2017-07-03 13:23:00

ദക്ഷിണ സുഢാനിലെ അവസ്ഥ സങ്കീര്‍ണ്ണം-കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍


ദക്ഷിണ സുഡാനില്‍ നിലവിലുള്ള പരിതാപകരമായ അവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സഭയ്ക്ക് പങ്കുവഹിക്കാന്‍ കഴിയുമെന്ന് സമഗ്ര മാനവപുരോഗതിക്കായി, വത്തിക്കാനില്‍ റോമന്‍കൂരിയായുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗത്തിന്‍റെ മേധാവി കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.

“പാപ്പാ സുഡാനുവേണ്ടി” എന്ന പേരില്‍ ഫ്രാന്‍സീസ് പാപ്പാ ഒരു പദ്ധതി ആരംഭിക്കുകയും അതിന്‍റെ ഭാഗമായി 5 ലക്ഷം യൂറോ, ഏകദേശം 3 കോടി 50 ലക്ഷം രൂപ വിദ്യഭ്യാസ ആരോഗ്യ ഭക്ഷ്യ പരിപാടികള്‍ക്കായി സംഭാവനചെയ്യുകയും ചെയ്തതിന് സുഡാനിലെ കത്തോലിക്കമെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍  ബിഷപ്പ് എഡ്വേഡ് ഹീബൊറൊ കുസ്സാല പാപ്പായക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് ഒരു കത്തെഴുതിയ പശ്ചാത്തലത്തില്‍ അന്നാട്ടിലെ അവസ്ഥകളെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍.

യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന സുഢാനിലെ അവസ്ഥ സങ്കീര്‍ണ്ണമാണെന്നും തോക്കേന്തി നടക്കുന്ന ജനങ്ങള്‍ പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ഒരവസ്ഥയാണുള്ളതെന്നും അനേകര്‍ പലായനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു.

ജനങ്ങളെ സഹായിക്കുന്നതിന് ഐക്യരാഷ്ട്രസഭയുള്‍പ്പടെ വിവിധ സംഘടനകള്‍ രംഗത്തുണ്ടെന്നും എന്നാല്‍ സമാധാനാന്തരീക്ഷം സംജാതമാകാത്ത പക്ഷം അവിടെ ഒന്നും ചെയ്യാനാകില്ലയെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറഞ്ഞു.








All the contents on this site are copyrighted ©.