2017-05-22 19:53:00

ക്രിസ്തുവിന്‍റെ പാഠശാലയിലെ സ്നേഹത്തിന്‍റെ ജീവനകല


പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥന പരിപാടിയുടെ റിപ്പോര്‍ട്ട്.  പെസഹാക്കാലം ആറാം വാരം

മെയ് 21-Ɔ൦ തിയതി ഞായറാഴ്ച. മദ്ധ്യാഹ്നം...! വത്തിക്കാന്‍ കുന്നുകള്‍ക്കു മീതെ താഴ്ന്നിറങ്ങിയ നീലമേഘങ്ങളും, അവയെ തഴുകിയെത്തിയ ചെറുകാറ്റും ഒരു ശുഭമൂഹൂര്‍ത്തം വിളിച്ചോതി. പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനയ്ക്ക് സമയമായി. ആയിരങ്ങളാണ് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അതിനായി എത്തിയത്. വിവിധ രാജ്യക്കാരും ഇറ്റലിയുടെ പല  ഭാഗങ്ങളില്‍നിന്നുള്ളവരും, സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം പാപ്പായെ ശ്രവിക്കാനും അഭിവാദ്യംചെയ്യാനും, ആശീര്‍വ്വാദം സ്വീകരിക്കാനും ആവേശത്തോടെ കാത്തുനിന്നു.  പ്രാദേശിക സമയം കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ എല്ലാവരെയും അഭിവാദ്യംചെയ്തു.

1. വിരുന്നിലെ വാഗ്ദാനം – സഹായകന്‍    അന്ത്യത്താഴവിരുന്നിന്‍റെ നാടകീയ രംഗമാണ് ഞായറാഴ്ചത്തെ സുവിശേഷത്തിന് പശ്ചാത്തലം (യോഹ. 14, 15-21). സുവിശേഷകന്‍ രേഖപ്പെടുത്തുന്നത് പീഡാനുഭവത്തിനു തൊട്ടുമുന്‍പ് ക്രിസ്തു മൊഴിഞ്ഞ അവസാനത്തെ വാക്കുകളാണ്. കടന്നുപോകുമെങ്കിലും സഹായകനെ, സത്യത്തിന്‍റെ ആത്മാവിനെ അവിടുന്നു നല്‍കും! വിഷാദംപൂണ്ട ആ നിമിഷങ്ങളില്‍ ശിഷ്യന്മാര്‍ക്കു ക്രിസ്തു നല്കുന്ന വാഗ്ദാനമാണിത്. അവിടുത്തെ പ്രത്യാഗമനത്തിന്‍റെ സന്തോഷമാണ് ഈ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് – പരിശുദ്ധത്മാവിലുള്ള ക്രിസ്തുവിന്‍റെ നവാഗമനം!

ഉത്ഥിതനും മഹത്വീകൃതനുമായ ക്രിസ്തു പിതാവില്‍ വസിക്കുമെന്നും, പരിശുദ്ധാത്മാവിലൂടെ അവിടുന്നു ലോകത്ത് വസിക്കുമെന്നുമുള്ള വാഗ്ദാനം! പിതാവും പുത്രുനും പരിശുദ്ധാത്മാവും തമ്മിലുള്ള ഐക്യം ഇവിടെ വെളിപ്പെടുത്തപ്പെടുന്നു. “ഞാന്‍ എന്‍റെ പിതാവിലും, നിങ്ങള്‍ എന്നിലും, ഞാന്‍ നിങ്ങളിലുമാണെന്ന് ആ ദിവസം നിങ്ങള്‍ അറിയും” (യോഹ. 14, 20). ഇങ്ങനെയാണ് ക്രിസ്തു മൊഴിഞ്ഞത്.

2. ത്രിത്വത്തില്‍ വളരുന്ന സ്നേഹക്കൂട്ടായ്മ     പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള - ത്രിത്വൈക ഐക്യത്തില്‍ ജീവിക്കുകയും  വളരുകയുംചെയ്യേണ്ട ജനമാണ്  ക്രൈസ്തവര്‍ - സഭയെന്ന് ഈ വചനം സ്ഥാപിക്കുന്നു. സ്നേഹത്തില്‍ യാഥാര്‍ത്ഥ്യമാകുന്നതും, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമാകേണ്ടതുമായ പരിശുദ്ധ ത്രിത്വത്തിലുള്ള സഭയുടെ കൂട്ടായ്മയുടെ ജീവിതവും ദൗത്യാവുമാണ് ഇത് വ്യക്തമാക്കുന്നത്.   “എന്‍റെ കല്പനകള്‍ സ്വീകരിക്കുന്നവര്‍ അത് പാലിക്കുകയും, അവര്‍ എന്നില്‍ വസിക്കുകയും ചെയ്യും...!  എന്നെ സ്നേഹിക്കുന്നവരെ എന്‍റെ പിതാവു മാനിക്കും, ഞാന്‍ അവരെ സ്നേഹിക്കും, എന്നെ അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കും ” (യോഹ. 14, 21). ദൈവികകല്പനകള്‍, അതിനാല്‍ നമ്മെ ക്ഷണിക്കുന്നത്, ദൈവത്തില്‍ കേന്ദ്രീകൃതവും സഹോദരങ്ങള്‍ക്കൊപ്പമുള്ളതുമായ കൂട്ടായ്മയുടെ ജീവിതരീതിയിലേയ്ക്കാണ്. കാരണം ദൈവത്തെ സ്നേഹിക്കുന്നതുപോലെതന്നെ സഹോദരങ്ങളെയും സ്നേഹിക്കുക എന്നതാണ് നിയമങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം. പ്രത്യേകിച്ച് നമ്മുടെ സഹായവും സമാശ്വാസവും ഏറെ ആവശ്യമുള്ളവരെ സ്നേഹിച്ചും ഉള്‍ച്ചേര്‍ത്തും ജീവിക്കാനാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്.

