2017-05-29 12:51:00

പാപ്പായുടെ ട്വീറ്റുകള്‍


മുന്‍വിധികള്‍ വെടിയാനും കോപ്റ്റിക് കൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാനും പാപ്പായുടെ ട്വിറ്റര്‍ ആഹ്വാനങ്ങള്‍.

ശനി, ഞായര്‍ ദിനങ്ങളില്‍ തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശങ്ങളിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനങ്ങളുള്ളത്.

“അപരനെക്കുറിച്ചുള്ള മുന്‍വിധികളില്‍ നിന്നു വിമുക്തവും നമ്മുടെ ഇക്കാലഘട്ടത്തില്‍ പ്രത്യാശയും വിശ്വാസ്യതയും പകരുന്നതുമായ ഒരു രചനാത്മക വിനിമയ പ്രക്രിയയില്‍ വ്യാപൃതരാകാന്‍ എല്ലാവര്‍ക്കും പ്രചോദനം പകരുന്നു” എന്നാണ് പാപ്പാ ഞായറാഴ്ച്ച (28/05/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്തത്.

ശനിയാഴ്ചത്തെ(27/05/17) ട്വിറ്റര്‍ സന്ദേശം ഈജിപ്തില്‍ വധിക്കപ്പെട്ട കോപ്റ്റിക്ക് ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാനുള്ള ക്ഷണമായിരുന്നു.

“തങ്ങളുടെ വിശ്വാസം ത്യജിക്കാന്‍ സന്നദ്ധരല്ലാതിരുന്നതിനാല്‍ വധിക്കപ്പെട്ട കോപ്റ്റിക് ക്രൈസ്തവരായ നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി ഏകയോഗമായി നമുക്കു പ്രാര്‍ത്ഥിക്കാം” എന്നാണ് പാപ്പാ അന്നു കുറിച്ചത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.