2017-06-13 15:24:00

പാപ്പാ ഫ്രാന്‍സിസിനെ കാണാനെത്തിയ കുട്ടികളുടെ കൂട്ടം


ബ്രസീലിലെ റിയോയില്‍ന്നും ഇറ്റലിയിലെ ഭൂകമ്പബാധിക പ്രദേശളില്‍നിന്നും  കുട്ടികള്‍ പാപ്പായെ കാണാനെത്തിയപ്പോള്‍..!

ജൂണ്‍ 3-Ɔ൦ തിയതി ശനിയാഴ്ച! പാപ്പാ ഫ്രാന്‍സിസിന് പതിവിലും തിരക്കുള്ള ദിവസമായിരുന്നു. ആഗോള കരിസ്മാറ്റിക് ജൂബിലി സംഗമത്തില്‍ പങ്കെടുക്കാന്‍ റോമിലെ ചീര്‍ക്കോ മാക്സിമോ സ്റ്റേഡിയോത്തിലേയ്ക്ക് പോകേണ്ടതുണ്ട്. കൂടാതെ മറ്റു കൂടിക്കാഴ്ചകളും.

ഇതിനിടെ മദ്ധ്യഇറ്റലിയില്‍നിന്നും ഒരു ട്രെയിന്‍ നിറയെ കുട്ടികളാണ് വത്തിക്കാനില്‍ വന്നത്.   2016-Ɔമാണ്ടില്‍ രണ്ടു തവണയായുണ്ടായ ഭൂകമ്പത്തിന്‍റെ കെടുതിയില്‍പ്പെട്ട കുട്ടികളാണവര്‍. മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍, വീടും സ്വന്തമായതെല്ലാം തകര്‍ന്നവര്‍, അനാഥരാക്കപ്പെട്ടവര്‍, അംഗവൈകല്യം സംഭവിച്ചവര്‍, സ്വന്തം സ്കൂള്‍ തകര്‍ന്നുപോയവര്‍, അങ്ങനെ 5-നും 18-നും വയസ്സിന് ഇടയ്ക്ക് പ്രായമായ 500-ഓളം കുട്ടികളാണ് ശനിയാഴ്ച രാവിലെ 11 മണിക്ക് വത്തിക്കാന്‍ തോട്ടത്തിലെ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയത്. പാപ്പാ ഫ്രാന്‍സിസ് സ്റ്റേഷനില്‍ചെന്ന് കുട്ടികളെ സ്വീകരിച്ച് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലേയ്ക്ക് ആനയിച്ചു.

അന്നുതന്നെ ബസീലിലെ റിയോ നഗരപ്രാന്തത്തില്‍നിന്നും എത്തിയ കുട്ടികളുടെ ബാന്‍ഡ്, “മാരേ ദോ അമഞ്ഞാ” (Mare do Amanha - String Orchestra) എത്തിയത് ആകസ്മികമായിരുന്നു.  14-നും 19-നും ഇടയ്ക്ക് വയസ്സ് പ്രായമുള്ള സംഗീതജ്ഞരായ 23 കുട്ടികളും പാപ്പായെ കാണാന്‍ വന്നതായിരുന്നു.  

ഒരു മണിക്കൂര്‍ സമയം പാപ്പാ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചു. അവരോട് പ്രസംഗം പറയുന്നതിനു പകരം, അവരെ ശ്രവിക്കാനും അവരോട് കാര്യങ്ങള്‍ ആരായാനും, അവരെ സാന്ത്വനപ്പെടുത്താനും പാപ്പാ സമയം ചെലവഴിച്ചു.

