2017-05-27 11:01:00

ദൈവോന്മുഖമാകേണ്ട മനുഷ്യജീവിതങ്ങള്‍ : പാപ്പായുടെ വചനസമീക്ഷ


ഭൂമിയില്‍ ജീവിക്കുമ്പോഴും ക്രൈസ്തവര്‍ ദൈവോന്മുഖനായിരിക്കണമെന്ന്... പാപ്പാ ഫ്രാന്‍സിസ്.

മെയ് 26-Ɔ൦ തിയതി വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസിതിയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെയാണ് ഭൂമിയില്‍ ജീവിക്കുമ്പോഴും ക്രൈസ്തവര്‍ ദൈവോന്മുഖനായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്. ക്രൈസ്തവജീവിതത്തില്‍ നാം പാലിക്കേണ്ട ഓര്‍മ്മ, പ്രാര്‍ത്ഥന, ദൗത്യം എന്നീ മൂന്നു കാര്യങ്ങളെക്കുറിച്ചും അവ നല്കുന്ന ആത്മീയാന്ദത്തെക്കുറിച്ചും പാപ്പാ ചിന്തകള്‍ പങ്കുവച്ചു (നടപടി 18, 9-18). 

1. ഓര്‍മ്മയിലെ ഗലീലികള്‍     ഭൗമികജീവിതം വിട്ടുപോകുംമുന്‍പ് തന്‍റെ ശിഷ്യന്മാരോട് ഉത്ഥിതന്‍ പറഞ്ഞത്, ഗലീലിയയില്‍ കാണാമെന്നായിരുന്നു. അപ്പസ്തോലന്മാരുടെ അവസാനത്തെ കൂടിക്കാഴ്ചയുടെ ഇടമതാണ്. അതുപോലെ നമ്മുടെയും ജീവിതത്തിന്‍റെ ഗലീലികളുണ്ട്. ക്രിസ്തു ആദ്യമായി നമ്മിലേയ്ക്കു വന്ന സ്ഥലവും സമയവുമായിരിക്കാമത്. അവിടുത്തെ സന്തോഷവും ഉന്മേഷവും നമുക്കു കിട്ടിയതിന്‍റെ ഓര്‍മ്മയാണത്. അതിനാല്‍ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെയും, അത് നമുക്കു നല്കിയിട്ടുള്ള ക്രിസ്ത്വാനുഭവത്തിന്‍റെയും ഓര്‍മ്മകള്‍ ജീവിതത്തിലെ കൃപയുടെ ഓര്‍മ്മകളാണ്. ജീവിതത്തില്‍ ഉറപ്പുതരുന്ന കൃപാസ്പര്‍ശത്തിന്‍റെ ഓര്‍മ്മകളുമാണത്. പാപ്പാ വ്യക്തമാക്കി.

2. ദൃഷ്ടികളുയര്‍ത്തി പ്രാര്‍ത്ഥിക്കാം   ക്രിസ്തു സ്വര്‍ഗ്ഗാരോഹിതനായി. അവിടുന്ന് ഈ ലോകം വിട്ടുപോയി. ശാരീരികമായി മനുഷ്യരില്‍നിന്നും അകന്നിരിക്കുന്നെങ്കിലും ആത്മീയമായി അവിടുന്ന് നമ്മുടെ മദ്ധ്യേയുണ്ട്. ലോക രക്ഷയ്ക്കായി മുറിപ്പെട്ട അവിടുത്തെ ദേഹമാണ് സ്വര്‍ഗ്ഗോരഹണത്തില്‍ പിതൃസന്നിധി പ്രാപിച്ചത്. ദൈവപിതാവിന്‍റെ സന്നിധിയില്‍ നമ്മുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് ക്രിസ്തു! നാം എന്നും അതുകൊണ്ട് ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കണമെന്നതാണ് രണ്ടാമതായി പാപ്പാ പങ്കുവച്ച ക്രൈസ്തവദൗത്യം. ക്രിസ്തുവിന്‍റെ മാദ്ധ്യസ്ഥം തേടാം. അവിടുന്ന് നമ്മെ ശ്രവിക്കും. “ചോദിക്കുവന്‍, നിങ്ങള്‍ക്കും ലഭിക്കും...” എന്ന് അവിടുന്ന് അരുള്‍ചെയ്തിരിക്കുന്നത് സുവിശേഷഭാഗത്തുനിന്നും പാപ്പാ ഉദ്ധരിച്ചു (യോഹ. 16, 20-23).

