2017-06-12 08:46:00

‘കരിസ്മാറ്റിക്’ ജൂബിലിക്കൂട്ടായ്മയുടെ റോമിലെ സെഹിയോന്‍ അനുഭവം


ജൂണ്‍ 3-‍Ɔ൦ തിയതി റോമിലെ ആഗോള കരിസ്മാറ്റിക് ജൂബിലി സംഗമത്തിന്‍റെ പെന്തക്കോസ്ത  ജാഗരാനുഷ്ഠാനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ധ്യാനചിന്തകള്‍.   “ഞാന്‍ സകലതും നവീകരിക്കും…!” - വെളിപാട്ഗ്രന്ഥം

സഭയുടെ കരിസ്മാറ്റിക് പ്രസ്ഥാനം പിറവിയെടുത്തതിന്‍റെ 50-Ɔ൦ വാര്‍ഷികമാണല്ലോ 2017—Ɔമാണ്ട്! മെയ് 31-മുതല്‍ ജൂണ്‍ 4-വരെ – അഞ്ചു ദിവസങ്ങള്‍ നീണ്ട ജൂബിലിയാചരണം റോമില്‍ നടന്നു. 3-Ɔ൦ തിയതി ശനിയാഴ്ച വൈകുന്നേരം ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയ പ്രസ്ഥാനത്തിലെ രണ്ടു ലക്ഷത്തിലധികം പ്രതിനിധികള്‍ ഒത്തുചേര്‍ന്ന പെന്തക്കൂസ്താ മഹോത്സവത്തിന്‍റെ   ജഗരാനുഷ്ഠാന പ്രാര്‍ത്ഥനയായിരുന്നു. റോമിലെ ചീര്‍ക്കോ മാക്സിമോ (Circo Maximo) സ്റ്റേഡിയത്തില്‍ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ധ്യാനപ്രഭാഷണത്തിലെ ചിന്താമലരുകളാണ് താഴെ ചേര്‍ക്കുന്നത്.

1. അപ്പസ്തോലന്മാര്‍ക്കു കിട്ടിയ പരിശുദ്ധാത്മനിറവ്   നടപടി പുസ്തകം ആദ്യ അദ്ധ്യായത്തില്‍നിന്നും വായിച്ചുകൊണ്ടാണ് ധ്യാനത്തിനു പാപ്പാ തുടക്കമിട്ടത്. “അവിടുന്ന് അവരോടൊപ്പം ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ കല്പിച്ചു. നിങ്ങള്‍ ജരൂസലേം വിട്ടു പോകരുത്. എന്നില്‍നിന്നു നിങ്ങള്‍ കേട്ട പിതാവിന്‍റെ വാഗ്ദാനത്തിനായി കാത്തിരിക്കുവിന്‍. എന്തെന്നാല്‍, യോഹന്നാന്‍ വെള്ളെംകൊണ്ടു സ്നാനം നല്കി. നിങ്ങളാകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്നാനം ഏല്ക്കും” (അപ്പോസ്തോ നടപടി 1, 4-5).   “ പെന്തക്കൂസ്താനാളി‍ല്‍ അപ്പസ്തോലന്മാര്‍ എല്ലാവരും സെഹിയോനിലെ ഊട്ടുശാലയില്‍ ഒന്നിച്ചുകൂടി ഇരിക്കുകയായിരുന്നു. കൊടുങ്കാറ്റ് അടിക്കുന്നതുപോലുള്ള ഒരു ശബ്ദം ആകാശത്തുനിന്നും പെട്ടന്നുണ്ടായി. ശക്തമായ കാറ്റു വീശി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടു മുഴുവനിലും നിറഞ്ഞു. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങള്‍ ഓരോരുത്തരുടെയുംമേല്‍ വന്നു നില്ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാനും തുടങ്ങി” (നടപടി 2, 1-4).

