2017-06-02 12:56:00

സൃഷ്ടിയുടെ കാവല്‍ക്കാരാകുക: സര്‍വ്വരുടെയും വിളി


ദൈവം സൃഷ്ടിച്ചവയുടെ കാവല്‍ക്കാരായിരിക്കാന്‍ ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കുമുള്ള വിളി ഐച്ഛികമൊ അപ്രധാനമൊ അല്ല, പ്രത്യുത, സത്താപരമാണെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി.

ഇസ്ലാം പുണ്യമാസമായ “റംസാന്‍റെ” അഥവാ “റമദാന്‍റെ” സമാപനമായ ഈദ് അല്‍ ഫിത്തര്‍ ആഘോഷം ജൂണ്‍ 25 നാകയാല്‍, ആ ആഘോഷം മുന്നില്‍ക്കണ്ടുകൊണ്ട് ഈ പൊന്തിഫിക്കല്‍ സമിതി, പതിവുപോലെ, ഇക്കൊല്ലവും ഇസ്ലാം സഹോദരങ്ങള്‍ക്കായി നല്കിയ സന്ദേശത്തിലാണ് ഈ കടമ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഫ്രാന്‍സീസ് പാപ്പാ “ലൗ ദാത്തൊ സീ” അഥവാ, “അങ്ങേയ്ക്കു സ്തുതി” എന്ന ശീര്‍ഷകത്തില്‍ പുറപ്പെടുവിച്ച ചാക്രികലേഖനത്തിലെ ആശയങ്ങളിലൂന്നിയ ഈ സന്ദേശം നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുകയെന്നത് നരകുലം മുഴുവന്‍റെയും ഉത്തരവാദിത്വമാണെന്ന പാപ്പായുടെ ഓര്‍മ്മപ്പെടുത്തല്‍ ആവര്‍ത്തിക്കുന്നു.

നരകുലത്തിന് പ്രകൃതിയോടുള്ള ബന്ധത്തിന് ഭീഷണിയായി നില്ക്കുന്ന ചില തത്ത്വശാസ്ത്ര-മത-സാസ്കാരികവീക്ഷണങ്ങള്‍ ഉണ്ടെന്ന വ്സ്തുതയെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി മതപരമായ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നുണ്ടോ ഇല്ലയോ എന്ന വസ്തുതയ്ക്കതീതമായി  ഒത്തൊരുമിച്ച് യത്നിക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നതാണ് ഈ വെല്ലുവിളിയെന്ന് ഓര്‍മ്മിപ്പിക്കുന്നു.

പാരിസ്ഥിതിക പ്രതിസന്ധി അഗാധമായ ആന്തരികമാറ്റത്തിനുള്ള ക്ഷണമാണെന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ആവര്‍ത്തിക്കുന്ന ഈ സന്ദേശം ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടുന്നതിന് വിദ്യഭ്യാസവും ആദ്ധ്യാത്മികമായ ഒരു തുറവും, ആഗോള ആവാസവ്യവസ്ഥാമാറ്റവും ആവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുന്നു.    

     








All the contents on this site are copyrighted ©.