2017-05-31 12:26:00

ആവശ്യത്തിലിരിക്കുന്നവര്‍ക്ക് സമാശ്വാസകരാകുക നമ്മള്‍-പാപ്പാ


വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ സംബന്ധിക്കുന്നതിന് ഭാരതമുള്‍പ്പടെയുള്ള വിവധരാജ്യങ്ങളില്‍ നിന്ന് കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്‍റെ അമ്പതാം സ്ഥാപന വാര്‍ഷികത്തോടനുബന്ധിച്ച് റോമില്‍ നടക്കുന്ന പഞ്ചദിനാഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതിനെത്തിയിരിക്കുന്ന ആയിരക്കണക്കിനംഗങ്ങളുള്‍പ്പടെ അനേകായിരം തീര്‍ത്ഥാടകരും സന്ദര്‍ശകരും പ്രഭാതസൂര്യകിരണങ്ങളാല്‍ പ്രശോഭിതമായിരുന്ന വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു മെയ്മാസത്തിലെ അവസാനദിനമായിരുന്ന ഈ ബുധനാഴ്ച (31/05/17). പൊതുദര്‍ശനപരിപാടിയുടെ വേദിയായിരുന്ന ചത്വരത്തിലേക്ക് വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ആഗതനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു. അള്‍ത്താരശുശ്രൂഷകരുടെ വേഷമണിഞ്ഞു നില്പുണ്ടായിരുന്ന കുട്ടികളില്‍ നിന്ന്  3 ബാലന്മാരെയും 2 ബാലികാമരെയും വാഹനത്തിലേറ്റി ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. ഇടയ്ക്കുവച്ച് ഒരാള്‍ നല്കിയ അര്‍ജന്തീനയുടെ തനിമയാര്‍ന്ന ഒരു പാനീയം പാപ്പാ അല്പമൊന്നു രുചിച്ചുനോക്കി സംതൃപ്തി പ്രകടിച്ചു. തീര്‍ത്ഥാടകരില്‍ ഒരാള്‍ സമ്മാനിച്ച വെളുത്ത പുഷ്പമഞ്ജരിയും പാപ്പാ സ്വീകരിച്ചു. മന്ദസ്മിതത്താലും ആംഗ്യങ്ങളാലും ചിലപ്പോള്‍ വാക്കുകളാലും ജനങ്ങളുമായി സംവദിച്ച പാപ്പാ പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ ബാലികബാലന്മാര്‍ക്ക് പിന്നാലെ   അതില്‍നിന്ന് ഇറങ്ങി. അവിടെ നിന്നിരുന്നവരെ അഭിവാദ്യം ചെയ്ത പാപ്പാ ഒരു കിടക്കയില്‍ അവിടെ എത്തിച്ചിരുന്ന ചലനശേഷി നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ തൊട്ടു പ്രാര്‍ത്ഥിക്കുകയും അവളുടെ കരങ്ങള്‍ക്കിടയില്‍ ഒരു ജപമാല വച്ചുകൊടുക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

“എന്‍റെ സഹോദരരേ, പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ  ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ. സഹോദരരേ, നിങ്ങള്‍ നന്മയാല്‍ പൂരിതരും എല്ലാ അറിവും തികഞ്ഞവരും പരസ്പരം തിരുത്താന്‍ കഴിവുള്ളവരുമാണെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല” (പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനം 15,13-14)

ഈ വായനയ്ക്കു ശേഷം പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. “പരിശുദ്ധാരൂപി നമ്മെ പ്രത്യാശയാല്‍ നിറയ്ക്കുന്നു” എന്ന് പാപ്പാ വിശദീകരിച്ചു തന്‍റെ പ്രഭാഷണത്തില്‍

 പ്രഭാഷണസംഗ്രഹം:

പന്തക്കുസ്താതിരുന്നാള്‍ ആസന്നമായിരിക്കുന്ന ഒരു വേളയില്‍ ക്രൈസ്തവ പ്രത്യാശയും പരിശുദ്ധാരൂപിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയാതിരിക്കാനാകില്ല. നമ്മെ മുന്നോട്ടു തള്ളുന്ന കാറ്റാണ് പരിശുദ്ധാത്മാവ്. അവിടന്ന് നമ്മെ യാത്രചെയ്യുന്നവരായി നിലനിറുത്തുകയും നാം തീര്‍ത്ഥാടകരും പരദേശികളുമാണ് എന്ന അവബോധം ജനിപ്പിക്കുകയും മന്ദതയിലും അലസതയിലും നാം നിപതിക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നു.

