2017-06-30 09:57:00

വത്തിക്കാന്‍ ധനകാര്യാലയത്തിന്‍റെ പ്രീഫെക്ട് അവധിയില്‍


വ്യക്തിപരമായ കാരണങ്ങളാല്‍ ഒരു വര്‍ഷത്തെ അവധിക്ക് ഓസ്ട്രേലിയയിലേയ്ക്ക് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്‍ പോകുന്നതായി ജൂണ്‍ 29-Ɔ൦ തിയതി വ്യാഴാഴ്ച  വത്തിക്കാന്‍ പ്രസ്സ്  ഓഫിസ് ഇറക്കിയ  പ്രസ്താവന അറിയിച്ചു.

ജന്‍മനാടായ ഓസ്ട്രേലിയയില്‍ തനിക്കെതിരായി ഉയരുന്ന കുട്ടികളുമായി ബന്ധപ്പെട്ട പീഠനക്കേസിന്‍റെ ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ കണക്കിലെടുത്താണ്, പാപ്പാ ഫ്രാന്‍സിസിന്‍റെ അനുമതിയോടെ സഭാനിയമം അനുവദിക്കുന്ന ഒരുവര്‍ഷത്തെ അവധി (Leave of Absence) എടുത്ത് കര്‍ദ്ദിനാള്‍ പേല്‍ നാട്ടിലേയ്ക്കു പോകുന്നത്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസ് അടുത്തകാലത്ത് തനിക്കെതിരായി ആവര്‍ത്തിച്ച് ഉയര്‍ത്തപ്പെടുന്നതിനാല്‍ ആരോപണങ്ങളെ കോടതയില്‍ നേരിട്ട് അഭിമുഖീകരിക്കാനും നിരപരാധിത്വം തെളിയിക്കുവാനുമാണ് സഭയുടെ ഇപ്പോള്‍ നിര്‍വഹിക്കുന്ന ഭരണപരമായ ഉത്തരവാദിത്വങ്ങളില്‍നിന്നും അവധിയെടുക്കുന്നതെന്ന് റോമില്‍ ജൂണ്‍ 29-ന് നല്കിയ വാര്‍ത്താസമ്മേളനത്തില്‍ ഇപ്പോള്‍ 76-വയസ്സുള്ള കര്‍ദ്ദിനാള്‍ പേല്‍ വ്യക്തമാക്കി.

ജന്മനാടായ ബാലരാത്തിലെ പ്രാദേശിക കോടതിയിലാണ് കര്‍ദ്ദിനാള്‍ പേലിന് എതിരെ ആരോപണങ്ങള്‍ തല്പരക്ഷികള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിരിക്കുന്നത്.  സിഡ്നിയുടെ മെത്രപ്പോലീത്തയായി സേവനംചെയ്യവെയാണ് കണക്കുകളുടെ പരിശോധനയില്‍ അംഗീകൃതവൈദഗ്ദ്ധ്യവും ഗണിതശാസ്ത്രത്തില്‍ ഉന്നത ബിരുദവുമുള്ള കര്‍ദ്ദിനാള്‍ പേലിനെ  പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍റെ ധനകാര്യാലയത്തിന്‍റെ മേധാവിയായി 2014-ല്‍ നിയമിച്ചത്.  സഭയുടെ ധനകാര്യാലയം നവമായി രൂപപ്പെടുത്തുന്നതിലും സാമ്പത്തിക സംവിധാനങ്ങള്‍ കാലികമായി ക്രമപ്പെടുത്തുന്നതിലും കര്‍ദ്ദിനാള്‍ പേല്‍ നല്കിയിട്ടുള്ള സേവനം സ്തുത്യര്‍ഹമാണെന്ന വസ്തുത വത്തിക്കാന്‍റെ ഭരണസംവിധാനങ്ങളും പാപ്പാ ഫ്രാന്‍സിസും പല അവസരങ്ങളിലായി ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുള്ളതാണ്. 








All the contents on this site are copyrighted ©.