2017-06-29 17:21:00

ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ‘പാലിയം’ സ്വീകരിച്ചു


പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ സഭയിലെ 36 നവമെത്രാപ്പോലീത്തമാര്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസില്‍നിന്നും സ്ഥാനികചിഹ്നമായ പാലിയം സ്വീകരിച്ചു. ഇത്തവണ പാലിയം സ്വീകരിച്ച ഏകഇന്ത്യക്കാരന്‍ ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പിലായിരുന്നു. ഏഷ്യന്‍ രാജ്യക്കാരായ മറ്റ് അഞ്ച് മെത്രാപ്പോലീത്തമാരും കൂട്ടത്തിലുണ്ടായിരുന്നു.

ജൂണ്‍ 29-Ɔ൦ തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ താല്ക്കാലിക വേദയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെ‍ട്ട ദിവ്യബലിയുടെ ആദ്യഭാഗത്തായിരുന്നു നവമെത്രാപ്പോലീത്തമാരുടെ വിധേയത്വപ്രതിജ്ഞയും പാലിയം ആശീര്‍വ്വാദകര്‍മ്മവും നടത്തപ്പെട്ടത്.

ആമുഖപ്രാര്‍ത്ഥനയെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍, ഷോണ്‍ ലൂയി ട്യുറാന്‍ നവമെത്രാപ്പോലീത്തമാരുടെ പേരുവിളിച്ച് പാലിയം ഉത്തരീയം സ്വീകരിക്കേണ്ടവരായ നവമെത്രാപ്പോലീത്തമാരുടെ സാന്നിദ്ധ്യം അറിയിച്ചു. ആഗോള സഭാകൂട്ടായ്മയിലുള്ള ഈ മെത്രാപ്പോലീത്തമാരുടെ ഭാഗഭാഗിത്വത്തിന്‍റെയും, പത്രോസിന്‍റെ പരമാധികാരത്തിലുള്ള അവരുടെ പങ്കാളിത്തത്തിന്‍റെയും അടയാളമായി പാലിയം ആശീര്‍വ്വദിച്ചു നല്കണമെന്ന് പാപ്പായോട് കര്‍ദ്ദിനാള്‍ ട്യുറാന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മെത്രാപ്പോലീത്തമാര്‍ കൂട്ടമായി അവരുടെ വിധേയത്വം പാപ്പായുടെ മുന്നില്‍ ഏറ്റുചൊല്ലി. ലത്തീന്‍ ഭാഷയിലുള്ള പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട്, വലിയ തളികകളിലായി കൊണ്ടുവരപ്പെട്ട പാലിയങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വദിച്ചു. 

 പാപ്പാ  വ്യക്തിപരമായി   പാലിയം  നല്കുകയും അണിയിക്കുകയുംചെയ്യുന്ന പൊതുവായ കര്‍മ്മം ഉപേക്ഷിച്ച്,  ഓരോ രൂപതയിലെയും വിശ്വാസസമൂഹത്തിന്‍റെ മുന്നില്‍വച്ച്  അത് നവമെത്രാപ്പോലീത്തയെ അണിയിക്കാന്‍ അനുമതി നല്കിയിട്ടുള്ളതാണ്.  അധികാരപ്പെട്ടൊരു സഭാദ്ധ്യക്ഷനാണ് അത് ചെയ്യേണ്ടത്.   ഇതു പ്രകാരമാണ് വത്തിക്കാനിലെ പാലിയം ദാനച്ചടങ്ങ് ലളിതമാക്കപ്പെട്ടത്.

അനുതാപശുശ്രൂഷ, ഗ്ലോരിയ ആലാപനം എന്നിവയോടെ ദിവ്യബലി തുടര്‍ന്നു. വചനപാരയണത്തെ തുടര്‍ന്ന് പാപ്പാ സുവിശേഷപ്രഭാഷണം നടത്തി. ക്രിസ്തുവിനെ ഏറ്റുപറയുന്നവര്‍ (Confession)  അതിനാല്‍  പീഡനങ്ങള്‍ സഹിക്കുകയും (Persecution) എന്നും പ്രാര്‍ത്ഥനയില്‍ (Prayer life) ജീവിക്കുകയുംവേണമെന്ന് മെത്രാപ്പോലീത്തമാരോടും വേദി തിങ്ങിനിന്ന ആയിരങ്ങളോടും പാപ്പാ ഉദ്ബോധിപ്പിച്ചു. സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്ന പത്രോശ്ലീഹായുടെ വിശ്വാസ പ്രഘോഷണത്തെ ആധാരമാക്കിയാണ് പാപ്പാ വചനപ്രഭാഷണം നടത്തിയത് (മത്തായി 16, 13-19).

ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിനുശേഷം പാപ്പാ ഫ്രാന്‍സിസ് നവമെത്രാപ്പോലീത്തമാരെ വ്യക്തിപരമായി അഭിവാദ്യംചെയ്തുകൊണ്ട് ഓരോരുത്തര്‍ക്കും ആശീര്‍വ്വദിച്ച പാലിയങ്ങള്‍ നല്കി യാത്രയാക്കി.

പാലിയം ഉത്തരീയം :   കുഞ്ഞാടിന്‍റെ രോമംകൊണ്ടു നെയ്തുണ്ടാക്കിയ പാലിയം നല്ലിടയനായ ക്രിസ്തുവിനോടു സാരൂപ്യപ്പെടേണ്ട മെത്രാപ്പോലീത്തയുടെ ഇടയദൗത്യം സൂചിപ്പിക്കുന്നു. കൈകൊണ്ടു നെയ്തുണ്ടാക്കിയ ഉത്തരീയരൂപത്തിലുള്ള വെളുത്ത നാടയാണിത്. അതില്‍ 6 ചെറിയ കറുത്ത കുരിശുകളും തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. ഔദ്യോഗിക കര്‍മ്മങ്ങള്‍ക്ക് മെത്രാപ്പോലീത്തമാര്‍ ഇത് പൂജാവസ്ത്രങ്ങള്‍ക്കു പുറത്തായി കഴുത്തില്‍ അണിയുന്നു. 

 

 

 

 








All the contents on this site are copyrighted ©.