3.  സ്നേഹക്കൂട്ടം ഒരു വെല്ലുവിളി     അത്രയ്ക്ക് എളുപ്പമുള്ളൊരു കാര്യമോ, മനോഭാവമോ അല്ല ക്രിസ്തു പഠിപ്പിച്ച കൂട്ടായ്മയുടെ ജീവിതം. അവിടുന്നു സ്നേഹിച്ചതുപോലെ സ്നേഹിക്കുന്നതും, ഐക്യത്തില്‍ ജീവിക്കുന്നതും വെല്ലുവിളിയാണ്. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ ജീവിക്കുന്നവരാണ് കൈസ്തവര്‍, ക്രിസ്തു-ശിഷ്യര്‍. എന്നാല്‍ പലപ്പോഴും നാംതന്നെ ജീവിതം കുരുക്കിലാക്കാറുണ്ട്. തിന്മയുടെ ശക്തികള്‍ക്ക് നാം കീഴ്പ്പെടാറുണ്ട്. ആത്മീയതയില്ലാത്തവരാണ് വശീകൃതരാകുന്നത്. എത്രയോ പേരാണ് ഇന്ന് ക്രിസ്തീയ സമൂഹം വിട്ടുപോകുന്നത്. ചിലര്‍ തെറ്റിദ്ധരിക്കപ്പെടുന്നു, സ്നേഹിക്കപ്പെടാതെ പോകുന്നു, മറ്റുചലിര്‍ തിരസ്കൃരാകുന്നു! പരദൂഷണത്തിന്‍റെയും, അസൂയയുടെയും, വിദ്വേഷത്തിന്‍റെയും മനോഭാവംകൊണ്ട് എത്രയോപേര്‍ ഇടവകസമൂഹങ്ങളില്‍നിന്നും പുറംതള്ളപ്പെടുന്നുണ്ട്. വീണുകിട്ടുന്ന വരമല്ല സ്നേഹം. അത് വളര്‍ത്തിയെടുക്കേണ്ടതാണ്! വിഭാഗിയവും, സ്വാര്‍ത്ഥവും നിസംഗവും അവിശ്വസ്തവുമായ ജീവിതങ്ങളെ സഹോദര സ്നേഹത്തിന്‍റെ കൂട്ടായ്മയായി വളര്‍ത്തേണ്ടതാണ്. അത് വിശുദ്ധീകരിക്കപ്പെടേണ്ടതും പക്വമാര്‍ജ്ജിക്കേണ്ടതുമാണ്.

4. ക്രിസ്തുവിന്‍റെ പാഠശാലയിലെ ജീവനകല   സ്നേഹത്തിന്‍റെ ജീവനകല നാം അനുദിനം അഭ്യസിക്കേണ്ടതാണ്. നാം അതിന് ക്രിസ്തുവിലേയ്ക്ക് തിരിയണം. ക്ഷമയുടെയും, സ്നേഹത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും പാഠങ്ങള്‍ ക്രിസ്തുവിന്‍റെ സ്ക്കൂളില്‍നിന്നും, മുഖതാവില്‍നിന്നും പരിശുദ്ധാത്മാവിന്‍റെ കൃപയോടെ നമുക്കു പഠിക്കാം. സത്യാത്മാവായ സഹായകനെ, പരിശുദ്ധാത്മാവിനെ അവിടുന്നു വാഗ്ദാനംചെയ്തിട്ടുള്ളതാണ്!   ക്രിസ്തു സ്നേഹിച്ചതുപോലെ സ്നേഹിക്കാനും, സ്നേഹത്തില്‍ അനുദിനം വളരാനും, ദൈവാത്മാവിനോട് കൂടുതല്‍ വിധേയത്വമുള്ളവരായി ജീവിക്കാം. കര്‍ത്താവിന്‍റെ പരിപൂര്‍ണ്ണതയുള്ള ദാസിയും യേശുവിന്‍റെ അമ്മയുമായ കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ!

