2017-05-24 12:24:00

എമ്മാവൂസ്, പ്രത്യാശയുടെ സരണി - പാപ്പായുടെ പൊതുദര്‍ശനപ്രഭാഷണം


അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തപ്പെട്ടിരുന്ന ഒരു ദിനമായിരുന്നു റോമില്‍ ഈ ബുധനാഴ്ചയെങ്കിലും (24/05/17) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് ഭാരതമുള്‍പ്പടെയുള്ള വിവധരാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു. പ്രസിഡന്‍റ്  ട്രംപുമായുള്ള കൂടിക്കാഴ്ചാനന്തരമാണ് പാപ്പാ ചത്വരത്തില്‍ എത്തിയത്. വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കാഗതനായ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. മന്ദസ്മിതത്താലും ആംഗ്യങ്ങളാലും ചിലപ്പോള്‍ വാക്കുകളാലും ജനങ്ങളുമായി സംവദിച്ച പാപ്പാ പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങി.  അംഗരക്ഷകര്‍ അറിയിച്ചതനുസരിച്ച് പാപ്പാ പ്രായംചെന്ന ഒരാളുടെ അടുത്തേക്കു പോകുകയും അയാളെ ആലിംഗനം ചെയ്തു ഒരു ജപമാല സമ്മാനമായി നല്കുകയും ചെയ്തു. ആ വ്യക്തി പാപ്പായുടെ കാതില്‍ എന്തൊ മന്ത്രിക്കുന്നുമുണ്ടായിരുന്നു. തദ്ദനന്തരം പാപ്പാ ചക്രക്കസേരകളില്‍ ഇരുന്നിരുന്ന രോഗികളുടെ സമീപത്തുകൂടെ അവര്‍ക്ക് സാന്ത്വനം പകര്‍ന്നുകൊണ്ട സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെ യാത്ര തുടരുകയാണെന്നു ഭാവിച്ചു.29 അവര്‍ അവനെ നിര്‍ബന്ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്തമിക്കാറായി. അവന്‍ അവരോടുകൂടെ താമസിക്കാന്‍ കയറി.30 അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കു കൊടുത്തു.31 അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്ഷേ, അവന്‍ അവരുടെ മുമ്പില്‍ നിന്ന് അപ്രത്യക്ഷനായി.32 അവര്‍ പരസ്പരം പറഞ്ഞു: വഴിയില്‍ വച്ച് അവന്‍ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?” (ലൂക്ക 24,28-32)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. “എമ്മാവൂസ്, പ്രത്യാശയുടെ സരണി” എന്ന ആശയം പാപ്പാ  വിശകലനം ചെയ്തു.

പ്രഭാഷണസംഗ്രഹം:        

ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം 13-35 വരെയുള്ള വാക്യങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരുടെ അനുഭവത്തെക്കുറിച്ചു ചിന്തിക്കാനാണ് ഇന്നു ഞാന്‍ ആഗ്രഹിക്കുന്നത്. ആ രംഗമൊന്നു സങ്കല്പിക്കാം: ഒരു സംഭവം പരാജയത്തില്‍ കലാശിച്ചു എന്ന ബോധ്യത്താല്‍ അതിന്‍റെ കയ്പ്പുമായി നിരാശയോടെ നടന്നുനീങ്ങുന്ന രണ്ടു മനുഷ്യര്‍. ആ പെസഹാസംഭവത്തിനു മുമ്പ് ആനന്ദഭരിതരായിരുന്നു അവര്‍. ആ ദിനങ്ങള്‍ തങ്ങളുടെ കാത്തിരിപ്പിനെയും  അഖിലജനത്തിന്‍റെ പ്രത്യാശയെയും സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകങ്ങളാണെന്ന് അവര്‍ കരുതിയിരുന്നു. തങ്ങളുടെ ജീവിതം അവര്‍ സമര്‍പ്പിച്ച യേശു അവസാനം അന്തിമ പോരാട്ടത്തില്‍ എത്തിയിരിക്കുന്നതായി അവര്‍ക്കു തോന്നി. അവിടന്ന് നീണ്ട ഒരുക്കത്തിനും രഹസ്യജീവിതത്തിനും ശേഷം ഇപ്പോള്‍ അവിടത്തെ ശക്തിമുഴുവന്‍ പ്രകടിപ്പിക്കുമെന്ന് അവര്‍ വിചാരിച്ചു. ഇതായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല.

