2017-05-23 12:59:00

മന്ദോഷ്ണതയില്‍ ജീവിക്കരുത്, പീഢനങ്ങളെ നേരിടുക


സാഹസികത ഒഴിവാക്കി മന്ദോഷ്ണതയില്‍ ജീവിക്കാതെ ആഹ്ലാദത്തോടെ യേശുവിനെ പ്രഘോഷിക്കുന്നവരാകാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച (23/05/17) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ സുവിശേഷ പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ലൗകികതയ്ക്കെതിരെ സ്വരമുയര്‍ത്തിയ അനേകം സമര്‍പ്പിതര്‍ പീഢിപ്പിക്കപ്പെട്ടിട്ടുള്ള യാഥാര്‍ത്ഥ്യം, മദ്ധ്യ അമേരിക്കന്‍ നാടായ എല്‍ സാല്‍വദോറിലെ സാന്‍ സാല്‍വദോര്‍ അതിരൂപതയുടെ അദ്ധ്യക്ഷനായിരിക്കെ വധിക്കപ്പെട്ട ആര്‍ച്ചുബിഷപ്പ് ഓസ്കാര്‍ റൊമേരൊയടെ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനം അനുസ്മരിച്ചുകൊണ്ട്, പാപ്പാ ചൂണ്ടികാട്ടി.

മന്ദോഷ്ണതയില്‍ ജീവിക്കുന്ന ഒരു സഭയ്ക്ക്, ആസൂത്രിതവും പ്രശാന്തതയില്‍ കഴിയുന്നതുമായ ഒരു സഭയ്ക്ക് പ്രശ്നങ്ങള്‍ ഒന്നും കാണില്ല, അത് സുഖലോലുപതയുടെ സഭയായിരിക്കും, കച്ചവടക്കണ്ണോടുകൂടിയ സഭയായിരിക്കും എന്ന് പാപ്പാ മുന്നറിയിപ്പു നല്കി.

സമ്പത്തിലേക്കല്ല വിശ്വാസത്തിലേക്ക്, യേശു കര്‍ത്താവാണെന്ന് പ്രഘോഷിക്കുന്നതിലേക്കാണ് നയനങ്ങള്‍ ഊന്നേണ്ടതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

രക്തസാക്ഷിത്വവും അപകടങ്ങളുമെല്ലാം സഭയുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണെന്ന് വ്യക്തമാക്കുന്ന പാപ്പാ രക്തസാക്ഷികളില്ലാത്ത സഭയ്ക്ക് വിശ്വാസ്യതയില്ലെന്നും യേശുക്രിസ്തുവിനെ പ്രഘോഷിക്കാനും സാത്താനെയും വിഗ്രഹങ്ങളെയും ധനമെന്ന കര്‍ത്താവിനെയും തുരത്താനും ഭയപ്പെടുന്ന സഭ യേശുവിന്‍റെ സഭയല്ലെന്നും  ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.