2017-06-30 11:48:00

കുടിയേറ്റപ്രശ്ന പരിഹൃതിക്ക് സംഘാത യത്നം ആവശ്യം, പാപ്പാ


കുടിയേറ്റം ഭിന്നിപ്പിന്‍റെ ഒരു നാടകമാണെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയും ലത്തീനമേരിക്കന്‍ നാടുകളും അംഗങ്ങളായുള്ള അന്താരാഷ്ട്രസംഘടനയുടെ 200 ഓളം പ്രതിനിധികളെ വെള്ളിയാഴ്ച (30/06/17) വത്തിക്കാനില്‍ സ്വീകരിച്ചു സ്പാനിഷ് ഭാഷയില്‍ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

കുടിയേറ്റത്തില്‍ കുടുംബങ്ങള്‍ വിഭജിക്കപ്പെടുന്നു, കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തപ്പെടുന്നു, വ്യക്തികള്‍ ജന്മനാട്ടില്‍ നിന്ന് അകലുന്നു, കുടിയേറ്റമെന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ രാഷ്ട്രങ്ങളും സര്‍ക്കാരുകള്‍തന്നെയും വിഭജിക്കപ്പെടുന്നു- പാപ്പാ വിശദീകരിച്ചു.

ആകയാല്‍ ഈ പ്രതിഭാസത്തെ നേരിടുന്നതിന് സഹകരണത്തിന്‍റെതായ സംയുക്തനയം ആവശ്യമാണെന്നു പറഞ്ഞ പാപ്പാ കുറ്റക്കാരെ തേടി നടക്കാതെയും ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞുമാറാതെയും, ഇവിടെ, നാമെല്ലാവരും ഒറ്റക്കെട്ടായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു ഓര്‍മ്മിപ്പിച്ചു.

അന്തസ്സാര്‍ന്ന മെച്ചപ്പെട്ടൊരു ജീവിതം തേടിയുള്ള യാത്രയില്‍ നിരവധിപ്പേരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതും കുട്ടികളും യുവതയുമുള്‍പ്പടെ അനേകര്‍ മനുഷ്യക്കടത്തിനിരകളാക്കപ്പെടുന്നതും ചൂഷണംചെയ്യപ്പെടുന്നതും കുറ്റകൃത്യ സംഘടനകളുടെ വലയിലകപ്പെടുന്നതും സംഘടിത കുറ്റകൃത്യങ്ങള്‍ക്കിരകളാകുന്നതുമായ സംഭവങ്ങളെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു.

വ്യക്തികളുടെയും ജനതകളുടെയും കഴിവുകളും സമ്പന്നതകളും കണ്ടെത്തുക, ആവശ്യങ്ങളെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, സംഭാഷണത്തിന്‍റെ സംസ്കൃതി പരിപോഷിപ്പിക്കുക എന്നീ മൂന്നു പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു.

ഏകോപനത്തെക്കുറിച്ചു പരാമര്‍ശിക്കവെ പാപ്പാ ഏകോപിപ്പിക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് മറ്റുള്ളവരെക്കൊണ്ട് ജോലിചെയ്യിക്കലും അവസാനം അതിന് അംഗീകാരം നല്കലും അല്ല എന്നും ഏറെ സമയവും പ്രവര്‍ത്തനവും അതില്‍ അടങ്ങിയിരിക്കുന്നുവെന്നും വ്യക്തമാക്കി.

ആഗോള സാമ്പത്തികസാമൂഹ്യ പ്രതിസന്ധി ലത്തിനമേരിക്കന്‍ ജനതയ്ക്ക് ആഘാതം ഏല്‍പ്പിച്ചുവെന്നും ആ ഭൂഖണ്ഡത്തില്‍ ദാര്യദ്ര്യം, തൊഴിലില്ലായ്മ, സാമൂഹ്യ അസമത്വം, പ്രകൃതിയെ ചുഷണം ചെയ്യല്‍ എന്നിവ വര്‍ദ്ധമാനമാക്കിയെന്നും പാപ്പാ പറഞ്ഞു.

ഈ ഒരവസ്ഥയില്‍ മനുഷ്യവ്യക്തിയുടെ യഥാര്‍ത്ഥ അവസ്ഥയും ജനതകളുടെ യാഥാര്‍ത്ഥ്യവും കണക്കിലെടുത്തുകൊണ്ടുള്ള ഒരു വിശകലനം ആവശ്യമാണെന്നും അതു വഴി യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസ്സിലാക്കാനും ഓരോവ്യക്തിയും ജനതയും ഉള്ളില്‍ സംവഹിക്കുന്ന സമ്പന്നതയെ വിലമതിക്കാനും സാധിക്കുമെന്നും പാപ്പാ വിശദീകരിച്ചു.    

  

 

 

 








All the contents on this site are copyrighted ©.