2017-07-02 19:34:00

പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്ന ‘പാവങ്ങളുടെ ആഗോളദിനം’


 പാവങ്ങളുടെ ആഗോളദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശത്തിന്‍റെ ആദ്യഭാഗം പരിപാടിയുടെ ശബ്ദരേഖ :

പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്ന “പാവങ്ങളുടെ ദിനം” ആചരിക്കേണ്ടത് 2017-Ɔമാണ്ടിലെ നവംമ്പര്‍ മാസം 13-Ɔ൦ തിയതി  ഞായറാഴ്ചയാണ്. പാവങ്ങള്‍ക്കും പാപികള്‍ക്കും ഇന്നുമെന്നും തുണയായ പാദുവായിലെ അന്തോനീസ് പുണ്യവന്‍റെ അനുസ്മരണദിനമായ ജൂണ്‍  13-നാണ് ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചത് :

 “സ്നേഹം വാക്കുകൊണ്ടല്ല, പ്രവൃത്തിയില്‍ പ്രകടമാക്കാം!”

1. പ്രവൃത്തിയില്‍ പ്രതിഫലിക്കേണ്ട  സ്നേഹം      സഹോദരങ്ങളേ വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്, പ്രവൃത്തിയിലും സത്യത്തിലുമാണ് (1 യോഹ. 3, 18). ക്രൈസ്തവര്‍ക്കു മാത്രമല്ല, ആര്‍ക്കും തള്ളിക്കളയാനാവാത്ത കല്പനയാണ് ഈ വചനത്തിലൂടെ അപ്പസ്തോലന്‍, യോഹന്നാന്‍ പറഞ്ഞുതരുന്നത്. ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്‍റെ കല്പന വിശ്വസ്തതയോടെയും ഉത്തരവാദിത്വത്തോടെയും കൈമാറിത്തന്ന ക്രിസ്തുവിന്‍റെ അരുമശിഷ്യനായ യോഹന്നാന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ് നമ്മുടെ പൊള്ളയായ വാക്കുകളും, കടപ്പെട്ടിട്ടുള്ളതും എന്നാല്‍ ചെയ്യാത്തതുമായ പ്രവൃത്തികള്‍ തമ്മിലുള്ള അന്തരം മനസ്സിലാകുന്നത്. നമ്മെത്തന്നെ വിലയിരുത്താന്‍ സഹായിക്കുന്ന വാക്കുകളാണിത്. സ്നേഹത്തിന് ഒഴികഴിവുകളില്ല!

ക്രിസ്തുവിനെ മാതൃകയാക്കിയാല്‍ അവിടുന്നു സ്നേഹച്ചതുപോലെ സ്നേഹിക്കാന്‍, പ്രത്യേകിച്ച് പാവങ്ങളായവരെ സ്നേഹിക്കാന്‍ നമുക്കു സാധിക്കും. ദൈവപുത്രനായ ക്രിസ്തുവിന്‍റെ സ്നേഹശൈലി ലോകത്ത് അറിയപ്പെട്ടതാണ്. സുവിശേഷകന്‍ യോഹന്നാന്‍ അത് മനോഹരമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ദൈവം നമ്മെ ആദ്യം സ്നേഹിച്ചു (1യോഹ. 4, 10.19), സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ജീവന്‍ സമര്‍പ്പിച്ചാണ് അവിടുന്നു നമ്മെ സ്നേഹിച്ചത് (1യോഹ. 3, 16).