2. യേശുവില്‍ വിശ്വസിക്കുന്നവരുടെ ഐക്യം    നാം എല്ലാവരും വിശ്വാസികളാണ്. യേശു കര്‍ത്താവാണെന്നു പ്രഘോഷിക്കുന്ന വിശ്വാസികള്‍! ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള വന്‍പ്രതിനിധി സംഘത്തെയും, ഇത്രവലിയ കൂട്ടായ്മയെയും റോമില്‍ എത്തിച്ചത് പരിശുദ്ധാത്മാവാണ്. ഇത് അരൂപിയിലുള്ള സാഹോദര്യകൂട്ടായ്മയാണ്. ഐക്യത്തിന്‍റെ പാതിയിലും ഏകദൗത്യത്തിലും നമ്മെ നയിക്കുന്നത് കര്‍ത്താവിന്‍റെ അരൂപിതന്നെ!  യേശു കര്‍ത്താവാണെന്നും, നാം എല്ലാവരും ഓരേ പിതാവിന്‍റെ മക്കളാണെന്നും പ്രഖ്യാപിക്കാനാണ് നാം ഇവിടെ ഒരുമിച്ചു കൂടിയിരിക്കുന്നത്. സകല ജനതകളെയും സുവിശേഷം അറിയിക്കുക, എന്നത് നമ്മുടെ ദൗത്യവും ഉത്തരവാദിത്തവുമാണ്.

3.  വൈരുദ്ധ്യത്തിലും അനുരഞ്ജിതരാകാം     സമാധാനം സാദ്ധ്യമാണെന്ന് നമുക്കു ലോകത്തിന് കാണിച്ചുകൊടുക്കാം. കാരണം ഇന്നത്തെ ലോകത്ത് സമാധാനം വിദൂരത്താകുകയാണ്. സമാധാനത്തിന്‍റെ സാക്ഷികളാകുക അത്ര എളുപ്പമല്ല. എന്നാല്‍ യേശുവിന്‍റെ നാമത്തില്‍ നമുക്ക് സമാധാനത്തിന്‍റെ സാക്ഷികളാകാം. നമ്മുടെ ജീവിത സാക്ഷ്യംകൊണ്ടാണ് സമാധാനം സാദ്ധ്യമാണെന്ന് കാണിച്ചുകൊടുക്കേണ്ടത്. അത്, സാദ്ധ്യമാകുന്നത് നമ്മുടെ ഇടയിലെ ഭിന്നതകള്‍ മറന്ന് നാം ഒരുമിച്ചെങ്കില്‍ മാത്രമാണ്. ഭിന്നിപ്പുകള്‍ കണക്കിലെടുത്താന്‍ നാം യുദ്ധത്തിലാണ്. അതിനാല്‍ യേശു കര്‍ത്താവാണ് എന്നു പ്രഘോഷിക്കുന്ന എല്ലാവരും ഒത്തുചേര്‍ന്നുകൊണ്ട്, സുവിശേഷവത്ക്കരണ പാതയില്‍ നാം നീങ്ങുകയാണെങ്കില്‍ സമാധാനം സാദ്ധ്യമാണ്. നമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെന്നത് സത്യമാണ്. അനുരഞ്ജിതമായ ഒരും വൈരുധ്യം സാദ്ധ്യമാണ്! ഈ പ്രയോഗം മറക്കരുത്. The reconciled  diversity! അനുരഞ്ജിതമായ വൈരുധ്യം!

