2017-06-06 12:34:00

സുഖസൗകര്യങ്ങള്‍ വിട്ടു പുറത്തേക്കിറങ്ങി സുവിശേഷവെളിച്ചമേകുക


സുവിശേഷത്തിന് രൂപാന്തരപ്പെടുത്താനുള്ള  ശക്തിയാണ് സഭയുടെ ദൗത്യത്തിന്‍റെ അടിസ്ഥാനമെന്ന് മാര്‍പ്പാപ്പാ.

ഒക്ടോബര്‍ 22 ന് ആചരിക്കപ്പെടുന്ന ലോക മിഷന്‍ ദിനത്തിനായി പന്തക്കുസ്താതിരുന്നാള്‍ ദിനത്തില്‍, അതായത്, ഇക്കഴിഞ്ഞ ഞായറാഴ്ച(04/06/17) നല്കിയ തന്‍റെ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

"പ്രേഷിത ദൗത്യം ക്രൈസ്തവ വിശ്വാസത്തിന്‍റെ ഹൃദയസ്ഥാനത്ത്" എന്നതാണ് ഒക്ടോബര്‍ 22 ന് ആചരിക്കപ്പെടുന്ന ഈ മിഷന്‍ ദിനത്തിന്‍റെ വിചിന്തനപ്രമേയം.

നവജീവന്‍ ഉള്‍ക്കൊള്ളുന്നതും പ്രദാനം ചെയ്യുന്നതുമായ സുവിശേഷം സാംക്രമികമായ ആനന്ദം സംവഹിക്കുന്നുവെന്നും പാപ്പാ പറയുന്നു.

തന്‍റെ മക്കളുടെ അസ്തിത്വപരമായ ഒരു രൂപാന്തരീകരണം, സത്യത്തിലും ആത്മാവിലുമുള്ള ആരാധനയില്‍ ആവിഷ്കൃതമാകുന്ന ഒരു  രൂപാന്തരീകരണം ദൈവം ആഗ്രഹിക്കുന്നുവെന്ന് പാപ്പാ തന്‍റെ സന്ദേശത്തില്‍ വിശദീകരിക്കുന്നു.

മതപരമായ ഒരാശയം പ്രചരിപ്പിക്കുകയോ അതിശ്രേഷ്ഠമായ ഒരു ധാര്‍മ്മികത നിര്‍ദ്ദേശിക്കുകയോ അല്ല സഭയുടെ ദൗത്യമെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ ക്രൈസ്തവനായിരിക്കുക എന്നതിന്‍റെ തുടക്കത്തില്‍ കാണുക ഒരു ധാര്‍മ്മിക തീരുമാനമൊ ഒരു മഹത്തായ ആശയമൊ അല്ല മറിച്ച്, പുത്തന്‍ ചക്രവാളത്തിന് ജീവന്‍ പകരുന്ന ഒരു ആളുമായുളള, ഒരു സംഭവുമായുള്ള സമാഗമം ആണ് എന്ന് പ്രസ്താവിക്കുന്നു.

സുവിശേഷം ഒരു വ്യക്തിയാണെന്നും, ആ വ്യക്തി നിരന്തരം സമര്‍പ്പണം ചെയ്യകുകയും എളിയതും പ്രവര്‍ത്തന നിരതവുമായ വിശ്വാത്തോടുകൂടി തന്നെ സ്വികരിക്കുന്നവരെ തന്‍റെ ജീവന്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ അനവരതം ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് തന്‍റെ സന്ദേശത്തില്‍ പാപ്പാ പഠിപ്പിക്കുന്നു.

സ്വന്തം സുഖസൗകര്യങ്ങള്‍ വിട്ടു പുറത്തേക്കിറങ്ങുകയും സുവിശേഷവെളിച്ചം ആവശ്യമുള്ള എല്ലാ അതിരുകളിലും എത്തിച്ചേരാനുള്ള ധൈര്യം ഉള്ളവരായിരിക്കുകയും ചെയ്യുകയെന്ന നൈരന്തര്യ പുറപ്പാടിന്‍റെതായൊരു ആദ്ധ്യാത്മികതയാല്‍ നയിക്കപ്പെടുന്നതാണ് സഭയുടെ ദൗത്യമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

സഭയുടെ ദൗത്യനിര്‍വ്വഹണത്തില്‍ പൊന്തിഫിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാധാന്യവും ചൂണ്ടിക്കാട്ടുന്ന പാപ്പാ   സ്വന്തം അതിരുകള്‍ക്കും സുരക്ഷിതത്വങ്ങള്‍ക്കും  പുറത്തുകടന്ന് സുവിശേഷം എല്ലാവരിലും എത്തിക്കാനുള്ള ഒരഭിവാഞ്ഛ ക്രൈസ്തവസമൂഹങ്ങളില്‍ ഉളവാക്കാന്‍ പര്യാപ്തമായ വിലയേറിയ ഉപകരണങ്ങളാണ് അവയെന്ന് പാപ്പാ അനുസ്മരിക്കുന്നു.

     








All the contents on this site are copyrighted ©.