അങ്ങിനെയൊരു സ്നേഹത്തോട് പ്രത്യുത്തരിക്കാതെ മുന്നോട്ടു പോകാനാകുമോ? ദൈവസ്നേഹം കലവറയില്ലാതെയും നിര്‍ലോഭമായും നമ്മിലേയ്ക്ക് ചൊരിയപ്പെടുന്നു. അതു നമ്മുടെ ഹൃദയങ്ങളെ ത്രസിപ്പിക്കുന്നു. പാപത്തിലും പരിമിതികളിലും പ്രതിസ്നേഹം കാണിക്കാന്‍ അതു പ്രേരിപ്പിക്കുന്നു. ദൈവത്തിന്‍റെ കൃപയും അവിടുത്തെ കരുണാര്‍ദ്രമായ സ്നേഹവും ഹൃദയങ്ങളില്‍ ആവുന്നത്ര തുറവോടെ സ്വീകരിക്കുന്നവരിലാണ് പ്രതിസ്നേഹത്തിന്‍റെ പ്രക്രിയ സംഭവിക്കുന്നത്. മാനസികമായും വൈകാരികമായും അങ്ങനെ നാം ദൈവത്തെപ്പോലെ അല്ലെങ്കില്‍ ക്രിസ്തുവിനെപ്പോലെ സഹോദരങ്ങളെ സ്നേഹിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന കാരുണ്യം നമ്മുടെ ജീവിതങ്ങളെ രൂപപ്പെടുത്തുകയും, എളിയവരായ സഹോദരങ്ങളെ സഹായിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

2. പാവങ്ങളോടുള്ള പ്രതിബദ്ധത സഭയുടെ മൗലികദൗത്യം      “എളിയവന്‍ നിലവിളിച്ചു, കര്‍ത്താവ് എന്നെ ശ്രവിച്ചു” (സങ്കീ. 34, 6). സഭയെന്നും സങ്കീര്‍ത്തകന്‍റെ ഈ കരച്ചിലിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയിട്ടുണ്ട്. ആദിമ ക്രൈസ്തവസമൂഹത്തില്‍ അപ്പസ്തോലന്മാര്‍ ഇതിന് ഉത്തമസാക്ഷ്യം നല്കുന്നുമുണ്ട്. “കര്‍ത്താവിന്‍റെ അരൂപിയാലും വിജ്ഞാനത്താലും നിറഞ്ഞ ഏഴുപേരെ പത്രോസ്ലീഹ അപ്പോള്‍ പാവങ്ങളുടെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്തു ” (നടപടി 6, 3). പാവങ്ങളുടെ ശുശ്രൂഷയാണ് അതിനാല്‍ ക്രൈസ്തവസമൂഹത്തെ തിരിച്ചറിയുന്നതിനുള്ള ആദ്യത്തെ അടയാളമാക്കേണ്ടത്. “ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്,” എന്നരുള്‍ ചെയ്ത ക്രിസ്തുവിന്‍റെ പ്രബോധനത്തോടു അനുസരണയുള്ള ശിഷ്യരുടെ ജീവിതസാക്ഷ്യമാകണം സാഹോദര്യവും കൂട്ടായ്മയുമെന്ന് ആദിമ ക്രൈസ്തവ സമൂഹം വളരെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു (മത്തായി 5, 3).

“അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ്, ആവശ്യത്തിലായിരിക്കുന്നവരുമായി പങ്കുവച്ചു” (നടപടി 2, 45).  ആദിമ ക്രൈസ്തവസമൂഹത്തിന് പാവങ്ങളോടുണ്ടായിരുന്ന ഏറെ സജീവമായ പ്രതിപത്തിയാണ് ഈ വചനത്തില്‍ തെളി‍ഞ്ഞുനില്ക്കുന്നത്. ദൈവിക കാരുണ്യത്തെക്കുറിച്ച് ഏറ്റവും അധികം പ്രതിപാദിക്കുന്ന ലൂക്കാ സുവിശേഷകന്‍,  ആദിമ ക്രൈസ്തവസമൂഹം പാവങ്ങളോടു കാണിച്ചിരുന്ന കാരുണ്യത്തെക്കുറിച്ചും, അവരുടെ പങ്കുവയ്ക്കുന്ന രീതിയെക്കുറിച്ചും വിശദമായി ന‌ടപടിപ്പുസ്തകത്തിലും എഴുതുമ്പോള്‍, ഒരിക്കലും അത് ഉണ്ടാക്കിപ്പറയുകയോ ഊതിവീര്‍പ്പിച്ചു കാണിക്കകയോ ചെയ്യുന്നതല്ലെന്ന് നമുക്ക് മനസ്സിലാക്കാം.

