2017-06-20 19:41:00

‘സീഗ്നിസ്’ ആഗോള സമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിവാദ്യങ്ങള്‍


“മാധ്യമങ്ങള്‍ സമാധാനത്തിന്‍റെ സംസ്കൃതി വളര്‍ത്താനും പ്രത്യാശയുടെ പ്രയോക്താക്കളാകാനും...”

ക്യാനഡയിലെ ക്യുബെക്കില്‍ ജൂണ്‍ 19-മുതല്‍ 22-വരെ സംഗമിച്ചിരിക്കുന്ന കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ‘സീഗ്നിസി’ന്‍റെ രാജ്യാന്തര സംഗമത്തിനാണ് (Signis World)  പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ അയച്ചത്.  “ലോകത്ത് മനുഷ്യാന്തസ്സും, നീതിയും, അനുരഞ്ജനവും വളര്‍ത്താന്‍ സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആധുനിക വിവരസാങ്കേതികതയെ ഉപയോഗപ്പെടുത്തണം...” പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

“മാധ്യമങ്ങള്‍ സമാധാനത്തിന്‍റെ സംസ്കൃതി വളര്‍ത്താനും പ്രത്യാശയുടെ പ്രയോക്താക്കളാകാനും...” എന്ന പ്രമേയവുമായിട്ടാണ് 100-ല്‍ അധികം രാജ്യങ്ങളില്‍നിന്നുമുള്ള 300-ല്‍ അധികം കത്തോലിക്ക മാധ്യമപ്രവര്‍ത്തകര്‍ ക്യുബെക്കില്‍ സമ്മേളിച്ചിരിക്കുന്നത്.  വത്തിക്കാന്‍, യുനേസ്ക്കോ, ജനോവയിലെ യു.എന്‍. മനുഷ്യാവകാശ കമ്മിഷന്‍, യൂറോപ്യന്‍ കൗണ്‍സില്‍ എന്നീ രാജ്യാന്തര മാനവിക പ്രസ്ഥാനങ്ങളുടെ അംഗീകാരമുള്ള കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയാണ് സീഗ്നിസ് (Signis). മാറുന്ന ലോകത്ത് ക്രിയാത്മകമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കാനും, പ്രത്യാശ പകരുന്ന കൂട്ടായ്മയും സമാധാനാന്തരീക്ഷവും ലോകത്തു വളര്‍ത്താനുള്ള സുവിശേഷക്കൂട്ടായ്മയാണിതെന്ന് ‘സീഗ്നിസ്’ രാജ്യാന്തര സംഘടനയുടെ പ്രസിഡന്‍റ്, ഗുസ്താവ് അന്‍ഡികാര്‍ പ്രസ്താവിച്ചു.

ഹോളിവൂഡിന്‍റെ പ്രശസ്ത സംവിധായകനും സിനിമാചരിത്രകാരനും ചലിച്ചിത്രാചാര്യനുമായ മാര്‍ടിന്‍ സ്കൊര്‍സേസ്സയെ സമാപനദിനമായ 22-Ɔ൦ തിയതി വ്യാഴാഴ്ച സീഗ്നിസ് ആദരിക്കും. ചലച്ചിത്ര ലോകത്തിന് അദ്ദേഹം നല്കിയിട്ടുള്ള സമഗ്രസംഭാവനകള്‍ പരിഗണിച്ചുകൊണ്ടാണ് കത്തോലിക്കാ മാധ്യമലോകം സ്കൊര്‍സേസ്സയെ ആദരിക്കുന്നത്. ജപ്പാന്‍റെ പ്രേഷിതരായ ഈശോസഭാ വൈദികരുടെ ജീവിതം വിവരിക്കുന്ന അദ്ദേഹത്തിന്‍റെ അടുത്തകാല സിനിമ, ‘സൈലന്‍സ്’ Silence  സീഗ്നിസ് സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടും.

പ്രസ്ഥാനത്തിന് ഇന്ത്യയിലും ശാഖയുണ്ട് (Signis India).








All the contents on this site are copyrighted ©.