2017-06-30 11:34:00

ആയുധ നിര്‍വ്യാപനം ഒരു വെല്ലുവിളി- ആര്‍ച്ചുബിഷപ്പ് ഔത്സ


വന്‍സംഹാരശേഷിയുള്ള ആയുധങ്ങളുടെ പ്രവര്‍ദ്ധനവും വിതരണവും തടയുക എന്നത് അന്താരാഷ്ട്രസമൂഹം നേരിടുന്ന പൊതുവായ വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

ഇത്തരം ആയുധങ്ങളുടെ നിര്‍വ്യാപനത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമതി ബുധനാഴ്ച(28/06/17) അമേരിക്കന്‍ ഐക്യനാടുളില്‍, ന്യുയോര്‍ക്ക്  പട്ടണത്തിത്തില്‍ സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ സംഹാരശേഷിയുള്ള ആയുധങ്ങളുടെ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട അവസ്ഥയില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്ന വസ്തുതയെക്കുറിച്ച് പരാമര്‍ശിച്ച ആര്‍ച്ചുബിഷപ്പ് ഔത്സ  ഫ്രാന്‍സീസ് പാപ്പാ ചൂണ്ടിക്കാട്ടുന്ന, നിലവിലുള്ള, പരസ്പരവിരുദ്ധങ്ങളായ നിലപാടുകളെക്കുറിച്ചു സൂചിപ്പിച്ചു,

യുദ്ധം ഇനിയൊരിക്കലും പാടില്ല എന്നു പറയുന്ന നമ്മള്‍ ആയുധങ്ങള്‍ ഉല്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന പരസ്പരവിരുദ്ധങ്ങളായ പ്രവര്‍ത്തികളെക്കുറിച്ച് പാപ്പാ പറഞ്ഞിട്ടുള്ളത് അദ്ദേഹം ആവര്‍ത്തിച്ചു.

സമാധാനത്തെക്കറിച്ചു പറയുകയും  അതിനായി ചര്‍ച്ചകള്‍ നടത്തുകയും ഒപ്പം ആയുധക്കച്ചവടം പരിപോഷിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുകയും ചെയ്യുന്നത് അസംബന്ധമായ വൈരുദ്ധ്യമാണെന്ന പാപ്പായുടെ വാക്കുകള്‍ ആര്‍ച്ചുബിഷപ്പ് ഔത്സ അനുസ്മരിച്ചു.

സാധാരണ ആയുധങ്ങളുടെയും വന്‍ സംഹാരശക്തിയുള്ള ആയുധങ്ങളുടെയും പ്രവര്‍ദ്ധനം മൂലം സംഘര്‍ഷാവസ്ഥകള്‍ കൂടുതല്‍ ഗുരുതരമായിത്തീരുകയും വികസനത്തെയും സമാധാനസംസ്ഥാപനയത്നങ്ങളെയും അട്ടിമറിക്കുന്ന വലിയ വില മനുഷ്യജീവന്‍റെ തലത്തിലും, ഭൗതികവസ്തുക്കളുടെ തലത്തിലും നരകുലം നല്കേണ്ടി വരികയും ചെയ്യുമെന്ന് അദ്ദേഹം പറ‍ഞ്ഞു.

 








All the contents on this site are copyrighted ©.