരണപ്പെട്ടുകൊണ്ട് ആരംഭിക്കുക... എന്നത് അവരുടെ വലിയ ആഗ്രഹം മാത്രമല്ല, സാമൂഹ്യ ഉത്സവമായി പരിണമിച്ചു, വളര്‍ന്നുവന്നു. നന്ദിയും പ്രത്യാശയും വികാരങ്ങളായി ഒതുങ്ങി നില്ക്കേണ്ടതല്ലെന്നും, അത് ദൈവസന്നിധിയില്‍ സമൂഹമായി അവതരിപ്പിക്കപ്പെടുകയും, നന്ദിയുടെയും സ്തുതിപ്പിന്‍റെയും വികാരങ്ങളുള്ള പ്രാര്‍ത്ഥനയായി രൂപമെടുക്കുകയും വേണമെന്ന് പദങ്ങള്‍ വ്യക്തമാക്കുന്നു. മനുഷ്യന്‍റെ സാമൂഹ്യജീവിതം ദൈവവുമായി എത്രത്തോളം ബന്ധപ്പെട്ടിരുന്നുവെന്ന് ഈ പദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. നവജീവന്‍റെയും നവോത്മേഷത്തിന്‍റെയും ആഗ്രഹങ്ങള്‍ മനസ്സില്‍ ഒതുക്കിവയ്ക്കാതെ അത് അനുദിന ജീവിതത്തില്‍,  പ്രവൃത്തിയില്‍ - തീര്‍ത്ഥാടനമായും പ്രാര്‍ത്ഥനയായും രൂപാന്തരപ്പെടുന്നു.  അതിനാല്‍ 84-‍Ɔ൦ സങ്കീര്‍ത്തനം ദൈവ-മനുഷ്യബന്ധത്തിന്‍റെ ഉദാത്തതലവും ശ്രേഷ്ഠമായ പ്രതിബിംബവുമാണെന്നാണ് പദങ്ങള്‍ വെളിപ്പെടുത്തിത്തരുന്നത്.

Musical Version of  Ps. 84
എന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍
തീവ്രമായ് ആഗ്രഹിക്കുന്നു
എന്‍റെ മനസ്സും ശരീരവും ജീവനുള്ള ദൈവത്തിനു
സ്തോത്രഗീതം ആലപിക്കുന്നു.

ദൈവമനുഷ്യ ബന്ധത്തിന്‍റെ ശ്രേഷ്ഠതലങ്ങളിലെത്തിയ ഈ ഗീതത്തെക്കുറിച്ചുള്ള ചിന്തകളോടെ നമുക്ക് 84-Ɔ൦ സങ്കീര്‍ത്തനപഠനത്തിന്‍റെ ആത്മീയ വിചിന്തനത്തിലേയ്ക്കു കടക്കാം. ദൈവിക സാന്നിദ്ധ്യമുള്ള സ്ഥലത്തിനുവേണ്ടിയാണ്, ദൈവസ്ഥാനത്തിനുവേണ്ടിയാണ് സങ്കീര്‍ത്തകന്‍, കൊതിക്കുന്നത്, മോഹിക്കുന്നത്. യഥാര്‍ത്ഥമായ ഈശ്വരവിശ്വാസം ഉള്ളിടത്ത് ദൈവത്തെ ആരാധിക്കുവാനുള്ള താല്പര്യം വളരുമെന്നതില്‍ സംശയമില്ല. അത് മനുഷ്യഹൃദയങ്ങളില്‍നിന്ന് പ്രാര്‍ത്ഥനയായും, ഗാനമായും, രചനകളായും കാലാസൃഷ്ടികളായും തീര്‍ത്ഥാടനമായും രൂപമെടുക്കും..., യാഥാര്‍ത്ഥ്യവത്ക്കരിക്കപ്പെടുമെന്നത് ഉറപ്പാണ്.  സങ്കീര്‍ത്തകന്‍റെ തീക്ഷ്ണത അദ്ദേഹത്തിന്‍റെ ആത്മാവിലും ശരീരത്തിലും ഹൃദയത്തിലും, പിന്നെ പദങ്ങളിലും പ്രതിധ്വനിക്കുന്നതുപോലെ, ഏതു മനുഷ്യന്‍റെയും ജീവിതത്തില്‍ അത് സ്വാഭാവികമായും പ്രകടമാകുമെന്നതില്‍ സംശയമില്ല. ദൈവിക ഭവനത്തോടുള്ള സങ്കീര്‍ത്തകന്‍റെ സ്നേഹം ജീവിതത്തെ മുഴുവന്‍ സ്പര്‍ശിക്കുന്നതാണ്. ജീവിക്കുന്ന ദൈവമാണ് എല്ലാത്തിന്‍റെയും കേന്ദ്രബിന്ദു. അവിടുന്നാണ് ജീവന്‍റെ ഉറവിടം, ദൈവത്തിന്‍റെ പക്കല്‍ മാത്രമാണ് സംരക്ഷണവും സുരക്ഷിതത്വവും സംതൃപ്തിയും സാഫല്യവും ആനന്ദവുമുള്ളത്. അതുകൊണ്ടാണ്... സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ ഒന്നുകൂടെ ഓര്‍മ്മിക്കുകയാണെങ്കില്‍

