2017-07-01 19:47:00

തദേവൂസച്ചന്‍റെ ഒരു ധ്യാനഗീതം : “ഇത്രയും സ്നേഹം ഒന്നിച്ചുതന്നാല്‍...!”


ഓര്‍മ്മയില്‍ സൂക്ഷിക്കാനും ധ്യാനിക്കാനും... ഫാദര്‍ തദേവൂസ് അരവിന്ദത്തിന്‍റെ ഒരു നല്ല ഭക്തിഗാനം :

ഇത്രയും സ്നേഹം ഒന്നിച്ചു തന്നാല്‍
എങ്ങിനെ ഉള്‍ക്കൊള്ളും ഞാന്‍
യേശുവേ, ഓര്‍ക്കുമ്പോള്‍ കണ്ണീര്‍വരും!
കൃത്യമായെന്‍റെ പ്രശ്നങ്ങള്‍ക്കെല്ലാം
ഉത്തരംനല്കുന്നു നീ
സ്നേഹമേ, തോറ്റു ഞാന്‍ നിന്‍റെ മുന്‍പില്‍.

തകര്‍ന്നു ചിതറിയ ജീവിതമിന്നിതാ
തപ്പിപ്പെറുക്കി ‍ഞാന്‍ കൊണ്ടുവന്നൂ
മറന്നുപൊയ്ക്കാണും നീ എന്നെ നിശ്ചയം!
എന്നു നിനച്ചു ഞാന്‍ ദൂരെ നിന്നു.
ആള്‍ക്കൂട്ടത്തില്‍  തിരിച്ചറിഞ്ഞെന്നെ നീ
കെട്ടുപ്പുണര്‍ന്നുമ്മ തന്നൂ.
അവില്‍പ്പൊതിയില്ല കാണിക്കയേകാന്‍
എങ്കിലും നീയെന്നെ വിളിച്ചൂ
വിരുന്നു വിളമ്പിത്തരുന്നൂ.

കരഞ്ഞു തീര്‍ക്കേണ്ടതല്ലീ ജീവിതം
പൊട്ടിച്ചിരിച്ചു ‍ഞാന്‍ നൃത്തമാടും!
ഭയന്നു മാറില്ല, ഭീഷണി നേരിടും
ചങ്കുറപ്പുള്ള നിന്‍ കൈപിടിക്കും
ആരുടെ മുന്നിലും തലകുനിക്കാതെ
അങ്ങയെ മാത്രം സ്തുതിക്കും!
ആയുഷ്ക്കാലം മുഴുവനുമങ്ങേ
അങ്കണത്തില്‍ ‍ഞാന്‍ വസിക്കും
ആത്മാവില്‍ നിത്യം ജ്വലിക്കും.

തദേവൂസ് അരവിന്ദത്തച്ചന്‍ ഈ ഗാനം ഇനിയും ആല്‍ബമാക്കി പ്രകാശനംചെയ്തോ എന്നറിയില്ല! ഇത് ഉപയോഗിക്കാന്‍ വത്തിക്കാന്‍ റേ‍ഡിയോയ്ക്ക് അച്ചന്‍ അനുമതി തന്നതിന് പ്രത്യകം നന്ദിപറയുന്നു. അച്ചന്‍റെ തനിമയാര്‍ന്ന ശൈലിയിലുള്ള ജീവല്‍ബന്ധിയും ഹൃദയസ്പര്‍ശിയുമായ മറ്റൊരു ഭാവഗീതമാണിത്. വ്യക്തിഗതമായ ധ്യാനചിന്തകള്‍ ലാളിത്യമാര്‍ന്ന വരികളില്‍ കോര്‍ത്തിണക്കിയ നല്ലൊരു കവിത!

ഹെക്ടറിന്‍റെ സാന്ദ്രതയുള്ള ഈണം, ഗായിക മനീഷ ഭാവാത്മകമായി ആലപിച്ചിരിക്കുന്നു. ധാരാളം  നല്ല ഈണങ്ങളുടെ ഉടമയാണ് ഈ ‘ലണ്ടന്‍ പച്ചാളത്തുകാരന്‍ ഹെക്ടര്‍ ലൂയിസ്! ഇപ്പോള്‍ കുടുംബസമേദം ഇംഗ്ലണ്ടിലാണ് വസിക്കുന്നത്. ഹെക്ടറിന്‍റെ പശ്ചത്തല സംഗീതത്തിനും ഗാനത്തിന്‍റെ ഈണംപോലെതന്നെ സ്പന്ദിക്കുന്ന ചടുലതയുണ്ട്. അഭിനന്ദനങ്ങള്‍!

തദേവൂസച്ചന്‍റെ ഈ സംഗീതക്കൂട്ടായ്മയ്ക്ക് സ്നേഹത്തോടെ നന്ദിയര്‍പ്പിക്കുന്നു!  ഇനിയും അച്ചന്‍റെ ധ്യാനചിന്തകള്‍ സങ്കീര്‍ത്തനങ്ങളായി ചിറകുവിരിക്കട്ടെ!!








All the contents on this site are copyrighted ©.