4. സെഹിയോന്‍ വേദിയിലെ കൂട്ടായ്മ    കരിസ്മാറ്റിക് പ്രസ്ഥാനം ഇന്ന് വളരെ വലിയ രാജ്യാന്തരകൂട്ടായ്മയാണ്. പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യത്തിനായും വരങ്ങള്‍ക്കായും വീണ്ടും പ്രാര്‍ത്ഥിക്കാനാണ് പെന്തക്കോസ്താ മഹോത്സവത്തിന്‍റെ തലേനാള്‍ ഈ ആഗോള കൂട്ടായ്മ ജാഗരം അനുഷ്ഠിച്ചു പ്രാര്‍ത്ഥിക്കുന്നത്.  ജരൂസലേമിലെ സെഹിയോന്‍ ശാലയില്‍ സമ്മേളിച്ച അപ്പസ്തോലന്മാരെപ്പോലെ, റോമിലെ ചരിത്രപുരാതനമായ വന്‍ ‘സെഹിയോണ്‍ വേദി’യാണിത് – ചീര്‍ക്കോ മാക്സിമോ സ്റ്റേഡിയം!  കര്‍ത്താവിന്‍റെ അരൂപിയാല്‍‍ നിറഞ്ഞ്, യേശു കര്‍ത്താവാണെന്ന് ഒത്തൊരുമിച്ചു പ്രഘോഷിക്കുന്ന അത്യപൂര്‍വ്വ വേദിയാണിത്. നമ്മുടെ നഗരങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും സമൂഹങ്ങളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും മടങ്ങിച്ചെന്ന് യേശു കര്‍ത്താവാണെന്ന ദൗത്യവും, ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും സന്ദേശവും പങ്കുവയ്ക്കാന്‍ ജാഗരാനുഷ്ഠാനം സഹായിക്കട്ടെ! 

5. ദൈവാത്മാവില്‍ യാഥാര്‍ത്ഥ്യമാകുന്ന കൂട്ടായ്മ   അപ്പസ്തോല  നടപടിപ്പുസ്തകം പ്രബോധിപ്പിക്കുന്നു. “പാര്‍ത്തിയക്കാരും മേദിയക്കാരും എലാമിയക്കാരും മെസെപ്പൊട്ടേമിയന്‍ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയില്‍ താമസിക്കുന്നവരും... ഫീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിയേനേയുടെ ലിപിയാ പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരും റോമില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരുമായ എല്ലാവരും, ദൈവത്തിന്‍റെ നാം വിവരിക്കുന്ന അത്ഭുതപ്രവൃത്തികള്‍ അവരുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ...!”  (നടപടി 2, 9-11). വിവിധ ഭാഷക്കാര്‍ അപ്പസ്തോലന്മാരെ ശ്രവിക്കുന്നു. എന്നിട്ട് അവര്‍ക്ക് തന്താങ്ങളുടെ ഭാഷയില്‍ അവരെ മനസ്സിലാക്കാന്‍ സാധിക്കുന്നു. വൈവിധ്യങ്ങള്‍ക്കെല്ലാം അതീതമായി ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ച് എല്ലാവര്‍ക്കും അവരവരുടെ ഭാഷകളില്‍ മാനസ്സിലാക്കിക്കൊടുക്കാനുള്ള സാദ്ധ്യതയുണ്ടാക്കിയത് പരിശുദ്ധാത്മാവാണ്.

6. കരിസ്മാറ്റിക് സഭൈക്യകൂട്ടായ്മ     ഇന്ന് ഇവിടെ ഈ വിസ്തൃതമായ മൈതാനിയില്‍ 130 രാജ്യക്കാരാണ് സമ്മേളിച്ചിരിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് സഭയില്‍ ആരംഭിച്ച അരൂപിയുടെ ചൈതന്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുന്ന കാത്തലിക് കരിസ്മാറ്റിക്ക് നവീകരകരണ പ്രസ്ഥാനത്തിന്‍റെ സുവര്‍ണ്ണജൂബിലിയുടെ നിറവിലാണ് ഈ പ്രാര്‍ത്ഥനാകൂട്ടായ്മ ചേര്‍ന്നിരിക്കുന്നത്. എന്നാല്‍, ഈ ജൂബിലിക്കൂട്ടായ്മ ഇന്നിവിടെ കത്തോലിക്കരുടെ കൂട്ടായ്മ മാത്രമല്ല. ഇതിന് ഒരു സഭൈക്യകൂട്ടായ്മയുടെ മാനവും സ്വഭാവവുമുണ്ട്. കാരണം പരിശുദ്ധാത്മാവ് – എവിടെയും എല്ലാ സഭകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരെയും നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നണ്ട്. ഐക്യം സൃഷ്ടിക്കുന്നതും വളര്‍ത്തുന്നതും ദൈവാത്മാവാണ്.