ഈ രണ്ടു തീര്‍ത്ഥാടകര്‍ക്കുണ്ടായിരുന്നത് തീര്‍ത്തും മാനുഷികമായ പ്രത്യാശയാണ്. അതിപ്പോള്‍ ഛിന്നഭിന്നമായിരിക്കുന്നു. അവര്‍ക്കു മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന ഒരു പരാജയത്തിന്‍റെ ഉപരിവാചാലമായ ഒരു അടയാളമായിരുന്നു കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട ആ കുരിശ്. ഇതാണ് യഥാര്‍ത്ഥത്തില്‍ ദൈവഹിതാനുസാരമുള്ള യേശുവെങ്കില്‍, തീര്‍ച്ചയായും അക്രമാസക്തരുടെ കരങ്ങളില്‍ അശക്തനും പ്രതിരോധിക്കാന്‍ കഴിയാത്തവനും തിന്മയെ ചറുക്കാന്‍ കഴിയാത്തവനുമാണ് അവിടന്ന് എന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നിരുന്നു.

അങ്ങനെ ഞായറാഴ്ച പ്രഭാതത്തില്‍ അവര്‍ രണ്ടുപേരും ജെറുസലേമില്‍ നിന്ന് പലായനം ചെയ്തു. യേശുവിന്‍റെ പീഢാസഹന മരണ സംഭവങ്ങള്‍ അപ്പോഴും അവരുടെ നയനങ്ങള്‍ക്കുമുന്നില്‍ തെളിഞ്ഞു നിന്നിരുന്നു. നിര്‍ബന്ധിത വിശ്രമദിനമായ സാബത്തില്‍ മുഴുവന്‍ മനസ്സ് ആ സംഭവങ്ങളുടെ വേദനയില്‍ ആമഗ്നമായി. വിമോചനഗാനം ഉയരേണ്ടിയിരുന്ന ആ പെസഹാ ആഘോഷം അവരുടെ ജീവിതത്തിലെ ഏറ്റം വേദന നിറഞ്ഞ ഒരു ദിനത്താല്‍ മൗനത്തിലാണ്ടു. തങ്ങളു‌ടെ മനസ്സില്‍ എരിയുന്ന ഓര്‍മ്മകളെ തൂത്തെറിയാന്‍ ശ്രമിക്കുന്നവരുടെ സകലഭാവവും അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ അവര്‍ ആ വഴിയിലൂടെ നീങ്ങി, ദുഃഖിതരായി.

യേശുവുമായുള്ള ആ ശിഷ്യരുടെ സമാഗമം തീര്‍ത്തു ആകസ്മികമെന്നു തോന്നാം; ജീവിതത്തിലെ അനേകം നാല്‍ക്കവലകളില്‍ ഒന്നുപോലെ. ഒരു അപരിചതന്‍ ചിന്താവിഷ്ടരായി നടന്നു നീങ്ങുന്ന ആ രണ്ടു ശിഷ്യരോടൊപ്പം ചേരുന്നു. അത് യേശുവാണ്. എന്നാല്‍ അവരുടെ നയനങ്ങള്‍ക്ക് അവിടത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അപ്പോള്‍ യേശു “പ്രത്യാശയുടെ ചികിത്സ” തുടങ്ങുകയായി. ആ യാത്രയില്‍ സംഭവിക്കുന്നത് അതാണ്, പ്രത്യാശയുടെ ചികിത്സ. അതു ചെയ്യുന്നതാരാണ്? യേശു.

യേശു അവരോട് സംസാരിക്കുന്നത്, സര്‍വ്വോപരി, തിരുലിഖിതങ്ങളിലൂടെയാണ്. ദൈവത്തിന്‍റെ ഗ്രന്ഥം കൈയ്യിലെടുക്കുന്നവന്‍ അനായസകരമായ വീരകഥകളിലൂടെയും മിന്നലാക്രമണത്തിലൂടെയുള്ള പിടിച്ചടക്കലുകളിലൂടെയും ആകില്ല കടന്നു പോകുക. യഥാര്‍ത്ഥ പ്രത്യാശയുടെ വില കുറച്ചൊന്നുമല്ല, അത് എന്നും തോല്‍വികളിലൂടെ കടന്നു പോകുന്നു.

