2017-05-20 20:03:00

ക്രിസ്തുവില്‍ ഐക്യപ്പെടുന്ന സ്നേഹജീവിതങ്ങള്‍


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 14, 15-21

വലിച്ചെറിയല്‍ സംസ്ക്കാരം – The Culture of Waste!  അത്ര സാധാരണമായ പ്രയോഗമല്ലെന്ന് അറിയാം. എന്നാല്‍ അടുത്ത കാലത്ത് പാപ്പാ ഫ്രാന്‍സിസ് ഇത് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. പല വേദികളിലും പാപ്പാ അതിനെക്കുറിച്ച് തുറന്നടിക്കുന്നുമുണ്ട്. പാഴ്വസ്തുക്കള്‍ നാം വലിച്ചെറിയുന്നു. അവ വലിച്ചെറിയപ്പെടേണ്ടതുമാണ്. എന്നാല്‍ മനുഷ്യരെ - ചിലപ്പോള്‍ പ്രായമായവരെയും രോഗികളെയും പാവങ്ങളെയും പാഴ്വസ്തുക്കളെപ്പോലെ പരിഗണിക്കുന്ന മനോഭാവത്തെയാണ് പാപ്പാ ഫ്രാന്‍സിസ് ഇന്നിന്‍റെ വലിച്ചെറിയല്‍ സംസ്ക്കാരം – A Culture of Waste!  എന്നു പരാമര്‍ശിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത്.

വൃദ്ധമന്ദിരങ്ങള്‍ ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. ഇന്നിന്‍റെ ആവശ്യമാണിതെന്നു പറയുന്നവരുണ്ട്. എന്നാല്‍ സത്യത്തില്‍ സംഭവിക്കുന്നത്, ഇന്നത്തെ തലമുറയ്ക്ക് വൃദ്ധരായ മാതാപിതാക്കളെ നോക്കാന്‍ സമയമില്ലെന്ന മനോഭാവമാണ്. പ്രായമായവരെ അധികപ്പറ്റായി കാണുന്നവരുമുണ്ട്. എന്നിട്ട് അവരെ സ്വകാര്യമോ, സര്‍ക്കാര്‍ നിയന്ത്രിതമോ ആയ വൃദ്ധമന്ദിരങ്ങളിലേയ്ക്ക്  മാറ്റി പാര്‍പ്പിക്കുന്നു. പ്രായമായതിനാല്‍, ഇനി ഉപയോഗമില്ലാത്തവര്‍ എന്ന നിലയില്‍  മെല്ലെ അവര്‍ പുറംതള്ളപ്പെടുകയുമാണ്. ഈ മനോഭാവത്തെയാണ് പാപ്പാ ഫ്രാന്‍സിസ് നിഷേധിക്കുന്നത്, എതിര്‍ക്കുന്നത് -  വലിച്ചെറിയല്‍ സംസ്ക്കാരം – The Culture of Waste!  ഇതൊരു പ്രത്യയശാസ്ത്രമായി സ്ഥാപിക്കാനും, അതിനെ ന്യായീകരിക്കാനും ശ്രമിക്കുന്നവരുണ്ട്.

വൈകല്യമുള്ളവരെയോ, രോഗികളെയോ, എന്തിന് ആരെയും നാം ഒരിക്കലും നമുക്ക് വലിച്ചെറിയാനാവില്ല. ജീവന്‍ അതിന്‍റെ ഏതു ഘട്ടത്തിലും പരിരക്ഷക്കപ്പെടേണ്ടതാണ്, സംരക്ഷിക്കപ്പെടേണ്ടതാണ്. ഇത് അടിസ്ഥാന നിയമവും, ധാര്‍മ്മികതയുമാണ്. പ്രബോധനങ്ങളെയും നിയമങ്ങളെയും ആധുനികതയുടെ പ്രത്യയശാസ്ത്രങ്ങള്‍കൊണ്ട് മറികടക്കാം എന്നൊരു ചിന്താഗതി വളര്‍ന്നുവരുന്നുണ്ട്.

“സ്നേഹമുള്ളവര്‍ സ്നേഹത്തിന്‍റെ കല്പനകള്‍ പാലിക്കും.

ഞാന്‍ കടന്നുപോകുമെങ്കിലും നിങ്ങള്‍ക്കെന്‍റെ അരൂപിയെ നല്‍കപ്പെടും,

സഹായകന്‍ വരും” (യോഹ. 14, 16).