ക്രിസ്തുവിനു സാക്ഷ്യംവഹിക്കുന്നതിനും, ആവശ്യത്തിലായിരിക്കുന്നവരെ സഹായിക്കുന്നതിനും ലൂക്കാ സുവിശേഷകന്‍റെ വാക്കുകള്‍ തലമുറകള്‍ക്കും, പിന്നെ ഇന്നു നമുക്കും പ്രചോദനമാണ്. പാവങ്ങളോടു ക്രൈസ്തവ സമൂഹത്തിനുള്ള സ്നേഹത്തെക്കുറിച്ചും അവരുടെ കൂട്ടായ്മയുടെ ജീവിതശൈലിയെക്കുറിച്ച് വിശുദ്ധ യാക്കോശ്ലീഹായും തന്‍റെ ലേഖനത്തില്‍ വാചാലമായി സംസാരിക്കുന്നുണ്ട്: “എന്‍റെ സഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദാനംചെയ്ത ദൈവരാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തിരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ? എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവരെ അപമാനിച്ചിരിക്കുന്നു. നിങ്ങളെ പീ‍ഡിപ്പിക്കുന്നതു സമ്പന്നരല്ലേ? അവരല്ലേ, നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നത്? അതിനാല്‍ വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുയും ചെയ്യുന്നവന് എന്തു മേന്മായുണുള്ളത്?  അവനെ രക്ഷിക്കാന്‍ വിശ്വാസത്തിന് കഴിയുമോ? ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ ഒരു സഹോദരനോ സഹോദരിയോ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, “സമാധാനത്തില്‍ പോവുക, തീ കായുക, വിശപ്പടക്കുക...,” എന്നൊക്കെ അവരെ ഉപദേശിച്ചതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തി കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജീവമാണ്!”  (വി. യാക്കോബ് 2, 5-6, 14-17).

3.  പാവങ്ങളെ ആശ്ലേഷിച്ചവര്‍  
ക്രൈസ്തവര്‍ ഈ അഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ, ലോകത്തിന്‍റേതായ വഴികളില്‍ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന അവസരങ്ങള്‍ ധാരാളമാണ്. എന്നിട്ടും ദൈവാരൂപി അവരെ നേരായ വഴിയെ നയിക്കാതിരുന്നിട്ടില്ല. ബഹുമുഖങ്ങളായ വിധത്തില്‍ പാവങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ കരുത്തരായ സ്ത്രീ പുരുഷന്മാരെ ദൈവാരൂപി എക്കാലത്തും സജ്ജമാക്കിയിട്ടുണ്ട്. ഏറെ ലളിതവും വിനയാന്വിതവും, ഒപ്പം ക്രിയാത്മകവും ഉദാരവുമായ ഉപവി പ്രവര്‍ത്തനങ്ങള്‍കൊണ്ട് പാവങ്ങളായ സഹോദരീസഹോദരന്മാരെ സേവിച്ച പുണ്യാത്മാക്കളുടെ ജീവിതകഥകള്‍കൊണ്ട് രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രത്തിന്‍റെ ഏടുകള്‍ ഏറെ സമ്പന്നമാക്കപ്പെട്ടിട്ടുണ്ട്!

ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതമാണ്. നൂറ്റാണ്ടുകളായി നിരവധി പുണ്യാത്മാക്കള്‍ പാവങ്ങളെ ശുശ്രൂഷിക്കുന്നതില്‍ അസ്സീസിയിലെ സിദ്ധനെ അനുകരിച്ചിട്ടുമുണ്ട്.  കുഷ്ഠരോഗികളെ ആശ്ലേഷിക്കുകയും അവര്‍ക്ക് ധര്‍മ്മം കൊടുക്കുകയും ചെയ്തതുകൊണ്ടു മാത്രം അദ്ദേഹം തൃപ്തനായില്ല. ഗൂബിയോ എന്ന സ്ഥലത്തുപോയി അദ്ദേഹം പാവങ്ങള്‍ക്കൊപ്പം പാര്‍ത്തു. തന്‍റെ മാനസാന്തരത്തിനു വഴിത്തിരിവായ സംഭവത്തെക്കുറിച്ച് വിശുദ്ധ ഫ്രാന്‍സിസ് പറയുന്നുണ്ട്. “എന്‍റെ പാപാവസ്ഥയില്‍ കുഷ്ഠരോഗികളെ നോക്കുന്നത് യഥാര്‍ത്ഥത്തില്‍ വെറുപ്പായിരുന്നു. എന്നാല്‍, കര്‍ത്താവാണ് എന്നെ അവരുടെമദ്ധ്യേ എത്തിച്ചത്. അപ്പോള്‍ ഞാന്‍ അവരോട് കരുണ കാട്ടി. അങ്ങനെ വെറുപ്പായിരുന്നത് എനിക്ക് ഇഷ്ടമായി മാറി” (Text 1-3, FF 110). വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഈ സാക്ഷ്യം ഉപവിയുടെയും ക്രിസ്തീയ ജീവിതത്തിന്‍റെയും രൂപാന്തരീകരണ ശക്തിയാണ് വെളിപ്പെടുത്തുന്നത്.
ഇടയ്ക്കിടെ അവസരോചിതമായി വരുന്ന പരോപകാര പ്രവൃത്തികളെക്കുറിച്ചോ, അല്ലെങ്കില്‍ നമ്മുടെ മനസ്സാക്ഷിയെ പ്രസാദിപ്പിക്കാനുള്ള ഔദാര്യത്തിന്‍റെ ഗുണഭോക്താക്കളായ പാവങ്ങളെക്കുറിച്ചോ നാം ചിന്തിച്ചതുകൊണ്ടായില്ല. പാവപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങളോടു പ്രതിബദ്ധതയുള്ള ഉപവിപ്രവൃത്തികള്‍ നല്ലതും ഉപകാരപ്രദവുമാണെങ്കിലും, ഇതിനെപ്പോഴും കാരണമാകേണ്ടത് അടിസ്ഥാനപരമായ നീതിയാണ്. പാവങ്ങളായവരോടു യഥാര്‍ത്ഥമായ കൂട്ടായ്മയും പങ്കുവയ്ക്കലും പ്രകടമാക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടത് എപ്പോഴും നീതിയാണ്. സുവിശേഷസമര്‍പ്പണത്തില്‍ സുതാര്യതയുടെയും സത്യസന്ധതയുടെയും സ്ഥിരീകരണം നമ്മുടെ ഉപവി പ്രവൃത്തികളിലും പങ്കുവയ്ക്കലിലും യഥാര്‍ത്ഥത്തില്‍ നാം കണ്ടെത്തേണ്ടത് പ്രാര്‍ത്ഥന, ശിഷ്യത്വത്തിന്‍റെ ജീവിതശൈലി, മാനസാന്തരം എന്നിവയിലൂടെയാണ്. ജീവിതരീതിയാണ് വ്യക്തിക്ക് സന്തോഷവും സമാധാനവും നല്കുന്നത്, കാരണം പാവങ്ങളില്‍ ക്രിസ്തുവിന്‍റെ ദേഹത്തെയാണ് നാം പരിചരിക്കുന്നത്. നമുക്ക് യഥാര്‍ത്ഥമായ ക്രിസ്ത്വാനുഭവം ലഭിക്കണമെങ്കില്‍, ദിവ്യകാരുണ്യത്തിലെ കൗദാശികമായ കൂട്ടായ്മയുടെ അനുഭവംപോലെ വേദനിക്കുന്ന പാവങ്ങളില്‍ നാം ക്രിസ്തുവിനെ കണ്ടെത്തേണ്ടതാണ്. വ്രണിതാക്കളായ പാവപ്പെട്ട സഹോദരങ്ങളുടെ മുഖത്ത് മുറിക്കപ്പെട്ട ക്രിസ്തുവിന്‍റെ മൗതികശരീരം നമ്മുടെ പങ്കുവയ്ക്കലിലൂടെ ദൃശ്യമാക്കാവുന്നതാണ്. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമിന്‍റെ പ്രബോധനം ഇക്കാര്യത്തില്‍ ഏറെ കാലിക പ്രസക്തിയുള്ളതാണ് നിങ്ങള്‍ ക്രിസ്തുവിന്‍റെ ദേഹത്തെ ആദരിക്കുന്നെങ്കില്‍ അത് നഗ്നമായിരിക്കുമ്പോള്‍ അതിനെ തിരസ്ക്കരിക്കരുത്. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന് പട്ടാംബരം അണിയിക്കുന്നവര്‍ ദേവാലയം വിട്ടിറങ്ങുമ്പോള്‍ വഴിയോരത്ത് വിശന്നും വേദനിച്ചും, തണുത്തു വിറച്ചും കിടക്കുന്ന ക്രിസ്തുവിനെ കണ്ടില്ലെന്നു നടിക്കരുത് (Hom. in Matthaeum, 50.3: PG 58).