ദൈവാത്മാവില്‍ വളരുന്ന സഭൈക്യ കൂട്ടായ്മയെക്കുറിച്ചും, സഭകളുടെ ഐക്യത്തില്‍ അധിഷ്ഠിതമായ നവീകരണ പ്രസ്ഥാനത്തെക്കുറിച്ചും പ്രസ്ഥാനത്തിന്‍റെ ജൂബിലിനാളില്‍ നാം ധ്യാനിക്കേണ്ടതാണ്. ക്രിസ്തുവിനോടു വിശ്വസ്തനായി ജീവിക്കാനും അവിടുത്തെ സാക്ഷിയാകുവാനുമുള്ള ഭീതിയാണ് പലപ്പോഴും ദൈവാത്മാവിനോടു അടഞ്ഞമനസ്സു കാണിക്കാനും പിറകുതിരിയാനും നമ്മെ പ്രേരിപ്പിക്കുന്നത്. ക്രിസ്തുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പ്രഘോഷിച്ചത്, “നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി എന്ന് ലോകം മുഴുവനും അറിയട്ടെ!” (നടപടി 2, 36). ഇത് ഓരോ ക്രൈസ്തവന്‍റെയും വിശ്വാസപ്രഖ്യാപനമായി മാറണം. കുരിശില്‍ മരിച്ച ക്രിസ്തു ദൈവവും കര്‍ത്താവുമാണ്!

 7.  അരൂപിയുടെ പ്രചോദനങ്ങള്‍   “വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും, തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുക്കളും വിറ്റ് ഉള്ളത് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി പങ്കുവച്ചു. അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും, ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയ ലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ഒരുമിച്ചു ജീവിക്കുകയുംചെയ്തു. (നടപടി 2, 44-47). കര്‍ത്താവിന്‍റെ അരൂപി അവര്‍ക്ക് പ്രചോദനമായിരുന്നു.

നടപടി ഗ്രന്ഥം വിവരിക്കുന്ന, അപ്പസ്തോലന്‍ ഫിലിപ്പോസിനോട് കര്‍ത്താവിന്‍റെ ദൂതന്‍ കല്പിച്ച കാര്യവും എത്യോപ്യക്കാരന്‍റെ മാനസാന്തരവും ശ്രദ്ധേയമാണ്. ഗാസയിലേയ്ക്കുള്ള വഴിയില്‍ചെന്ന് വിജാതിയനായ എത്യോപ്യക്കാരനെ കാണാന്‍ അപ്പസ്തോലനെ പ്രേരിപ്പിച്ചത് അരൂപിയാണ്. തന്‍റെ രഥത്തിലിരുന്ന് ഏശയായുടെ ഗ്രന്ഥം വായിച്ചിരുന്ന മനുഷ്യന്‍റെ പക്കല്‍ അപ്പസ്തോലന്‍ ഫിലിപ്പോസ് ചെന്ന് വചനം വ്യാഖ്യാനിച്ചുകൊടുത്തതും,  ആ വാക്കുകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ക്രിസ്തുവിനെ വെളിപ്പെടുത്തിക്കൊടുത്തതും അരൂപിയുടെ പ്രേരണയായിരുന്നു. അങ്ങനെ വിജാതീയനായ എത്യോപ്യക്കാരന്‍ ക്രിസ്തുവിനെ അറിയുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു (നടപടി 8, 26-40). കര്‍ത്താവിന്‍റെ അരൂപിയാണ് യേശുവിനെ പ്രഘോഷിക്കാനും, അവിടുത്തേയ്ക്കു സാക്ഷ്യമേകാനും, അതിനാല്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നതെന്ന് ഈ സംഭവം പഠിപ്പിക്കുന്നു.

