2017-06-20 13:55:00

അഭയാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച ഭീതിയകറ്റും -പാപ്പാ


അഭയാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച ഭീതിയെ ദൂരെയകറ്റുമെന്ന്  മാര്‍പ്പാപ്പാ.

അഭയാര്‍ത്ഥികള്‍ക്കായുള്ള ലോകദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെട്ട ചൊവ്വാഴ്ച തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ്      പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്:

“അഭയാര്‍ത്ഥികളുമായുള്ള വൈക്തിക സമാഗമം ഭീതിയെയും വികലമായ ആശയങ്ങളെയും ദൂരികരിക്കുകയും സഹജീവിസ്നേഹത്തില്‍ വളരുന്നതിനുള്ള ഒരടിസ്ഥാനമായി ഭവിക്കുകയും ചെയ്യും”. 

വിവധഭാഷകളിലായി 3 കോടി 30 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

അനുവര്‍ഷം ജൂണ്‍ 20 നാണ് അഭയാര്‍ത്ഥികള്‍ക്കായുള്ള ലോകദിനം ആചരിക്കപ്പെടുന്നത്. രണ്ടായിരാമണ്ട് ഡിസംബര്‍ 4 നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ ഈ ദിനാചരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയം അംഗീകരിച്ചത്.

ഇക്കൊല്ലത്തെ അഭയാര്‍ത്ഥിദിനാചരണത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ കീഴില്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിഭാഗം യു എന്‍ എച്ച് സി ആര്‍ (UNHCR) സര്‍ക്കാരുകളോട് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

അഭയാര്‍ത്ഥികളായ എല്ലാ കുട്ടികള്‍ക്കും വിദ്യഭ്യാസ സൗകര്യം ഉറപ്പുവരുത്തുക, അഭയാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ജീവിക്കുന്നതിന് സുരക്ഷിതമായ ഇടം നല്കുക, അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ഈ സംഘടന മുന്നോട്ടു വച്ചിട്ടുള്ളത്.

 

 








All the contents on this site are copyrighted ©.