2017-05-29 11:41:00

ഹൃദയം പരിശുദ്ധാത്മാവിനാല്‍ അസ്വസ്ഥമാക്കപ്പെടാന്‍ അനുവദിക്കുക


ഗ്രഹിക്കാനും വിവേചിച്ചറിയാനും കഴിയുന്ന ഒരു ഹൃദയം നമുക്കുണ്ടാകണമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമുസ് സാക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച (29/05/17) രാവിലെ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഹൃദയം പരിശുദ്ധാത്മാവിനാല്‍ അസ്വസ്ഥമാകാന്‍ അനുവദിക്കണമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ ചിലരുടെ ഹൃദയം പരിശോധിച്ചാല്‍ അത് ഒരേനിലയിരിക്കുന്നതായി ഏതാണ്ട് നിശ്ചലാവസ്ഥയിലെന്നപോലെ കാണാമെന്നു പറഞ്ഞു.

വിവേചനശക്തിയുടെ ഗുരു പരിശുദ്ധാത്മാവാകയാല്‍ ഹൃദയത്തിന്‍റെ  തോന്നലുകള്‍ തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും ഹൃദയത്തിന് ആ ചലനാത്മകത ഉണ്ടായിരിക്കണെമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇങ്ങനെ വിവേചിച്ചറിയാന്‍ ശ്രമിക്കാത്തയാളുടെ വിശ്വാസം തണുത്തുറഞ്ഞത്, വെറും സൈദ്ധാന്തികം ആയിരിക്കുമെന്നും പാപ്പാ പറഞ്ഞു.

ആകയാല്‍ ശ്രവിക്കാന്‍ കഴിവുള്ളവനാണോ, ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ്, ഒരുകാര്യം പറയുന്നതിനൊ ചെയ്യുന്നതിനൊ മുമ്പ്, പരിശുദ്ധാരൂപിയുടെ പ്രചോദനം യാചിക്കാന്‍ കഴിയുന്നവനാണൊ അതോ, യാതൊരു വികാരവുമില്ലാത്ത ഒരുതരം ശാന്തതയിലായിരിക്കുന്ന ഹൃദയത്തിനുടമയാണൊ എന്ന് ആത്മശോധനചെയ്യാന്‍ പാപ്പാ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.