8.  ഇന്നിന്‍റെ വര്‍ദ്ധിച്ച രക്തസാക്ഷിത്വം    റോമന്‍ സാമ്രാജ്യകാലത്തെ കളിക്കളമായിരുന്നു നാം കരിസ്മാറ്റിക് ജാഗരാനുഷ്ഠാനം നടത്തുന്ന   ഈ സ്ഥാനം!. കാണികളുടെ സന്തോഷത്തിനായി ഇവിടെ ക്രൈസ്തവരെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്. രക്തസാക്ഷികളുടെ മണ്ണിലാണ് നാം സമ്മേളിച്ചിരിക്കുന്നത്. എന്നാല്‍ രക്തസാക്ഷികളുള്ള എണ്ണം ലോകത്തിന്ന് പൂര്‍വ്വോപരി വര്‍ദ്ധിച്ചുവരികയാണ്. കൊല്ലുന്നതിനുമുന്‍പ് നിങ്ങള്‍ ഓര്‍ത്തഡോക്സുകാരാണോ, പ്രോട്ടസ്റ്റന്‍റുകാരാണോ, കത്തോലിക്കരാണോ, എവാഞ്ചെലിക്കല്‍ സഭക്കാരാണോ, പെന്തക്കോസ്തക്കാരനാണോ എന്നൊന്നും പീഡിപ്പിക്കുന്നവര്‍ അല്ലെങ്കില്‍ കൊലയാളികള്‍ ചോദിക്കാറില്ല. ക്രൈസ്തവരായാല്‍ മതി, അവരെ പീഡിപ്പിക്കാനും കൊലചെയ്യാനും! അതിനാല്‍ ഇന്ന്  വിഭാഗീയതകള്‍ മറന്ന് ക്രൈസ്തവര്‍ ഒത്തൊരുമിച്ച് ജീവിക്കേണ്ടതും, കൂട്ടായ്മയില്‍ വളരേണ്ടതും ആവശ്യമാണ്.

ക്രൈസ്തവരായതിനാല്‍ കൊല്ലപ്പെടുന്ന ഇന്നിന്‍റെ രക്തസാക്ഷിത്വത്തില്‍  സഭകളുടെ കൂട്ടായ്മ അതിനാല്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ക്രിസ്തുവിലുള്ള രക്തസാക്ഷിത്വത്തില്‍ ക്രൈസ്തവര്‍ ഒന്നാണെങ്കില്‍, മറ്റു മേഖലകളിലും നമുക്ക് ഒരുമിക്കാം. ആയിരിക്കണക്കായ ഇന്നിന്‍റെ രക്തസാക്ഷികള്‍ നമ്മെ പരസ്പര സ്നേഹമുള്ളവരും, ക്രിസ്തുവില്‍ ഐക്യമുള്ളവരാക്കിത്തീര്‍ക്കട്ടെ! അതിനാല്‍ നാം പൂര്‍വ്വോപരി ഐക്യപ്പെട്ടിരിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. മാത്രമല്ല, നമ്മില്‍ എളിയവരെ, പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പരിത്യക്തരെയും സഹായിക്കാനും കൈപിടിച്ചുയര്‍ത്താനും ഈ കൂട്ടായ്മ നമുക്ക് കരുത്തേകണം. അങ്ങനെ കൂടുതല്‍ സ്നേഹമുള്ളവരായി ജീവിക്കാന്‍ കര്‍ത്താവിന്‍റെ അരൂപി നമ്മെ നയിക്കട്ടെ! നമുക്കൊരുമിച്ച് സുവിശേഷസാക്ഷ്യമേകാന്‍ സാധിക്കട്ടെ!.