“മാരേ ദോ അമഞ്ഞാ” – ‘നാളെയുടെ തരംഗ’മെന്ന് പോര്‍ച്ചുഗീസില്‍ അര്‍ത്ഥം വരുന്ന തന്ത്രിവാദ്യക്കാരുടെ ബാന്‍ഡ് പാപ്പായുടെ സാന്നിദ്ധ്യത്തില്‍ മീട്ടിയ സംഗീതസൃഷ്ടികള്‍ കൂട്ടായ്മയ്ക്ക് ഉന്മേഷവുമേകി. സ്കൂള്‍ പഠനത്തോടൊപ്പം, 10 വര്‍ഷത്തെ തീവ്രമായ സംഗീത പരിശീലനത്തിനുശേഷം രാജ്യാന്തര പര്യടത്തിന് ഇറങ്ങിയ “മാരേ ദോ അമാഞ്ഞാ” കുട്ടികള്‍ ബ്രീസിലിലെ റിയോ നഗരത്തിലെ ചേരിപ്രദേശക്കാരും പാവപ്പെട്ടവരുമാണ്. കിട്ടിയ അവസരം നഷ്ടപ്പെടുത്താതെ തങ്ങളെപ്പോലെ ദാരിദ്ര്യത്തിന്‍റെ പിടിയില്‍ അല്ലെങ്കിലും, പ്രകൃതിദുരന്തത്തിന്‍റെ വേദനയനുഭവിക്കുന്ന കൂട്ടുകാര്‍ക്കായി 3 സംഗീതരചനകള്‍ വായിച്ചത് എല്ലാവരെയും സന്തോഷിപ്പിക്കുകയും അവരെ സമാശ്വസിപ്പിക്കുകയുംചെയ്തു.

ബ്രസീലിലെ സംഗീതജ്ഞരുടെയും ഫുഡ്ബോള്‍ താരങ്ങളുടെയും കൂട്ടായ്മയാണ് (പേരു വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്തവര്‍) റിയോ നഗരത്തിലെ (Mare Favela)  ചേരിപ്രദേശത്തെ കുട്ടികളെ തിരഞ്ഞെടുത്തു പരിശീലിപ്പിച്ച് രാജ്യാന്തര നിലവാരത്തില്‍ എത്തിച്ചത്. ആദ്യം പാപ്പായ്ക്കുവേണ്ടിയും ഇറ്റലിയിലെ തങ്ങളുടെ കൂട്ടുകാര്‍ക്കുവേണ്ടിയും  “മാരേ ദോ അമഞ്ഞാ...”   സംഗീതപരിപാടി നടത്തിയശേഷം, റോമിലെ ബ്രസീലിന്‍റെ എംബസിയിലും, മൂന്നു സ്കൂളുകളിലും അവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

റോമിലെ പരിപാടികള്‍ കഴിഞ്ഞ് നാട്ടിലേയ്ക്കുള്ള മടക്കയാത്രയില്‍ ഓസ്ട്രിയ, സ്വിറ്റ്സര്‍ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും അവര്‍ കഴിവുകള്‍ തെളിയിച്ചു. ബ്രസീലിന്‍റെ മദ്ധ്യസ്ഥനായ “ജേസു സാള്‍വത്തോരെ”  ബ്രസീലിനെ ആകമാനവും, റിയോ നഗരത്തെ പ്രത്യേകിച്ചും കരങ്ങള്‍ വിരിച്ച് ആശീര്‍വ്വദിക്കുന്ന രക്ഷകനായ ക്രിസ്തുവിന്‍റെ വിഖ്യാതമായ പ്രതിമയുടെ ദേവാലയത്തില്‍ ആദ്യപരിപാടി നടത്തിക്കൊണ്ടാണ് “മാരേ ദോ അമഞ്ഞാ...” പര്യടനത്തിന്  തുടക്കമിട്ടത്. തങ്ങളുടെ ജീവിതത്തിന്‍റെ അരണ്ട പശ്ചാത്തലങ്ങളില്‍നിന്നും പുറത്തുവന്ന കുട്ടികള്‍ക്ക് ആനന്ദമേകിയത്, മറ്റെന്തിനെക്കാളും പാപ്പാ ഫ്രാന്‍സിസുമായുള്ള, ഒരുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയായിരുന്നെന്ന് കുട്ടികള്‍ മാധ്യമങ്ങളുമായി പങ്കുവച്ചു.

ചിത്രം - "മാരേ ദോ അമഞ്ഞാ"  റിയോ നഗരത്തിലെ  വിഖ്യാതമായ 'യേശു രക്ഷകന്‍'  ശില്പത്തിനു താഴെ  31 മെയ് 2017.








All the contents on this site are copyrighted ©.