2017-06-29 10:48:00

ചൈനയില്‍ മെത്രാന്‍റെ തിരോധാനം വീണ്ടും – വത്തിക്കാന്‍റെ ആശങ്ക


ചൈനയുടെ തെക്കു-കിഴക്കന്‍ പ്രവിശ്യയിലെ വെന്‍സോ രൂപതാദ്ധ്യക്ഷനെ സര്‍ക്കാര്‍ ബന്ധിയാക്കി.

വെന്‍സോ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് പെദ്രോ ഷാവോ സുമീനെ ചൈനീസ് അധികാരികള്‍ ബന്ധിയാക്കുകയും, യാതൊരു അറിവുമില്ലാത്ത വിധത്തില്‍ ഒളിവിലാക്കപ്പെടുകയും ചെയ്ത വാര്‍ത്ത സഭാവൃത്തങ്ങളില്‍നിന്നും വത്തിക്കാനില്‍ വാര്‍ത്ത ലഭിച്ചതായി പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് ജൂണ്‍ 26-Ɔ൦ തിയതി തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെ അറിയിച്ചു.

മെത്രാന്മാര്‍ അപ്രത്യക്ഷരാകുന്ന സംഭവം ചൈനയില്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ പരിശുദ്ധ സിംഹാസനത്തിനുള്ള അതിയായ ഖേദം ഗ്രെഗ് ബേര്‍ക്ക് രേഖപ്പെടുത്തി. ബിഷപ്പ് പെദ്രോ സുമീന്‍റെ മോചനത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും വത്തിക്കാന്‍റെ പ്രസ്താന അഭ്യര്‍ത്ഥിച്ചു.

കമ്യൂണിസ്റ്റു സര്‍ക്കാരിന്‍റെ മതവിദ്വേഷ നയങ്ങള്‍ക്ക് കീഴടങ്ങാത്ത മെത്രാന്മാരാണ് ചൈനയില്‍ അപ്രത്യക്ഷ്യമാകുന്നത്. അവിടെ ഇന്നും നടക്കുന്ന മതപീഡനത്തിന്‍റെ ഫലമായി ഭരണപക്ഷ വിധേയരും ദേശഭക്തരുമായ മെത്രാന്മാരും (Patriotic Bishops), സഭയോടു കൂറുപുലര്‍ത്തുന്ന മെത്രാന്മാരും (Bishops of the Church) എന്നിങ്ങനെ ഭിന്നിപ്പ് ചൈനയില്‍ നിലവിലുണ്ട്. കമ്യൂണിസ്റ്റ് പീഡനം ഭയന്ന് കത്തോലിക്കരില്‍ അധികവും വിശ്വാസജീവിതം നയിക്കുന്നത് മറവിലാണെന്ന് വത്തിക്കാന്‍ റേഡിയോ ചൈനീസ് വിഭാഗത്തിനുവേണ്ടി ഡോക്ടര്‍ ജോസഫ് ജിയൂങ് സാക്ഷ്യപ്പെടുത്തി. ചൈനീസ് സര്‍ക്കാരുമായുള്ള രമ്യതയ്ക്കായി വത്തിക്കാന്‍റെ നയതന്ത്രവിഭാഗം ദീര്‍ഘനാളായി പരിശ്രമിക്കുന്നുണ്ടെന്നും ഡോക്ടര്‍ ജിയൂങ് അറിയിച്ചു.

 








All the contents on this site are copyrighted ©.