9.  കൃപയുടെ നീരൊഴുക്കും അതിന്‍റെ ശുശ്രൂഷകരും     കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്‍റെ 50 വര്‍ഷക്കാലം അരൂപിയുടെ കൃപാസ്പര്‍ശമുള്ള നീരൊഴുക്കിന്‍റെ നീണ്ടകാലഘട്ടമായിരുന്നു. ഇത് കൃപയുടെ നീര്‍ച്ചാലാണ്. അതിനൊരു സ്ഥാപകനോ, നിയമങ്ങളോ, ഭരണസമിതിയോ ഒന്നുമില്ല. കൃപയുടെ നീരൊഴുക്കില്‍ പല മാനുഷിക പദ്ധതികളും ഘടകങ്ങളും കടന്നുകൂടിയിട്ടുണ്ട്, സംശയമില്ല. അരൂപിയുടെ പ്രേരണയാല്‍ വിവിധ സിദ്ധികളുള്ള സമൂഹങ്ങളാണ് നാം. ചലപ്പോള്‍ വ്യത്യാസമുള്ള പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തനരീതികളും നമ്മെ ഭിന്നിപ്പിക്കുന്നുണ്ടാകാം.  എന്നാല്‍, വൈവിധ്യങ്ങള്‍ക്കിടയിലും കൃപയുടെ നീര്‍ച്ചാല്‍ വരണ്ടുപോകുന്നില്ല, വറ്റിപ്പോകുന്നില്ല! അത് ഒഴുകുന്നു, സമൃദ്ധമായ് ഒഴുകുന്നു! കൃപയെ തടസ്സപ്പെടുത്താനോ, തടഞ്ഞുനിര്‍ത്താനോ സാദ്ധ്യമല്ല. നാം പലതും മറന്നുപോകുന്നു. നമ്മുടെ ഓര്‍മ്മയ്ക്കു മുകളില്‍ പൊടിപടലങ്ങള്‍ വന്നടിയുന്നു, കാലം നമ്മെ കീഴ്പ്പെടുത്തും... അപ്പോഴും, ആദിമ ക്രൈസ്തവരെപ്പോലെ ആത്മവിശ്വാസത്തോടെ ഉണരാം, നമ്മിലേയ്ക്കു കടന്നുവരാന്‍ അരൂപിയെ അനുവദിക്കാം, മാറ്റങ്ങള്‍ക്ക് തുറവും എളിമയുമുള്ളവരായിരിക്കാം.

സഭയുടെ പിറവിയായിരുന്നു ആദ്യ പെന്തക്കോസ്ത! ക്രിസ്തു വെളിപ്പെടുത്തിയ പിതാവിന്‍റെ വാഗ്ദാനമാണ് പരിശുദ്ധാത്മാവ്! ക്രിസ്തുവിന്‍റെ മണവാട്ടിയാണ് സഭാ. വെളിപാടിലെ വധുവാണവള്‍. കര്‍ത്താവിന്‍റെ വധുവാണ് സഭ. നാം എല്ലാവരും – എല്ലാ ക്രൈസ്തവരും ക്രിസ്തുവിലുള്ള നവജീവന്‍റെ അടയാളമായ മാമോദീസ സ്വീകരിച്ചിട്ടുള്ളവരുമാണ്! ഒപ്പം അവിടുത്തെ അരൂപി നമ്മെ അനുരഞ്ജനത്തിലേയ്ക്കും മാനസാന്തരത്തിലേയ്ക്കും വിളിക്കുന്നുണ്ട്. അതിനാല്‍ മാനസാന്തരത്തിന്‍റെ കണ്ണി എല്ലാ ക്രൈസ്തവ സമൂഹങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. നമ്മില്‍ ആരും യജമാനന്മാരല്ല, മറിച്ച് ദാസന്മാരാണ്, ശുശ്രൂഷകരാണ്. നമ്മള്‍ സകലരും കൃപയുടെ നീരുറവയെ ശുശ്രൂഷിക്കുന്ന ദാസന്മാരും ദാസിമാരുമാണ്.

