2017-06-01 19:37:00

വിശ്വാസം പ്രത്യയശാസ്ത്രമല്ല ജീവിക്കേണ്ട ആത്മീയബോധ്യമാണ്!


പ്രത്യയശാസ്ത്രപരമല്ല വിശ്വാസം, പീഡനങ്ങളിലും ജീവിക്കേണ്ട ആത്മീയബോധ്യമാണത്.

ജൂണ്‍ 1-Ɔ൦ തിയതി വ്യാഴാഴ്ച രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍റെ അനുസ്മരണത്തില്‍ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ ദിവ്യപൂജയര്‍പ്പിക്കവെ പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു.

പീഡനങ്ങള്‍ ഉണ്ടായിരുന്ന സമയത്തും വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ക്രിസ്തുവിന്‍റെ സാക്ഷിയായി ധൈര്യത്തോടെ ജീവിച്ചു. ആദ്യവായന, അപ്പസ്തോല നടപടിപ്പുസ്തക ഭാഗത്തെ ആധാരമാക്കി പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു (നടപടി 22.30, 23, 6-11). വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ജീവിച്ച ക്രിസ്തുസാക്ഷ്യത്തിന്‍റെ മൂന്നു പ്രത്യേക തലങ്ങള്‍ പാപ്പാ ചൂണ്ടിക്കാട്ടി.

1. നിലയ്ക്കാത്ത പ്രേഷിതപ്രയാണം   ആദ്യമായി, ക്രിസ്തുവിനായുള്ള തീക്ഷ്ണതയാല്‍ നിറഞ്ഞ് അപ്പസ്തോലന്‍ എപ്പോഴും മുന്നോട്ടുതന്നെ നീങ്ങി. നീണ്ടയാത്രകള്‍ നടത്തി. അക്ഷീണമായി സുവിശേഷം പ്രഘോഷിച്ചു. പ്രസംഗിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മറ്റു ജോലികളില്‍ വ്യാപൃതനായി. ക്രിസ്തുവിനെ പ്രഘോഷിക്കുക ശ്ലീഹായുടെ ആവേശമായിരുന്നു. അദ്ദേഹം ക്രിസ്തുവിനോടുള്ള പ്രേഷിത തീക്ഷ്ണതയാല്‍ കത്തിയെരിഞ്ഞു. 

2. പീഡകളിലും പതറാത്ത വിശ്വാസം   രണ്ടാമതായി, പീഡനങ്ങളിലും പരിശുദ്ധാത്മാവിന്‍റെ പ്രേരണയ്ക്കൊത്ത് തന്ത്രപൂര്‍വ്വം പെരുമാറി. സയുക്തം സംവദിച്ചു, വേണ്ടിവന്നപ്പോള്‍ വാദിച്ചു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു എന്ന കാരണത്താല്‍ യഹൂദര്‍ ശ്ലീഹായ്ക്കെതിരെ കേസുകൊടുത്തി. തന്‍റെ യഹൂദപൗരത്വം ഉപയോഗിച്ചും, തന്‍റെ മതപരമായ ഫരീസേയ നിലപാടുവെളിപ്പെടുത്തിയും അദ്ദേഹം ന്യായപീഠവുമായും തര്‍ക്കിച്ചു. ക്രിസ്തുവിലുള്ള തന്‍റെ നിലപാടു വ്യക്തമാക്കിയപ്പോള്‍, ഇയാളില്‍ കുറ്റുമൊന്നും കാണാനില്ലെന്നു പറഞ്ഞ് ന്യായപീഠങ്ങള്‍ പൗലോസിനെ വിട്ടയച്ചു.

3. പ്രാര്‍ത്ഥനയുടെ കരുത്ത്   മൂന്നമതായി, ക്രിസ്തുവുമായുള്ള ഗാഢമായ ബന്ധം പൗലോസിന്‍റെ പതറാത്ത ആത്മീയതയ്ക്കു കരുത്തേകി. ഒരു യോഗാത്മക ആത്മീയബന്ധവും നിഗൂഢമായ ക്രിസ്ത്വാനുഭവമാണ് പൗലോശ്ലീഹായ്ക്ക് ഉണ്ടായിരുന്നതെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഡമാസ്ക്കസില്‍വച്ച് ക്രിസ്തുവുമായുണ്ടായ ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം അപ്പസ്തോലന്‍ അവിടുന്നുമായി എന്നും ഐക്യപ്പെട്ടു ജീവിച്ചു. അങ്ങനെ തന്‍റെ ജീവിതത്തില്‍ ക്രിസ്തുവുമായുള്ള അനുദിന കൂടിക്കാഴ്ചയ്ക്കായും, ക്രിസ്ത്വാനുഭവത്തിനുമായി പൗലോസ്ലീഹ പ്രാര്‍ത്ഥനയുടെ മനുഷ്യനായി മാറി. പാപ്പാ വിശദീകരിച്ചു.

ഭൗമികമായ പീഡനങ്ങളിലും പ്രലോഭനങ്ങളിലും ശ്ലീഹാ അകപ്പെട്ടപ്പോള്‍, ക്രിസ്തുവുമായി പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ടു ജീവിച്ചു. അവിടുന്നില്‍ സമാശ്വാസം കണ്ടെത്തി. പൗലോശ്ലീഹായുടെ ഈ മൂന്നു നയങ്ങളും – പതറാത്ത പ്രേഷിത തീക്ഷ്ണത, അരൂപിയുടെ ശക്തിയാല്‍ പീഡനങ്ങളെ ചെറുക്കാനുള്ള കഴിവ്, പ്രാര്‍ത്ഥനയില്‍ ക്രിസ്തുവുമായുള്ള കൂട്ടായ്മ! ഈ പുണ്യങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.  








All the contents on this site are copyrighted ©.