2017-05-27 12:53:00

ഈജിപ്തില്‍ ഭീകരാക്രമണം, പാപ്പാ അനുശോചനം അറിയിച്ചു


ഈജിപ്തില്‍ വെള്ളിയാഴ്ച (26/05/17) അനേകം കോപ്റ്റിക് ക്രൈസ്തവര്‍ വധിക്കപ്പെട്ട ഭീകരാക്രമണത്തില്‍ മാര്‍പ്പാപ്പാ ഖേദം രേഖപ്പെടുത്തുന്നു.

ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റൊയില്‍ നിന്ന് 250 കിലോമീറ്ററോളം അകലെയുള്ള മിന്യ പ്രവിശ്യയിലെ അന്‍ബ സാമുവല്‍ സന്ന്യാശ്രമത്തിലേക്കു ഒരു ബസില്‍ പോകുകയായിരുന്ന കോപ്റ്റിക് ക്രൈസ്തവസംഘത്തിനു നേര്‍ക്കുണ്ടായ പൈശാചികാക്രമണം “വിദ്വേഷത്തിന്‍റെ ബുദ്ധിശൂന്യമായ പ്രവര്‍ത്തിയാണെന്ന്” ഈജിപ്തിന്‍റെ പ്രസിഡന്‍റ് അബ്ദ് അല്‍ ഫത്താ അല്‍ സീസിയ്ക്ക് ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ അയച്ച അനുശോചനസന്ദേശത്തില്‍ കാണുന്നു.

ഈ ആക്രമണത്തില്‍ അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും മുറിവേല്‍ക്കുകയും ചെയ്തതില്‍ പാപ്പാ ദു:ഖിതനാണെന്നും ഈ ദുരന്തത്തില്‍ മരണമടഞ്ഞ കുട്ടികളെ പാപ്പാ പ്രത്യേകം ഓര്‍ക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ സന്ദേശത്തില്‍ അറിയിക്കുന്നു.

വധിക്കപ്പെട്ടവരുടെ ആത്മാവിനെ പാപ്പാ സര്‍വ്വശക്തന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും അവരുടെ വേര്‍പാടില്‍ കേഴുന്ന കുടുംബങ്ങള്‍ക്കും  മുറിവേറ്റവര്‍ക്കും പാപ്പാ സാന്ത്വനവും പ്രാര്‍ത്ഥനയും ഉറപ്പുനല്കുകയും ചെയ്യുന്നു.

ഈജിപ്തില്‍ സമാധാനവും അനുരഞ്ജനവും സംജാതമാകുന്നതിനായും പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

മൂന്നു കാറുകളില്‍ എത്തിയ സൈനികവേഷധാരികളായ ഭീകരരാണ് വിജനസ്ഥലത്തുവച്ച് ബസ് തടഞ്ഞ് നിറയൊഴിച്ചത്. കുട്ടികളുള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. രണ്ടുമാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് കോപ്റ്റിക് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത്.

ഇതിനു മുമ്പ് ഏപ്രില്‍ 9ന് ഓശാന ഞായറാഴ്ച ആയിരുന്നു ഇരട്ടഭീകരാക്രമണം ഉണ്ടായത്. അന്ന് 46 പേര്‍ക്ക് ജീവഹാനിയുണ്ടായി. 2016 ഡിസമ്പറില്‍ കെയ്റോയില്‍ ഒരു ദേവാലയത്തിലുണ്ടായ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.  

  








All the contents on this site are copyrighted ©.