അതിനാല്‍ പാവങ്ങളുടെ ഏകാന്തതയിലേയ്ക്കും പരിത്യക്താവസ്ഥയിലേയ്ക്കും കടന്നുചെന്ന്, അവരുടെ അടുത്തായിരിക്കുവാനും അവരെ പരിചരിക്കാനും, അവരുമായി സ്നേഹത്തിന്‍റെ ഊഷ്മളത പങ്കുവയ്ക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. സഹായത്തിനായി പാവങ്ങള്‍ നീട്ടുന്ന കരങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ സുരക്ഷിതത്ത്വത്തിന്‍റെയും സുഖലോലുപതയുടെയും മേഖലവിട്ട് പുറത്തിറങ്ങാനുള്ള അവസരവും സമൂഹത്തിലെ പച്ചയായ ദാരിദ്ര്യാവസ്ഥയെ അംഗീകരിക്കാനുള്ള സന്ദര്‍ഭവുമായി കാണണം.

4. സുവിശേഷദാരിദ്ര്യം    പാവങ്ങളും എളിയവരുമായി ഇടപഴകുന്ന ഓരോ സന്ദര്‍ഭവും ക്രിസ്തുവിന്‍റെ ദാരിദ്ര്യാവസ്ഥയെ സ്വജീവിതത്തില്‍ പകര്‍ത്താനും അനുകരിക്കാനും ലഭിക്കുന്ന അവസരമായി ക്രിസ്തു-ശിഷ്യര്‍ സ്വീകരിക്കേണ്ടതാണ്. അതായത്, പാവങ്ങളോടു ചേര്‍ന്നു നടക്കുന്നതും അവരെ പിന്‍തുണയ്ക്കുന്നതും, ക്രിസ്തു പഠിപ്പിച്ച ദൈവരാജ്യത്തിന്‍റെ അഷ്ടഭാഗ്യങ്ങളിലേയ്ക്കു നമ്മെ നയിക്കുന്ന വഴിയാണ് (cf. Mt 5:3; Lk 6:20). സൃഷ്ടിയിലേ നമുക്കുള്ള ബലഹീനതകളെയും പാപാവസ്ഥയെയും എളിമയോടെ അംഗീകരിച്ചുകൊണ്ട് ദാരിദ്ര്യാരൂപി ഉള്‍ക്കൊള്ളാനായാല്‍ നാം എല്ലാം തികഞ്ഞവരാണെന്നോ, അനശ്വരരും സര്‍വ്വശക്തരുമാണെന്നുമുള്ള അഹന്തയെയും പ്രലോഭനത്തെയും മറികടക്കാനാകും. സമ്പത്തും, നല്ല ജോലിയും സുഖസൗകര്യങ്ങളുമാണ് ജീവിതലക്ഷ്യവും സന്തോഷത്തിനുള്ള മാനദണ്ഡവും എന്നത് തെറ്റായ ചിന്താഗതിയാണ്. അത് മാറ്റിയെടുക്കാന്‍ ദാരിദ്ര്യത്തിന്‍റെ ആന്തരീകാരൂപി സഹായിക്കും. നമ്മുടെ ബലഹീനതകള്‍ക്ക് അതീതമായി ദൈവിക സാമീപ്യത്തില്‍ വിശ്വാസിച്ചുകൊണ്ടും, അവിടുത്തെ കൃപയില്‍ ആശ്രയിച്ചുകൊണ്ടും വ്യക്തിപരവും സാമൂഹീകവുമായ ഉത്തരവാദിത്വങ്ങള്‍ സ്വതന്ത്രമായി ഏറ്റെടുക്കാനുള്ള കഴിവും വ്യവസ്ഥയും ദാരിദ്ര്യാരൂപി നമ്മില്‍ സൃഷ്ടിക്കുന്നു. ദാരിദ്യത്തെയും പാവങ്ങളെയുംകുറിച്ചുള്ള ശരിയായ ധാരണയുണ്ടെങ്കില്‍ ഭൗമിക വസ്തുക്കള്‍ ശരിയാംവണ്ണം ഉപയോഗിക്കുന്നതിനും, സ്വാര്‍ത്ഥവും വികലവുമല്ലാത്ത വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും അതൊരു മാനദണ്ഡമായി മാറും (cf. Catechism of the Catholic Church, Nos. 25-45).

