2017-05-31 19:42:00

അപ്പരെസീദയില്‍ പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ട അജപാലനഭാഷ്യം


അപ്പരെസീദയില്‍ മെനഞ്ഞെടുത്തതാണ് അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലനഭാഷ്യവും പ്രേഷിതശൈലിയുമെന്ന് ലാറ്റിനമേരിക്കന്‍ ചിന്തകന്‍, പ്രഫസര്‍ ഗുസ്മാന്‍ ക്യാരിക്കുറി അഭിപ്രായപ്പെട്ടു.

ബ്രസീലിലെ അപ്പരെസീദയിലായിരുന്നു 2007-ല്‍ ലാറ്റിനമേരിക്കന്‍-കരീബിയന്‍ മെത്രാന്‍ സംഘത്തിന്‍റെ 5-Ɔമത് പൊതുസമ്മേളനം സംഗമിച്ചത്. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയും, അതു പ്രചോദനമേകുന്ന ഇറങ്ങി പുറപ്പെടാനുള്ള പ്രേഷിതദൗത്യവും അന്ന് ബ്യുനസ് ഐരസിന്‍റെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ഹോര്‍ഹെ ബര്‍ഗോളിയോയുടെ നേതൃത്വത്തിലാണ് ശക്തമായി ഉരുത്തിരിഞ്ഞത്. മെയ് 30-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രഫസര്‍ ക്യാരിക്കുറി ഇക്കാര്യം വ്യക്തമാക്കി. ജനങ്ങളിലേയ്ക്ക് വിശിഷ്യാ പാവങ്ങളിലേയ്ക്കും അവരുടെ ചേരികളിലേയ്ക്കും അതിരുകളിലേയ്ക്കും ഇറങ്ങിച്ചെല്ലുന്ന സുവിശേഷത്തിലെ അജപാലനഭാഷ്യം രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ശക്തമായി രൂപപ്പെട്ടത് അപ്പരെസീദയിലാണെന്ന് പ്രഫസര്‍ ക്യാരിക്കുറി, സാക്ഷ്യപ്പെടുത്തി.

പാപ്പാ ബര്‍ഗോളിയോ ആഗോളസഭയില്‍ തുടര്‍ന്നു പ്രബോധിപ്പിച്ച ഈ അജപാലനനയം അപ്പരെസീദായില്‍ ഉതിര്‍ക്കൊണ്ട അതിരുകള്‍ തേടിയുള്ളതും, അജഗണത്തെ തേടിയിറങ്ങുന്നതുമായ പ്രേഷിതവൃത്തിയുടെ മൗലികമായ സുവിശേഷഭാഷ്യം തന്നെയാണ്. ജനങ്ങളുടെ ഇടയിലേയ്ക്കും ഇന്നിന്‍റെ നഗരവീഥികളിലേയ്ക്കും അജപാലകര്‍ ഇറങ്ങിച്ചെന്ന് അവരുടെ ഉടുപ്പ് അഴുക്കാക്കുന്നതാണ്, ഓഫീസുകളിലെ കാര്യനിര്‍വ്വാഹകരായി കഴിഞ്ഞുകൂടുന്നതിലും ഭേദമെന്ന പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ പ്രസ്താവം അഭിമുഖത്തില്‍ പ്രഫസര്‍ ക്യാരിക്കുറി ആവര്‍ത്തിച്ചു. ആഗോളസഭയുടെ സമകാലീന സുവിശേഷവത്ക്കരണ ദൗത്യത്തിന് പാപ്പാ ഫ്രാന്‍സിസ് മാര്‍ഗ്ഗരേഖയായി 2013-ല്‍ നല്കിയ അപ്പസ്തോലിക പ്രബോധനം, ‘സുവിശേഷ സന്തോഷം’  (Evangelii Gaudium) അപ്പരെസീദ പ്രമാണരേഖയുടെ ചുവടുപിടിച്ചായിരുന്നെന്ന് പ്രഫസര്‍ ക്യാരിക്കുറി സമര്‍ത്ഥിച്ചു.

2007 മെയ് 13-Ɔ൦ തിയതി മുന്‍പാപ്പാ ബനഡിക്ട് 16-Ɔമനാണ് ലാറ്റിനമേരിക്കന്‍-കരീബിയന്‍   മെത്രാന്‍ സമിതിയുടെ 5-Ɔമത് ദേശീയ സംഗമം അപ്പരെസീദയില്‍ ഉദ്ഘാടനംചെയ്തത്. ക്യാരിക്കുറി അനുസ്മരിച്ചു. അപ്പരെസീദ പ്രബോധനത്തിന്‍റെ 10 വര്‍ഷങ്ങള്‍ തികയുന്ന ചരിത്ര പശ്ചാത്തലത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലനശുശ്രൂഷയുടെ ലാറ്റിനമേരിക്കന്‍ പശ്ചാത്തലവും തനിമയും പ്രഫസര്‍ ക്യാരിക്കുറി അഭിമുഖത്തില്‍ എടുത്തുകാട്ടിയത്.   

ചിത്രം - ബ്രസീലിലെ റിയോ നഗരപ്രാന്തത്തിലെ  'മരെ ദോ അമാഞ്ഞാ'  ബാന്‍ഡ് ജൂണ്‍ 3-ന് പാപ്പായെ കാണാന്‍ വത്തിക്കാനിലെത്തും.








All the contents on this site are copyrighted ©.