ഹെബ്രായര്‍ക്കുള്ള ലേഖനം പ്രത്യാശയെ ഒരു നങ്കൂരത്തോടു ഉപമിക്കുന്നു. ഈ സാദൃശ്യത്തോടു നമുക്കു കപ്പല്‍പ്പായുടെ ചിത്രവും ചേര്‍ത്തു വയ്ക്കാം. നങ്കൂരം കപ്പലിന് സുരക്ഷ പ്രദാനം ചെയ്യുകയും കടലിലെ തിരമാലകള്‍ക്കിടയില്‍ ഉറപ്പിച്ചു നറുത്തുകയും ചെയ്യുന്നുവെങ്കില്‍ അതിനെ ചലിപ്പിക്കുന്നത്, ജലത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നത് കപ്പല്‍പ്പായാണ്. പ്രത്യാശ ഒരു കപ്പല്‍പ്പായ പോലെയാണ്. അത് പരിശുദ്ധാരൂപി വീശുന്ന കാറ്റിനെ പിടിച്ചെടുക്കുകയും , കടലിലാണൊ, തീരത്താണൊ എന്നതിനനുസൃതം, അതിനെ, ചലനോര്‍ജ്ജമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.

പൗലോസപ്പസ്തോലന്‍ റോമാക്കാര്‍ക്കുള്ള ലേഖനം അവസാനിപ്പിക്കുന്നത് ഈ ആശംസയോടെയാണ്. ഇതു നിങ്ങള്‍ നല്ലവണ്ണം ശ്രവിക്കുക, അതായത്, “പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ  ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ”.(15,13)

പ്രത്യാശയുടെ ദൈവം എന്ന പദംകൊണ്ട് ദൈവം നമ്മുടെ പ്രത്യാശയുടെ വിഷയമാണ്, അതായത് നിത്യജീവിതത്തില്‍ ഒരു നാള്‍ നാം അവിടുന്നില്‍ എത്തിച്ചേരുമെന്ന് പ്രത്യാശിക്കുന്നു, എന്നു മാത്രമല്ല നമ്മെ ഇപ്പോള്‍ത്തന്നെ പ്രത്യാശയുള്ളവരാക്കിത്തീര്‍ക്കുന്നത് ദൈവമാണ്,അതിലുപരി, അവിടന്നു നമ്മെ പ്രത്യാശയില്‍ ആനന്ദിപ്പിക്കുന്നു എന്നും അര്‍ത്ഥമാക്കുന്നു. പ്രത്യാശിക്കുന്നതില്‍ ആനന്ദിക്കാലാണത്, അല്ലാതെ, ആനന്ദമുണ്ടാകുന്നതിനായി പ്രത്യാശിക്കലല്ല.

പ്രത്യാശയില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ നമ്മെ പ്രാപ്തരാക്കാന്‍ പരിശുദ്ധാരൂപിക്ക് കഴിയുമെന്ന് വിശുദ്ധ പൗലോസ് പറയുന്നു.  പ്രത്യാശയില്‍ അഭിവൃദ്ധി പ്രാപിക്കുകയെന്നാല്‍ ഒരിക്കലും നിരാശരാകാതിരിക്കുകയെന്നാണര്‍ത്ഥം; പ്രതീക്ഷയ്ക്ക് വകയില്ലാത്തപ്പോഴും പ്രത്യാശിക്കുക എന്നാണര്‍ത്ഥം.

നാം ദൈവത്തിന്‍റെ മക്കളും അവിടത്തെ അവകാശികളുമാണെന്നതിനുള്ള ആന്തരികസാക്ഷ്യമേകിക്കൊണ്ട് പരിശുദ്ധാരൂപി ഈ പ്രത്യാശയെ അജയ്യമാക്കിത്തീര്‍ക്കുന്നു. “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു” (വി.പൗലോസ്, റോമാക്കാര്‍ക്കുള്ള ലേഖനം 5,5). നമ്മുടെ ഉള്ളിലിരുന്ന് പരിശുദ്ധാത്മാവ് നമ്മെ മുന്നോട്ടു തള്ളുന്നു. എന്നും മുന്നോട്ടാണ്. ആയതിനാല്‍ പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.