              എന്‍റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ ദൈവമേ,
              കുരികില്‍‍പ്പക്ഷി സങ്കേതവും മീവല്‍പ്പക്ഷി കുഞ്ഞിന് കൂടും
              അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലോ.
              എന്നേയ്ക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
              അങ്ങയുടെ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
              അങ്ങയില്‍ ശക്തി കണ്ടെത്തിയവര്‍ ഭാഗ്യവാന്മാര്‍

ദൈവത്തില്‍ ജീവിക്കുക, ദൈവിക സാന്നിദ്ധ്യത്തില്‍ ജീവിക്കുക, മറ്റെല്ലാജീവിതശൈലികളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ദൈവിക സാമീപ്യത്തിന്‍റെ ആനന്ദം അവര്‍ണ്ണനീയമാണ്, വര്‍ണ്ണിക്കാനാവാത്തതാണ്. ദൈവം നമ്മുടെ ശക്തിയും വിജ്ഞാനവും രക്ഷയുമാണ്.

Musical Version Ps. 84
കര്‍ത്താവേ, അങ്ങേ വാസസ്ഥലം
എത്രമോഹനം മനോഹരം! (2).
എന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍
തീവ്രമായ് ആഗ്രഹിക്കുന്നു
എന്‍റെ മനസ്സും ശരീരവും ജീവനുള്ള ദൈവത്തിനു
സ്തോത്രഗീതം ആലപിക്കുന്നു

ദൈവത്തിന്‍റെ സംരക്ഷണവും രക്ഷയും ഭൂമില്‍ പ്രതിനിധാനം ചെയ്തിരുന്നത് ഇസ്രായേലിലെ രാജാവായിരുന്നു. എല്ലാ തീര്‍ത്ഥാടനങ്ങളിലും ദൈവം തന്‍റെ ജനത്തെ സഹായിക്കുന്നു. കാനാന്‍ ദേശത്തേയ്ക്കുള്ള പുറപ്പാടില്‍, ഇസ്രായേല്യരെ ദൈവം സഹായിച്ചു. സെഹിയോനിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ വഴിയും അവിടുന്നു തെളിയിക്കുന്നു. സ്വര്‍ഗ്ഗീയ ജരൂസലത്തേയ്ക്കുള്ള പുണ്യയാത്രയിലും അവിടുന്നു തന്നെ നമുക്കു തുണയായി ഭവിക്കുന്നു. നീതിമാന്മാര്‍ക്കും പരമാര്‍ത്ഥഹൃദയര്‍ക്കും ദൈവം യാതൊരു നന്മയും നിഷേധിക്കുകയില്ല എന്ന ചിന്ത, സങ്കീര്‍ത്തന വചനം ഏത് ഈശ്വരവിശ്വാസിക്കും വളരെ ആശ്വാസദായകമാണ്. അതുകൊണ്ട്, ദൈവത്തില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ തികച്ചു ഭാഗ്യവാനാണ്. അങ്ങനെ പുതിയ ആദമായ യേശു ക്രിസ്തുവില്‍, 84-‍Ɔ൦ സങ്കീര്‍ത്തനം നിറവേറിയിരിക്കുന്നു. കാരണം, യേശുവില്‍ ജീവന്‍ പ്രത്യക്ഷമായി, ലോകത്തിന് നീതിയുടെ പാത, രക്ഷയുടെ മാര്‍ഗ്ഗം ദൃശ്യമായി. അവിടുന്നില്‍ ദൈവം വസിച്ചു. ക്രിസ്തു ഇന്നും നമ്മുടെ മദ്ധ്യേ സന്നിഹിതനാണ്, ക്രിസ്തു ഇന്നും ജീവിക്കുന്നു. കൂട്ടായ്മയുടെയും ഐക്യത്തിന്‍റെയും സഹവാസത്തിന്‍റെയും പൂര്‍ണ്ണതയുടെയും സ്ഥാനം, സ്ഥലം ദൈവികസാന്നിധ്യം തന്നെയാണ്, അത് അവിടുത്തെ ആലയമാണത്, അത് പുണ്യാലയമാണ്, ദൈവാലയമാണ്, പുതിയ ജരൂസലേമാണ്.

                  Musical Version of  Ps. 84
                 എന്‍റെ രാജാവും ദൈവവുമായ കര്‍ത്താവേ,
                 അങ്ങേ ബലിപീഠമെന്‍റെ സങ്കേതം
                 എന്നേയ്ക്കുമങ്ങയെ സ്തുതിച്ചു ഞാന്‍
                 അവിടുത്തെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കുന്നു.

 








All the contents on this site are copyrighted ©.