2017-06-06 18:10:00

ദൈവികൈക്യത്തില്‍ മെനഞ്ഞെടുക്കേണ്ട സമര്‍പ്പണജീവിതങ്ങള്‍


 കൊണ്‍സലാത്താ മിഷണറിമാരുടെ സന്ന്യാസസമൂഹത്തിന് (to the General Chapter of Consolata Missionaries)  ജൂണ്‍ 5-ന്  വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ്  നല്കിയ പ്രഭാഷണത്തില്‍നിന്ന്...

നവവും കാലികവുമായ സുവിശേഷവത്ക്കരണ ശൈലി ദൈവുമായുള്ള ഐക്യത്തില്‍ മെനഞ്ഞെടുക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. സന്ന്യാസജീവിതങ്ങള്‍ ആഴമായ ദൈവികൈക്യത്തില്‍ മെനഞ്ഞെടുക്കപ്പെടണം. കാരണം, മനുഷ്യര്‍ ദൈവത്തെ സ്നേഹിക്കുന്നതിനെക്കാള്‍ എത്രയധികമായി ദൈവം മനുഷ്യരെ സ്നേഹിക്കുന്നു.  ഈ അടിസ്ഥാന കാഴ്ചപ്പാടാണ് ദൈവവിളികള്‍ക്ക് ആധാരം.

സൗജന്യമായും നിരുപാധീകമായും ദൈവം എളിയ മനുഷ്യരോടു കാണിക്കുന്ന കാരുണ്യമാണ് പ്രേഷിത സമര്‍പ്പണത്തിന്‍റെ ബലതന്ത്രം. ദൈവിക കാരുണ്യത്തോടുള്ള പ്രത്യുത്തരമായിരിക്കണം ദൈവവിളിയും പ്രേഷിതസമര്‍പ്പണവും. ഈ അവബോധം അനുദിനജീവിതത്തില്‍ ഉണ്ടെങ്കില്‍ സന്ന്യസ്തരുടെ സുവിശേഷ ജീവിതദൗത്യം ദൈവികകാരുണ്യത്തിന്‍റെ സമൃദ്ധമായ പ്രഘോഷണമായി മാറും. പാപ്പാ ഉദ്ബോധിപ്പിച്ചു.

സമര്‍പ്പിതരുടെ അനുസ്യൂതവും പതറാത്തതും നിരന്തരവുമായ അന്വേഷണവും, അതിലൂടെ എത്തിച്ചേരുന്ന ദൈവിക കാരുണ്യത്തിന്‍റെ കണ്ടുപിടുത്തവുമാകണം പ്രേഷിതജീവിതം. അങ്ങനെ മാത്രമേ, സമര്‍പ്പണജീവിതം ക്രിസ്ത്വാനുകരണമാവുകയുള്ളൂ! ക്രിസ്തുവിനെ വിശ്വസ്തതയോടെ അനുകരിക്കുന്നതുവഴി ലഭിക്കുന്ന പുണ്യങ്ങള്‍കൊണ്ട് സമര്‍പ്പിതരുടെ മാനവികത നിറഞ്ഞ്, അത് ലോകത്തിന് സുവിശേഷസാക്ഷ്യമായി മാറേണ്ടതാണ്. കൊണ്‍സൊലാത്താ മിഷണറിമാരുടെ – സ്ത്രീകളുടെയും പുരുഷന്മാരുടെയും കൂട്ടായ്മയോട് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.  (Just an extract from the discourse of the Holy Father…)

സമാശ്വാസനാഥയുടെ നാമത്തിലുള്ള  കൊണ്‍സലാത്താ മിഷണറിമാരുടെ സമൂഹത്തിന്‍റെ (General Chapter of Consolata Missionaries)  പൊതുസഖ്യത്തെ ജൂണ്‍ 5-Ɔ൦ തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിക്കവെയാണ് പാപ്പാ ഈ ചിന്തകള്‍ പങ്കുവച്ചത്.  വാഴ്ത്തപ്പെട്ട ജോസഫ് അലമാനോ 1906-ല്‍ ഇറ്റലിയില്‍ തുടക്കമിട്ടതാണ് സമാശ്വാസനാഥയുടെ മദ്ധ്യസ്ഥതയിലുള്ള മിഷണറിമാരുടെ സഭ. 








All the contents on this site are copyrighted ©.