3. സുവിശേഷദൗത്യവും രക്ഷാമാര്‍ഗ്ഗവും    സ്വര്‍ഗ്ഗാരോഹണത്തിനുമുന്‍പ് ക്രിസ്തു നല്കുന്ന മൂന്നാമത്തെ ദൗത്യം സുവിശേഷ പ്രഘോഷണമാണ്. “ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.. ഞാന്‍ പഠിപ്പിച്ചവയെല്ലാം പങ്കുവയ്ക്കുവിന്‍. യുഗാന്ത്യംവരെ ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്...” (മത്തായി 28, 19). അതിനാല്‍ ക്രിസ്തു പങ്കുവച്ച കാര്യങ്ങള്‍ പഠിപ്പിക്കേണ്ടത് ക്രൈസ്തവരുടെ കടമയാണ്. അത് ജീവിതദൗത്യമാണ്. അത് ക്രൈസ്തവരുടെ രക്ഷാമാര്‍ഗ്ഗമാണ്. അവിടുന്നു നമുക്കു നല്കിയ കൃപയില്‍ ജീവിച്ചുകൊണ്ട് അവിടുത്തെപ്പോലെ സ്വര്‍ഗ്ഗാരോപിതരാകാനും പിതൃസന്നിധി പ്രാപിക്കാനും അവിടുന്നു നമ്മെ ക്ഷണിക്കുന്നു. ജീവിത സുവിശേഷസാക്ഷ്യമാക്കാനുള്ള ദൗത്യമാണിത്. പാപ്പാ ഉദ്ബോധിപ്പിച്ചു.

4. നഷ്ടപ്പെടുത്താനാവാത്ത ആനന്ദം   ആര്‍ക്കും നഷ്ടപ്പെടുത്താനാവാത്ത ക്രൈസ്തവജീവിതത്തിന്‍റെ ആത്മീയ ആനന്ദത്തെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്ത്വാനുഭവത്തിന്‍റെ സമൃതികളില്‍ ജീവിക്കുന്ന ഒരാള്‍ക്കു ലഭിക്കുന്നതും ,  എന്നാല്‍ ആര്‍ക്കും നശിപ്പിക്കാനാവാത്തതുമായി ആന്തരീകാനന്ദമാണത്. പ്രാര്‍ത്ഥനയില്‍ ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുന്ന തുടര്‍ജീവിതം ഈ ആനന്ദത്തിന്‍റെ സ്രോതസ്സാണ്, പാപ്പാ വ്യക്തമാക്കി. അനുദിനം മുന്നോട്ടു നീങ്ങേണ്ട ജീവിതയാത്രിയുടെ കൃപയും ശക്തിയുമാണ് പ്രാര്‍ത്ഥന. ക്രിസ്തു ഇന്നും ജീവിക്കുന്നെന്നും, ഉത്ഥിതന്‍ ജീവിക്കുന്നെന്നുമുള്ള ബോധ്യത്തിലും വിശ്വാസത്തിലും അവിടുത്തെ സുവിശേഷമൂല്യങ്ങളുടെ സാക്ഷികളായി ജീവിക്കുന്നവര്‍ ആത്മീയാനന്ദത്തിന്‍റെ പൂര്‍ണ്ണിമയില്‍ എത്തിച്ചേരുമെന്ന ചിന്തയോടെ പാപ്പാ വിചിന്തനം ഉപസംഹരിച്ചു.








All the contents on this site are copyrighted ©.