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയും അദ്ദേഹത്തിന്‍റെ ദാരിദ്ര്യാരൂപിയുടെ ജീവിതസാക്ഷ്യവും മാതൃകയായി സ്വീകരിക്കാവുന്നതാണ്. കാരണം, ക്രിസ്തുവില്‍ ദൃഷ്ടിപതിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് പാവങ്ങളെ ശുശ്രൂഷിക്കാനും സ്നേഹിക്കാനും സാധിച്ചു. ഇന്നിന്‍റെ ചരിത്രം മാറ്റിയെഴുതാനും, സമഗ്രമായ വികസനം യാഥാര്‍ത്ഥ്യമാക്കാനും നാം പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കുകയും, അവരുടെ പാര്‍ശ്വവത്ക്കരണം പാടെ ഇല്ലാതാക്കാന്‍ സ്വയംസമര്‍പ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹങ്ങളിലും വന്‍നഗരങ്ങളിലുമുള്ള പാവങ്ങളോടും സകലരോടും ഇതോടൊപ്പം പറയാനുള്ളത്, അനുദിനജീവിതത്തില്‍ ദാരിദ്ര്യത്തിനുള്ള സുവിശേഷാരൂപിയെക്കുറിച്ച് മറന്നുപോകരുതെന്നാണ്.

5. പാവങ്ങളെ പ്രശ്നക്കാരായി കാണരുത്!   പാവങ്ങളെ പിന്‍തുണയ്ക്കേണ്ട ജീവിതദൗത്യമുള്ള ലോകത്തിലെ എല്ലാ മെത്രാന്മാരോടും വൈദികരോടും ഡീക്കന്മാരോടും സന്ന്യസ്തരോടും, എല്ലാ സംഘടനകളോടും പ്രസ്ഥാനങ്ങളോടും, അവയുടെ എല്ലായിടത്തുമുള്ള സന്നദ്ധസേവകരോടും “പാവങ്ങള്‍ക്കായുള്ള   ഈ ആഗോളദിനാചരണം” സുവിശേഷവത്ക്കരണത്തെ യാഥാര്‍ത്ഥത്തില്‍ തുണയ്ക്കുന്ന  ഒരു പാരമ്പര്യമാക്കിയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നവമായ ഈ ‘ആഗോളദിനം’  വിശ്വാസികളെന്നനിലയില്‍ നമ്മുടെ എല്ലാവരുടെയും മനസ്സാക്ഷിയോടുള്ള ഒരു അഭ്യര്‍ത്ഥനയാണ്. അതായത്, പാവങ്ങളുമായി പങ്കുവയ്ക്കുന്നതുവഴി നാം ചൂഴ്ന്നിറങ്ങുന്നത് സുവിശേഷത്തിന്‍റെ സത്തയിലേയ്ക്കാണ്. പാവങ്ങളെ നാം പ്രശ്നക്കാരായി കാണരുത്. മറിച്ച് സുവിശേഷചൈതന്യം ലോകത്ത് പകര്‍ത്താനും, സകലരും അത് സ്വാംശീകരിക്കാനുമുള്ള നന്മയുടെ സ്രോതസ്സും സാദ്ധ്യതയുമാണവര്‍.....  (തുടരും). 








All the contents on this site are copyrighted ©.