10.  സ്തുതിപ്പ് – സഭയിലെ  ശ്രേഷ്ഠമായ പാരമ്പര്യം    ഇനി ദൈവസ്തുപ്പിനെക്കുറിച്ചു പറയുകയാണ്. സ്തുതിപ്പിന്‍റെ അനുഭവം സഭയുടെ ശക്തിയാണ്. ദൈവത്തിന്‍റെ കലവറയില്ലാത്ത നന്മകളോട് കാണിക്കുന്ന നന്ദിയുടെ പ്രകടനമാണ് സ്തുതിപ്പ്. ഇത് ബൈബിള്‍ പാരമ്പര്യത്തിലുള്ള പ്രാര്‍ത്ഥനാരീതിയാണ്. സങ്കീര്‍ത്തനങ്ങള്‍ മനോഹരമായ സ്തുതിപ്പുകളാണ്. ദാവീദു രാജാവ് കിന്നിരംമീട്ടി സങ്കീര്‍ത്തനം പാടി, നൃത്തം ചവിട്ടി കര്‍ത്താവിനെ സ്തുതിച്ചില്ലേ. ദൈവത്തെ സ്തുതിക്കുന്നതില്‍ നാം ഒരിക്കലും മടിക്കേണ്ട, ലജ്ജിക്കേണ്ട!  അരൂപിയുടെ ദാനമാണ് ആനന്ദം, സന്തോഷം. ക്രൈസ്തവജീവിതം സജീവമാകുന്നത് ക്രിസ്തുവിലുള്ള ആനന്ദത്തിലാണ്. ഈ ആനന്ദത്തിലാണ് നാം അവിടുത്തെ സുവിശേഷത്തിന്‍റെ പ്രഘോഷകരായി മാറുന്നത്.

11. സുവിശേഷം തരുന്ന സന്തോഷം   നസ്രത്തിലെ സിനഗോഗില്‍ ഏശയായുടെ ഗ്രന്ഥം തുറന്നു ക്രിസ്തു വായിച്ചു. “കര്‍ത്താവിന്‍റെ അരൂപി എന്നിലുണ്ട്. ദരിദ്രരോട് സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേചിച്ചിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും, അടിച്ചമര്‍ത്തപ്പെട്ടര്‍ക്ക് സ്വാതന്ത്ര്യവും, കര്‍ത്താവിനു സ്വീകാര്യമായ സമയവും പ്രഘോഷിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്ക 4, 18-19, ഏശയ 61, 1-2). ക്രൈസ്തവന്‍റെ ജീവിതത്തിന്‍റെ അടയാളമാണ് സുവിശേഷ സന്തോഷത്താല്‍ നിറഞ്ഞ ജീവിതം, The joy of living the Gospel!  ക്രിസ്തുവിലുള്ള ജ്ഞാനസ്നാനം നമ്മെ മാനുഷിക ബന്ധങ്ങളിലേയ്ക്കും പ്രവര്‍ത്തനങ്ങളിലേയ്ക്കും നയിക്കുന്നു, പ്രചോദിപ്പിക്കുന്നു. നമ്മെ സുവിശേഷ സന്തോഷംകൊണ്ടു നിറച്ച്, സഹോദരങ്ങളിലേയ്ക്ക് ഇറങ്ങി പുറപ്പെടാന്‍ ദൈവാരൂപി വിളിക്കുന്നു, ക്ഷമിക്കുന്നു.