അതിലുപരി, പരിശുദ്ധാരൂപി നമ്മെ പ്രത്യാശിക്കാന്‍ പ്രാപ്തരാക്കുന്നു എന്നു മാത്രമല്ല നമ്മെ പ്രത്യാശയുടെ വിതക്കാരാക്കി മാറ്റുകയും ചെയ്യുന്നു. തിക്തതയും അസ്വസ്ഥതയും ഒരു ക്രൈസ്തവന്‍ വിതയ്ക്കുകയാണെങ്കില്‍ അത് ക്രൈസ്തവനടുത്ത പ്രവൃത്തിയല്ല. അങ്ങനെ ചെയ്യുന്നവന്‍ ക്രൈസ്തവനല്ല. പ്രത്യാശ വിതയ്ക്കുക, പ്രത്യാശയുടെ തൈലം ഒഴിക്കുക, പ്രത്യാശയുടെ പരിമളം പരത്തുക. കയ്പ്പിന്‍റെയും നിരാശയുടെയും വിനാഗിരിയല്ല പകരേണ്ടത്.

ഇന്ന് ആരെങ്കിലും തങ്ങള്‍ക്കുവേണ്ടി  “പരാക്ലീത്ത”, സമാശ്വാസകന്‍ ആകണമെന്ന ആവശ്യമുള്ളവരാണ് സര്‍വ്വോപരി പാവപ്പെട്ടവരും പരിത്യക്തരും, സ്നേഹം നിഷേധിക്കപ്പെട്ടവരുമൊക്കെ. കൂടുതല്‍ ആവശ്യത്തിലിരിക്കുന്നവര്‍ക്ക്  വലിച്ചെറിയപ്പെടുന്നവര്‍ക്ക്, കൂടുതല്‍ കേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നമ്മള്‍ സാന്ത്വനദായകരാകണം, അവരുടെ വക്താക്കളാകണം. പരിശുദ്ധാരൂപി മാനവഹൃദയങ്ങളില്‍ മാത്രമല്ല അഖിലസൃഷ്ടിയിലും പ്രത്യാശ വളര്‍ത്തുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ, സഭയുടെ ജന്മദിനമായ ഈ വരുന്ന പന്തക്കൂസ്ത നമ്മെ യേശുവിന്‍റെയും നമ്മുടെയും അമ്മയായ മറിയത്തോടുകൂടെ പ്രാര്‍ത്ഥനയില്‍ ഐക്യമുള്ളവരായി കാണട്ടെ. പരിശുദ്ധാത്മാവിന്‍റെ ദാനം നമ്മെ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരാക്കിത്തീര്‍ക്കട്ടെ. അതിലുപരിയായി ഞാന്‍ പറയുക, കൂടുതല്‍ ആവശ്യത്തിലിരിക്കുന്നവരും പുറന്തള്ളപ്പെട്ടവരുമൊത്ത് പ്രത്യാശ സമൃദ്ധമായി പങ്കുവയ്ക്കാന്‍ പരിശുദ്ധാരൂപി നമ്മെ പ്രാപ്തരാക്കട്ടെയെന്നാണ്. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്‍റെ അമ്പതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് എത്തിയിരുന്നവരെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ദൈവന്വേഷണത്തിനും ദൈവസ്നേഹത്തിനും പ്രാഥമ്യം കല്പിക്കാന്‍ യുവതയ്ക്ക് പ്രചോദനം പകര്‍ന്നു. പരാക്ലിത്ത, സമാശ്വാസകന്‍ രോഗികള്‍ക്ക് സാന്ത്വനമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. ദാമ്പത്യ ഐക്യം അനുദിനം കൂടുതല്‍ സുദൃഢവും അഗാധവും ആയിത്തീരുന്നതിനുള്ള അനുഗ്രഹം പരിശുദ്ധാരൂപി നവദമ്പതികള്‍ക്ക് പ്രദാനം ചെയ്യുന്നതിനായി പാപ്പാ പ്രാര്‍ത്ഥിച്ചു.

തുടര്‍ന്ന് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.