2017-06-15 17:42:00

ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് അന്ത്യാഞ്ജലി!


കോട്ടയം കനാനായ അതിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍, കുര്യാക്കോസ് മാര്‍ കുന്നശ്ശേരി കാലംചെയ്തു.

കനാനായ കത്തോലിക്കരുടെ ആത്മീയാചാരനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി  ജൂണ്‍ 14-Ɔ൦ തിയതി ബുധനാഴ്ച വൈകുന്നേരം, കോട്ടയത്ത് തെള്ളകത്തുള്ള ‘കാരിത്താസ്’ ആശുപത്രിയില്‍ അന്തരിച്ചു.  39 വര്‍ഷക്കാലം കനാനായ സമൂഹത്തെ നയിച്ച  ആര്‍ച്ചുബിഷപ്പ് മാര്‍ കുന്നശ്ശേരി വിശ്രമജീവിതം നയിക്കവെ 88-Ɔമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് അന്തരിച്ചത്.

അന്തിമോപചാര ശുശ്രൂഷകള്‍ ക്രിസ്തുരാജന്‍റെ നാമത്തിലുള്ള കോട്ടയത്തെ ഭദ്രാസന ദേവാലയത്തില്‍ ജൂണ്‍ 17-Ɔ൦ തിയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് നടത്തപ്പെടും. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിമുതല്‍ കുന്നശ്ശേരിപ്പിതാവിന്‍റെ ഭൗതികശരീരം ഭദ്രാസന ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്നും അതിരൂപത കാര്യാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

കോട്ടയം ജില്ലയിലെ കടത്തുരുത്തിയില്‍ കുന്നശ്ശേരി ജോസഫ്–അന്ന ദമ്പതികളുടെ മൂത്തമകനായി 1928 സെപ്തംബര്‍ 11-ന് കുര്യാക്കോസ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന് ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലായിരുന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍. 1955-ല്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ അദ്ദേഹം ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി.

കോട്ടയം രൂപതയുടെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അജപാലന ശുശ്രൂഷയില്‍ വ്യാപൃതനായിരിക്കവെ 1967-ല്‍ പോള്‍ ആറാമന്‍ പാപ്പാ അദ്ദേഹത്തെ രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി (Coadjutor Bishop) നിയമിച്ചു. അന്നത്തെ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ തോമസ് തറയിലിന്‍റെ നിര്യാണത്തെ തുടര്‍ന്ന് 1974-മെയ് 5-Ɔ൦ തിയതി മാര്‍ കുന്നശേരി രൂപതാദ്ധ്യക്ഷനായി സ്ഥാനമേറ്റു. തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ അജപാനസാരഥ്യം സഭയുടെയും സമൂഹത്തിന്‍റെയും ആത്മീയവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് വഴിതെളിച്ചു. ചിതറിക്കിടന്നിരുന്ന കനാനായ സമൂഹത്തെ അജപാലനക്കൂട്ടായ്മയില്‍ ഒന്നിപ്പിക്കാനും, സഭാപാരമ്പര്യങ്ങളിലും വിശ്വാസത്തിലും അടിയുറച്ച സമൂഹമാക്കി വളര്‍ത്താനും ആര്‍ച്ചുബിഷപ്പ് കുന്നശ്ശേരിക്ക് സാധിച്ചു.

2005 മെയ് 1-ന് കോട്ടയം രൂപതയെ അതിരൂപതാ പദവിയിലേയ്ക്ക് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ ഉയര്‍ത്തി. അതോടെ മാര്‍ കുന്നശ്ശേരി കോട്ടയം കനാനായ സമൂഹത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തയായി ആരോഹിതനായി. 2006 ജനുവരി 14-ന് സഭാനിയമപ്രകാരമുള്ള പ്രായപരിധി 75 വയസ്സെത്തി സ്ഥാനത്യാഗംചെയ്ത കുന്നശ്ശേരിപ്പിതാവ് തെള്ളകത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു.

സഭയ്ക്കും സമൂഹത്തിനും നല്കിയിട്ടുള്ള നിസ്തുല സേവനങ്ങള്‍ക്കു പുറമേ, കേരളസഭയുടെ സഭൈക്യപരമായ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിട്ടുണ്ട് ആത്മത്യാഗിയായ ആര്‍ച്ചുബിഷപ്പ് മാര്‍ കുന്നശ്ശേരിയെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം പ്രസ്താവിച്ചു. കത്തോലിക്ക-ഓര്‍ത്തഡോക്സ്-യക്കോബായ സഭകളുടെ കൂട്ടായ്മ വളര്‍ത്തുന്നതായി സ്ഥാപിതമായ സംവാദത്തിനുള്ള കമ്മിഷന്‍റെ (Commission for Dialogue) ചെയര്‍മാനായും തിരുമേനി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വടാവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്‍റെ വൈസ് ചാന്‍സലര്‍ എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘കാരിത്താസ്’ ക്യാന്‍സര്‍ സെന്‍റര്‍, ആയുര്‍വേദിക് ആശുപത്രി, പ്രകൃതി ചികിത്സാകേന്ദ്രം എന്നിവയുടെ സ്ഥാപകന്‍കൂടിയാണ് മാര്‍ കുന്നശ്ശേരി. കനാനായ ിയാണ് മാര്‍ കുന്നശ്ശേരിദാടുണ്ട് മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് സൂസാ പാക്യം തിരുവനന്തപുരത്ത് പ്രസ്താവിച്ചു.സമൂഹത്തില്‍ സന്ന്യാസ ജീവിതം പുഷ്ടിപ്പെടുത്താന്‍  വല്ലംബ്രോസിയന്‍ ബെനഡിക്ടൈന്‍ സമൂഹം, പ്രോവിഡന്‍സ് സമൂഹം, ക്രിസ്തുവിന്‍റെ തിരുരക്തത്തിന്‍റെ സഹോദരിമാര്‍ എന്നീ സമൂഹങ്ങളെ നാട്ടിലേയ്ക്കു ക്ഷണിച്ചതും കുന്നശ്ശേരിപ്പിതാവാണ്.

ആത്മീയാചാരന്‍റെ ദേഹവിയോഗത്തില്‍ അനുശോചിക്കുകയും ആത്മാവിന് നിത്യശാന്തിനേരുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.