ഈ രണ്ടു ശിഷ്യര്‍ക്കുവേണ്ടി യേശു വിശുദ്ധ കുര്‍ബ്ബാനയിലെ മുഖ്യകര്‍മ്മം   ആവര്‍ത്തിക്കുന്നു. അവിടന്ന് അപ്പമെടുത്ത്, ആശീര്‍വ്വദിച്ച്, മുറിച്ച് അവര്‍ക്ക്  കൊടുക്കുന്നു. യേശുവിന്‍റെ ഈ ചെയ്തികളു‌ടെ പരമ്പരയില്‍, ഒരു പക്ഷേ, അവിടത്തെ ചരിത്രം മുഴുവന്‍ അടങ്ങിയിട്ടില്ലേ? സഭ എന്തായിരിക്കണം എന്നതിന്‍റെ  അടയാളവുമല്ലേ അത്? യേശു നമ്മെ എടുക്കുന്നു, നമ്മെ ആശീര്‍വ്വദിക്കുന്നു, നമ്മെ മുറിക്കുന്നു, മറ്റുള്ളവര്‍ക്കായി, എല്ലാവര്‍ക്കുമായി, നമ്മെ നല്കുന്നു. കാരണം ബലിയില്ലാതെ സ്നേഹമില്ല.എമ്മാവൂസിലെ രണ്ടു ശിഷ്യരുമായുള്ള യേശുവിന്‍റെ കൂടിക്കാഴ്ച പെട്ടെന്നുള്ളതായിരുന്നു. എന്നാല്‍ അതില്‍ സഭയുടെ ഭാഗധേയം മുഴുവന്‍ ഉള്‍ക്കൊള്ളുന്നു.

ദുഃഖിതരായിരുന്ന ശിഷ്യരുടെതു പോലെ നാമെല്ലാവരുടെയും ജീവിതത്തില്‍ ക്ലേശപൂര്‍ണ്ണങ്ങളായ, ഇരുണ്ട നിമിഷങ്ങളുണ്ടാകാം. ആ നിമിഷങ്ങളില്‍ ദു:ഖിതരായി, ചിന്താമഗ്നരായി, ലക്ഷ്യബോധമില്ലാതെ നാം നടക്കുന്നു. മതിലാണ് മുന്നില്‍. അപ്പോള്‍ യേശു പ്രത്യാശ പ്രദാനം ചെയ്യാന്‍, ഹൃദയത്തിന് താപം പകരാന്‍, മുന്നോട്ടു പോകൂ, ഞാന്‍ നിന്നോടൊപ്പമുണ്ട് എന്ന് പറയാന്‍ നമ്മുടെ ചാരെയുണ്ട്.

എമ്മാവൂസിലേക്കു നയിക്കുന്ന പാതയുടെ രഹസ്യം ഇതാ ഇവിടെയാണ്, അതായത്, വൈരുദ്ധ്യമെന്ന് തോന്നുന്നവയിലൂടെയും നാം നൈരന്തര്യം സ്നേഹിക്കപ്പെടുന്നു, നമ്മുടെ നന്മ ആഗ്രഹിക്കുന്നതില്‍ നിന്ന് ദൈവം പിന്മാറില്ല. ദൈവം സദാ നമ്മോടൊപ്പം ചരിക്കുന്നു. ഏറ്റം വേദനനിറഞ്ഞ വേളകളിലും, എറ്റം മോശമായ അവസ്ഥകളിലും, തോല്‍വിയുടെ വേളകളിലും അവിടന്ന് നമ്മോടൊപ്പമുണ്ട്. എല്ലാം വേളകളിലും കര്‍ത്താവ് നമ്മോടുകൂടെയുണ്ട്. ഇതാണ് നമ്മുടെ പ്രത്യാശ. ഈ പ്രത്യാശയോടെ നമുക്ക് മുന്നേറാം, എന്തെന്നാല്‍ അവിടന്ന് എല്ലായ്പ്പോഴും നമ്മുടെ സമീപത്തുണ്ട്, നമ്മോടൊപ്പം ചരിക്കുന്നു.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

വ്യാഴാഴ്ച (25/05/17) കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിരുന്നാള്‍ ആണെന്നത് അനുസ്മരിച്ച പാപ്പാ ഈ തിരുന്നാളിന്‍റെ അവസരത്തില്‍ നിത്യ നഗരമായ റോമില്‍ നടത്തുന്ന തീര്‍ത്ഥാടനം എല്ലാവരിലും വിശ്വാസം നവീകരിക്കുകയും ഉപവിപ്രവര്‍ത്തനത്തിനും ഐക്യദാര്‍ഢ്യത്തിനും പ്രചോദനം പകരുകയും ചെയ്യട്ടെയെന്ന് ആശംസിച്ചു.

പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി








All the contents on this site are copyrighted ©.