ക്രിസ്തുവിന്‍റെ വാക്കുകളാണിത്. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം വിവരിക്കുന്ന സന്ദേശം ഇതാണ്. ക്രിസ്തുവിനെ അറിയുന്നവരിലും അവിടുത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള്‍ ജീവിക്കും ചെയ്യുന്നവരിലും അവിടുത്തെ അരൂപി, ദൈവാത്മാവ്, പരിശുദ്ധാത്മാവ് വസിക്കുന്നു. ഇതാണ് സുവിശേഷസന്ദേശം. തന്‍റെ ജീവിതകാലത്ത് സ്നേഹവും സാന്ത്വനവുമായി, ശാന്തിയും സമാധാനവുമായി ക്രിസ്തു മനുഷ്യര്‍ക്കൊപ്പം ജീവിച്ചതുപോലെ... അവിടുത്തെ ആത്മാവ്, ഇന്നും ലോകത്തു വസിക്കുന്നു. അങ്ങനെ ക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടുത്തെ ഉള്‍ക്കൊള്ളുകയും, അവിടുത്തെ കല്പനകള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരില്‍ ദൈവാരൂപി വസിക്കുമെന്ന വാഗ്ദാനമാണ് പെസഹാക്കാലത്തിന്‍റെ അവസാനഭാഗത്ത്, ആറാംവാരത്തിന്‍റെ വചനഭാഗം നമുക്കു നല്കുന്നത്.

കടന്നുപോകുന്നതിനുമുന്‍പ് ഉത്ഥിതനായ ക്രിസ്തു നല്കുന്ന സന്ദേശമിതാണ്. അവിടുന്ന് നമ്മെ അനാഥരായി ഒരിക്കലും വിടുകയില്ല. അവിടുന്നു ജീവിച്ചതുപോലെ, നന്മയുടെയും സ്നേഹത്തിന്‍റെയും പ്രയോക്താക്കളായി ജീവിക്കാന്‍ അവിടുന്ന് നമ്മോട് ഓരോരുത്തരോടും ആവശ്യപ്പെടുന്നു.  “ഞാന്‍ പിതാവിലും, നിങ്ങള്‍ എന്നിലും, ഞാന്‍ നിങ്ങളിലുമാണ്…” (യോഹ. 14, 20),  എന്ന് അവിടുന്നു പറയുമ്പോള്‍ ഒരു ‘ത്രിത്വമാന’മുള്ള ജീവിത കൂട്ടായ്മയുടെയും, സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശമാണ് നാം ഉള്‍ക്കൊള്ളേണ്ടതാണ്.  ക്രിസ്തുവിന്‍റെ കല്പനകള്‍ സ്വീകരിക്കുകയും അവ പാലിക്കുകയും ചെയ്യുന്നവര്‍ അവിടുത്തെ സ്നേഹിതരും, അവിടുത്തെ ശിഷ്യരുമായിരിക്കും. അവര്‍ ഒരുമയില്‍ വസിക്കും, ഐക്യത്തില്‍ ജീവിക്കും.

                                “നിങ്ങളെന്‍ കല്പന ആദരിച്ചീടുകില്‍

                    നിങ്ങളെന്‍ സ്നേഹിതരായിമേവും...!” (യോഹ. 14, 15).

ക്രിസ്തുവിന്‍റെ കല്പനകള്‍ പാലിച്ച്, അവിടുത്തെ സ്നേഹത്തില്‍ വസിക്കുന്നവരെ പിതാവു സ്നേഹിക്കുന്നു. ക്രിസ്തു അവരെ സ്നേഹിക്കുന്നു, അവര്‍ ക്രിസ്തു ശിഷ്യരായി മാറുന്നു. അവിടുന്നവര്‍ക്ക് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. ഇതാണ് ക്രിസ്തീയ കൂട്ടായ്മ. ഇതാണ് ക്രൈസ്തവില്‍ കേന്ദ്രീകൃതമായ സമൂഹം! ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ വസിക്കുന്നവര്‍  സ്നേഹസമൂഹമാണ്, ക്രിസ്തുവിനെ അനുകരിക്കുന്നവര്‍ അവിടുത്തെ മൂര്‍ത്തരൂപങ്ങളായി മാറുന്നു.  ഈ ഭൂമിയില്‍ സാക്ഷാത്ക്കരിക്കേണ്ട സ്വര്‍ഗ്ഗീയാനന്ദമാണിത്  The to-be- realized eschatology here on earth!  നാം ആവിഷ്ക്കരിക്കേണ്ടതും യാഥാര്‍ത്ഥ്യമാക്കേണ്ടതുമായ ദൈവരാജ്യത്തിന്‍റെ കൂട്ടായ്മയാണിത്.

ആദിമസഭയെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ആദ്യവായനയില്‍, അപ്പസ്തോല നടപടിപ്പുസ്തകം പ്രതിപാദിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ക്ക് അനുസൃതമായി ഒരുമയോടെ ജീവിക്കാനുള്ള നിരന്തരമായ പരിശ്രമമാണ് നടപടിപ്പുസ്തകം വരച്ചുകാട്ടുന്നത്. ഭിന്നിപ്പും വഴക്കും, അഭിപ്രായഭിന്നതകളും ഉണ്ടായപ്പോള്‍ വിശ്വാസികളെ ക്രിസ്തുവില്‍ ഒന്നിപ്പിക്കാനും അവിടുത്തെ പ്രബോധനങ്ങളില്‍ ഒരുമിച്ചു നിറുത്താനും നിരന്തരവും ക്ലേശകരവുമായ ചുവടുവയ്പുകള്‍ അപ്പസ്തോലന്മാര്‍ എടുത്തിരുന്നു. സഭയുടെ ആദ്യകാലത്തെ പ്രേഷിതരായ പൗലോസും ബാര്‍ണബാസും ചെയ്തത് ഇതാണ് - നടപടിപ്പുസ്തകം വിവരിക്കുന്നു.  

സത്യസന്ധമായ പ്രബോധനങ്ങള്‍ മനുഷ്യരെ ഒന്നിപ്പിക്കും. എന്നാല്‍ സ്വാര്‍ത്ഥമായ പ്രത്യയശാസ്ത്രങ്ങള്‍ ഭിന്നിപ്പിക്കും. പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളാണിത്. ഇന്നും സംഭവിക്കുന്ന സഭയിലെ മാനുഷിക നീക്കങ്ങള്‍ക്ക് ഒരു താക്കീതുമാണ്. വിജാതിയരില്‍നിന്നും വിശ്വാസം സ്വീകരിച്ച 49 പേരെ മോശയുടെ നിയമപ്രകാരം പരിച്ഛേദനകര്‍മ്മത്തിന് വിധേയരാകണമോ, വേണ്ടയോ എന്നതായിരുന്നു ആദ്യസമൂഹത്തിലെ തര്‍ക്കം. സഭയില്‍ പിളര്‍പ്പുണ്ടായി. അസൂയയുടെയും അധികാരത്തിന്‍റെയും കുബുദ്ധികളുടെയും പ്രകടനങ്ങള്‍ ആദിമ സഭയിലും ഉണ്ടായിരുന്നു. പണം സമ്പാദിക്കാനും, അധികാരം പിടിച്ചുപറ്റുവാനും താല്പര്യമുള്ളവര്‍ ഇന്നത്തെപോലെതന്നെ അന്നും ഉണ്ടായിരുന്നു. അതിനാല്‍ അവരുടെ ഇടയില്‍ പ്രതിസന്ധികളുമുണ്ടായിരുന്നു. കലങ്ങിമറിഞ്ഞ സഭാമക്കളുടെ മനസ്സുകള്‍ക്ക് പരിശുദ്ധാത്മാവ് വെളിച്ചംപകരുന്നു. ദൈവാത്മാവ് അവരെ പ്രചോദിപ്പിച്ചു. ക്രിസ്തുവിന്‍റെ കല്പനകള്‍ അവര്‍ക്ക് കാവലും മാര്‍ഗ്ഗദീപവുമായെന്ന് നടപടി പുസ്തകും സാക്ഷ്യപ്പെടുത്തുന്നു.

