2017-05-22 13:13:00

കണ്‍സിസ്റ്ററി ജൂണ്‍ 28 ന്, അഞ്ചു പുതിയ കര്‍ദ്ദിനാളന്മാര്‍


മാര്‍പ്പാപ്പാ 5 മെത്രാന്മാ‍രെ കര്‍ദ്ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തും.

ജൂണ്‍ 28 നു വത്തിക്കാനില്‍ വിളിച്ചുകൂട്ടുന്ന കണ്‍സിസ്റ്ററിയില്‍ വച്ചായിരിക്കും ഫ്രാന്‍സീസ് പാപ്പാ വിവിധരാജ്യക്കാരായ 5 പിതാക്കന്മാരെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തുക.

ഞായറാഴ്ച (21/05/17) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയില്‍, പാപ്പാ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. താന്‍ കര്‍ദ്ദിനാളന്മാരാക്കാന്‍പോകുന്നവരുടെ പേരുകളും പാപ്പാ, തദ്ദവസരത്തില്‍, പരസ്യപ്പെടുത്തി.

ആഫ്രിക്കന്‍ നാടായ മാലിയിലെ ബാമക്കൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഷാന്‍ സെര്‍ബു (JEAN ZERBO)

സ്പെയിനിലെ ബര്‍സെല്ലൊണ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹുവാന്‍ ഹൊസെ ഒമേല്യ (JUAN JOSE’ OMELLA)

സ്വീഡനിലെ സ്റ്റോക്ഹോം രൂപതയുടെ മെത്രാന്‍ ആന്ത്രെസ് അര്‍ബൊറേലിയസ്, ഒസിഡി (ANDRES ARBORELIUS)

തെക്കുകിഴക്കെ ഏഷ്യന്‍ നാടായ ലാവോസിലെ പക്സേ അപ്പസ്തോലിക് വികാരിയാത്തിന്‍റെ അപ്പസ്തോലിക് വികാരി ബിഷപ്പ് ലൂയി മരീ തഗലു മംഗനേക്വാണ്‍ (LOUIS MARIE LING MANGKHANEKHOUN)

മദ്ധ്യ അമേരിക്കന്‍ നാടായ എല്‍ സാല്‍വദോറിലെ സാന്‍ സാല്‍വദോര്‍ അതിരൂപതയുടെ സഹായമെത്രാന്‍ ഗ്രെഗോറിയൊ റോസ ചാവെസ് (GREGORIO ROSA CHAVEZ) എന്നിവരായിരിക്കും കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെടുക.

ഇവര്‍ വിവിധരാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നത് ഭൂമി മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സഭയുടെ സാര്‍വ്വത്രികതയുടെ ആവിഷ്കാരമാണെന്ന് പുതിയ 5 പേരെ കര്‍ദ്ദിനാളന്മാരാക്കുന്നതിനുള്ള കണ്‍സിസ്റ്ററി താന്‍ വിളിച്ചുകൂട്ടുമെന്നറിയിച്ച അവസരത്തില്‍ പാപ്പാ പറഞ്ഞു. കര്‍ദ്ദിനാളന്മാര്‍ക്ക് റോമില്‍ സ്ഥാനിക ദേവാലയങ്ങള്‍ നല്കുന്നത് റോം രൂപതയിലെ അവരുടെ അംഗത്വത്തെ കാണിക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി.

ജൂണ്‍ 29 ന് പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുന്നാള്‍ ദിനത്തില്‍ താന്‍ നവകര്‍ദ്ദിനാളന്മാരും കര്‍ദ്ദിനാള്‍ സംഘത്തിലെ ഇതര അംഗങ്ങളും മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്പുമാരും മെത്രാന്മാരും വൈദികരുമൊത്തു സാഘോഷമായ സമൂഹബലി അര്‍പ്പിക്കുമെന്നും പാപ്പാ പറഞ്ഞു.

നവകര്‍ദ്ദിനാളന്മാര്‍ സഭാകൂട്ടായ്മയുടെ അധികൃതസേവകരും,  ജനതകളുടെ അപ്പസ്തോലനായ പൗലോസിനെപ്പോലെ ലോകമഖിലം സുവിശേഷത്തിന്‍റെ ആനന്ദഭരിത പ്രഘോഷകരും ആയിത്തീരുന്നതിനും അവര്‍ അവരു‍ടെ സാക്ഷ്യവും സദുപദേശങ്ങളും വഴി തന്‍റെ റോമിന്‍റെ മെത്രാനുടുത്ത ശുശ്രൂഷയ്ക്ക് ശക്തമായ താങ്ങാകുന്നതിനും വേണ്ടി പാപ്പാ അവരെ പത്രോസ് പൗലേസ് ശ്ലീഹാന്മാരുടെ സംരക്ഷണയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു.  








All the contents on this site are copyrighted ©.