5. അഭിവാദ്യങ്ങളും ആശംസകളും

കലാപത്തില്‍ മനം നൊന്ത്...    മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ വീണ്ടും അഭ്യാന്തരകലാപം പൊട്ടിപ്പുറപ്പെട്ട വിവരം പാപ്പാ വേദനയോടെ പങ്കുവച്ചു. 2015 നവംബര്‍ മാസത്തില്‍ അവിടേയ്ക്കു താന്‍ നടത്തിയ സന്ദര്‍ശനം പാപ്പാ അനുസ്മരിച്ചു. സായുധ സംഘട്ടനങ്ങള്‍ അനേകരെ ഇരയാക്കുകയും നിരവധിപേരെ നാടുവിട്ടുപോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളെയും ഭരണര്‍ത്താക്കളെയും സഭാദ്ധ്യക്ഷന്മാരെയും തന്‍റെ പ്രാര്‍ത്ഥനാസാന്നിദ്ധ്യം അറിയിച്ചു. സമാധാനവും നന്മയും എത്രയുംവേഗം അവിടെ പുനര്‍ജനിക്കട്ടെ!

ക്രിസ്ത്യാനികളുടെ സഹായിയായ മറിയം...    മെയ് 24-ന് ക്രിസ്ത്യാനകളുടെ സഹായമായ കന്യകാനാഥയുടെ തിരുനാളാണ്. ചൈനയിലെ കത്തോലിക്കരുടെ ദേശീയ മദ്ധ്യസ്ഥയാണ്, ക്രിസ്ത്യാനികളുടെ സഹായിയായ മറിയം! ഷാങ്ഹായിലെ ഷേഷാന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇത് ആഘോഷിക്കപ്പെടും. ദൈവികപദ്ധതിയില്‍ ചൈനയിലെ സഭ നേരായ പാതയിലൂടെ നീങ്ങാന്‍ ക്രിസ്ത്യാനികളുടെ സഹായിയായ അമ്മ സഹായിക്കട്ടെ! വിശ്വാസികളുടെ ഇടയില്‍ ഐക്യവും, സമൂഹത്തില്‍ കൂട്ടായ്മയും വളരട്ടെ! പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും ഐക്യത്തില്‍ അവര്‍ വിശ്വാസസാക്ഷികളാകട്ടെ! സംവാദത്തോടും സമൂഹ ജീവിതത്തോടും തുറവും താല്പര്യവുമുള്ളവരായി അവിടത്തെ ജനത വളരട്ടെ!

ജനോവയിലേയ്ക്ക് ഒരു ഇടയസന്ദര്‍ശനം...     റോമാ രൂപയില്‍നിന്നും വന്നവരെയും ഇതര രാജ്യങ്ങളില്‍നിന്നും തീര്‍ത്ഥാടകരായി എത്തിയവരെയും  പാപ്പാ  അഭിവാദ്യംചെയ്തു.  ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്‍, അമേരിക്ക, ഗ്വാം-ദ്വീപ് എന്നിവിടങ്ങളില്‍നിന്നും എത്തിയ സന്ദര്‍ശകരെ പേരെടുത്തു പറഞ്ഞ് അനുമോദിച്ചപ്പോള്‍, രാജ്യങ്ങളുടെ പതാകകള്‍ വീശി അവര്‍ പ്രത്യുത്തരിച്ചു. ജനോവ അതിരൂപതയില്‍നിന്നും   ചുവന്ന തൊപ്പികള്‍ അണിഞ്ഞ് എത്തിയ സ്ഥൈര്യലേപനം സ്വീകരിച്ച കുട്ടികള്‍ളുടെയും അവരുടെ മാതാപിതാക്കളുടെയും, വിശ്വാസികളുടെയും വലിയ സംഘത്തെ പാപ്പാ അഭിനന്ദിച്ചു. അടുത്ത ശനിയാഴ്ച, മെയ് 27-Ɔ൦ തിയതി ജനോവ അതിരൂപതയിലേയ്ക്ക് താന്‍ നടത്താന്‍ പോകുന്ന ഏകദിന ഇടയ സന്ദര്‍ശനത്തെക്കുറിച്ചും പാപ്പാ പൊതുവായി പരാമര്‍ശിച്ചു. വിശുദ്ധ മരിയ ഗൊരേറ്റിയുടെ നാമത്തിലുള്ള റോമിലെ ഇടവകക്കാരെയും അഭിവാദ്യംചെയ്തുകൊണ്ടാണ്  പാപ്പാ ആശംസകള്‍ ഉപസംഹരിച്ചത്.

ത്രികാലപ്രാര്‍ത്ഥനയും ആശീര്‍വ്വാദവും...   എല്ലാവക്കുമൊപ്പം സ്വര്‍ല്ലോക രാജ്ഞിയേ, പെസഹാക്കാലത്തെ ത്രികാലപ്രാര്‍ത്ഥന ചൊല്ലി.   പിന്നെ അപ്പസ്തോലിക ആശീര്‍വ്വാദമായിരുന്നു. ഒരു നല്ലദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ, എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ടുമാണ് ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്.

 








All the contents on this site are copyrighted ©.