സംവദിക്കാനും, തുറവോടും സ്വാതന്ത്ര്യത്തോടുംകൂടെ സംസാരിക്കാനും, ഉത്തരവാദിത്തമുള്ളവരുമായി ചര്‍ച്ചചെയ്യാനും നാം സന്നദ്ധരാകേണ്ടിയിരിക്കുന്നു. ഇത്  ഇന്നത്തെ ആദ്യവായ ഉദ്ബോധിപ്പിക്കുന്നുണ്ട് (നടപടി 8, 5-8, 14-17). തുറവുള്ളതും സ്വതന്ത്രവുമായ സംവാദമാണ് പ്രതിസന്ധികളില്‍ അരൂപിയുടെ പ്രചോദനങ്ങള്‍ക്ക് വഴി തുറക്കുന്നത്. വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിച്ച മാംസം, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട മൃഗങ്ങളുടെ രക്തം, വിഗ്രഹങ്ങളുടെ ബലിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം അവിഹിതമാണെന്നതു സംബന്ധിച്ച തര്‍ക്കങ്ങളാണ് ആദ്യകാലത്തെ സഭയില്‍ ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ഇവയൊന്നും കര്‍ത്താവിന്‍റെ വചനമോ പ്രബോധനങ്ങളോ ആയിരുന്നില്ല. മനുഷ്യനിര്‍മ്മിതമായ പ്രശ്നങ്ങളാണ് അല്ലെങ്കില്‍ സാമൂഹിക ആചാരമായി സൃഷ്ടിക്കപ്പെട്ട നിഷ്ഠകളാണ്.

വിജാതിയരെ വിളിച്ചത് കര്‍ത്താവിന്‍റെ അരൂപിയാണ്. നമ്മുടെ സമൂഹങ്ങളിലും കുടുംബങ്ങളിലും ക്രിസ്തുവിന്‍റെ ചൈതന്യം വളരണം. ദൈവകല്പനകളിലും സഭാപ്രബോധനങ്ങളിലും അടിസ്ഥാനമുള്ള സംവാദമാണ് യഥാര്‍ത്ഥ പ്രശ്നപരിഹാരം. മറിച്ച് നവമായ പ്രത്യയ ശാസ്ത്രങ്ങളോ, പുതിയ സിദ്ധാന്തങ്ങളോ, വാദമുഖങ്ങളോ കെട്ടിച്ചമയ്ക്കുകയല്ല വേണ്ടത്!   ക്രിസ്തു കല്പിച്ച കാര്യങ്ങള്‍ ജീവിക്കാന്‍ ദൈവാത്മാവ് നമ്മെ പ്രചോദിപ്പിക്കുന്നു, നമ്മെ ക്ഷണിക്കുന്നു. സ്വന്തമായ പ്രത്യയശാസ്ത്രങ്ങള്‍കൊണ്ട് ഭീഷണി മുഴക്കരുത്. നവീകരണത്തിനും മാറ്റത്തിനും തുരംങ്കംവയ്ക്കരുത്! ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുടെ രീതി, പരിശുദ്ധാത്മാവിനാല്‍ പ്രേരിതമാണ്. “ഉത്ഥിതനായ ക്രിസ്തു ജീവദാതാവായ ആത്മാവായി പരിണമിച്ചു. അവിടുന്നു നമ്മോടൊത്തു ഈ ലോകത്തു വസിക്കുന്നു...,” എന്ന് പൗലോസ്ലീഹാ ഉദ്ബോധിപ്പിച്ചിട്ടുണ്ടല്ലോ (1കൊറി. 15, 46). ദൈവാരൂപി തെളിയിച്ച വഴിയാണത്, ദൈവികവഴിയാണത്!   അത് മനുഷ്യരെ ഒന്നിപ്പിക്കും, ഒരുമയില്‍ നയിക്കും. ആകയാല്‍ ക്രിസ്തുവില്‍ വസിക്കാം, സഹോദരസ്നേഹത്തില്‍ ഒരുമിക്കാം, വളരാം! (യോഹ. 15, 12-17). സ്നേഹതീരങ്ങള്‍ ‍തീര്‍ക്കാനുള്ള വഴികള്‍ യേശുവിന്‍റെ ആത്മാവ് രൂപാന്തരപ്പെടുത്തുമ്പോള്‍ അവിടുന്ന് നമ്മില്‍ വസിക്കട്ടെ,  അരൂപി നമ്മെ നയിക്കട്ടെ! ദൈവം തന്‍റെ ജനത്തെ കാത്തുപാലിക്കട്ടെ!








All the contents on this site are copyrighted ©.