12.  മനുഷ്യബന്ധിയായ സുവിശേഷചൈതന്യം     ക്രിസ്തുവിലുള്ള ജ്ഞാനസ്നാനവും, പ്രാര്‍ത്ഥനയുടെ സ്തുതിപ്പും, സഹോദരശുശ്രൂഷയും വിവിധ ക്രൈസ്തവസഭകളെ ഒന്നിപ്പിക്കുന്ന മൂന്നു പൊതുവായ ഘടകങ്ങളാണ്. അതിനാല്‍ കര്‍ത്താവിനെ സ്തുതിക്കുന്നവര്‍ ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളെ സഹായിക്കും. കൂട്ടായ്മയില്‍ ജീവിച്ചതിനാല്‍ അവരുടെ ഇടയില്‍ ഒന്നിനും കുറവുണ്ടായിരുന്നില്ല. (നടപടി 4, 34). സ്തുതിപ്പിന്‍റെ എണ്ണം നോക്കിയല്ല കര്‍ത്താവു നമ്മെ വിധിക്കുന്നത്, മറിച്ച് എളിയവര്‍ക്കായി എന്തു ചെയ്തു, എന്നതിനെ അടിസ്ഥാനമാക്കിയാണ്.  “എന്‍റെ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്”   (മത്തായി 25, 39-40).

13.  ജൂബിലിയുടെ  നവീകരണകാലം   വിചിന്തനത്തിന്‍റെയും നവീകരണത്തിന്‍റെയും സമയമാണ് ജൂബിലി. മനുഷ്യരിലേയ്ക്ക്... സഹോദരങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ട സമയമാണ്. ഇത് സ്വീകാര്യമായ ദൈവിക സമയമാണ്. നമ്മുടെ തുടക്കവും വേരുകളും മറക്കാതിരിക്കാം. സ്വാര്‍ത്ഥമായ രീതികളും വ്യക്തിതാല്പര്യങ്ങളും മെല്ലെ ഉപേക്ഷിക്കാം. ക്രിസ്തുവിലും അവിടുത്തെ അരൂപിയിലും നമുക്ക് നവീകൃതരാകാം. സന്തോഷപൂര്‍ണ്ണമായ തുറവും, കേള്‍ക്കാനുള്ള സന്നദ്ധതയും അരൂപീയുടെ നിറസാന്നിദ്ധ്യമാണ്. നമ്മില്‍ വസിക്കുന്ന ദൈവാത്മാവിന്‍റെ അടയാളമാണ് ഐക്യം. വെളിപാടു ഗ്രന്ഥത്തില്‍ വായിക്കുന്ന, സിംഹാസനസ്ഥനായ കര്‍ത്താവിന്‍റെ വചനമാണ്, “ഞാന്‍ സകലതും നവീകരിക്കും…!” (വെളി. 21, 5). കത്തോലിക്കാ സഭയിലെ (Catholic Charismatic Renewal Movement and Catholic Fraternity)  നവീകരണ പ്രസ്ഥാനങ്ങളുടെ ചേരിതിരിവുകള്‍ അരൂപിയില്‍ ഐക്യപ്പെടുകയും നവീകരിക്കപ്പെടുകയും വേണം. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. അതിനായി മുന്നോട്ടുവച്ചിട്ടുള്ള അഭ്യര്‍ത്ഥന പൊതുവേദിയില്‍ പാപ്പാ അനുസ്മരിപ്പിച്ചു.

ആഗോള കരിസ്മാറ്റിക്ക് കൂട്ടായ്മ സഭയ്ക്കു നല്കുന്ന സേവനം വലുതാണ്. കര്‍ത്താവിന്‍റെ അരൂപിയാല്‍ നിറഞ്ഞ് നിങ്ങള്‍ ഓരോരുത്തരും വചനത്തോടു കാണിക്കുന്ന വിശ്വസ്തതയും, ശുശ്രൂഷാ മനോഭാവവും, ജീവിതസാക്ഷ്യവും ശ്രേഷ്ഠമാണ്. കൃപയുടെ ഉറവയായ പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ!

Translated from the original reflections of Pope Francis in Italian.








All the contents on this site are copyrighted ©.