2017-05-16 13:30:00

ലോകമേകുന്നത് ക്ലേശവിമുക്ത സമാധനം


ലോകം ആഗ്രഹിക്കുന്നത് യാതനകളില്‍ നിന്ന് മുക്തമായ ഒരു സമാധാനമാണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ ചൊവ്വാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അന്ത്യ അത്താഴവേളയില്‍ യേശു ശിഷ്യന്മാരോടു പറഞ്ഞ വാക്കുകള്‍, അതായത്, “ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടു പോകുന്നു, എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു” ഈ വാക്കുകള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

കുരിശിനെ നമ്മില്‍ നിന്നു മറയ്ക്കുന്നതിന് മയക്കത്തിലാഴ്ത്തപ്പെട്ട ഒരു സമാധാനമാണ് ലോകം ആഗ്രഹിക്കുന്നതെന്നും അതു നമുക്കേകുന്നത് കഷ്ടപ്പാടുകള്‍ ഇല്ലാത്ത കൃത്രിമ സമാധാനം, പ്രശാന്തതയില്‍ ഒതുക്കിയ ഒരു ശാന്തി ആണെന്നും പാപ്പാ വിശദീകരിച്ചു.

ഈ പ്രശാന്തത ഒരുവനെ അവനില്‍ത്തന്നെ അടച്ചിടുകയും പുറംലോകം കാണാന്‍ കഴിവില്ലാത്തവനാക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

എന്നാല്‍ ദൈവം നല്കുന്ന യഥാര്‍ത്ഥ സമാധാനം കുരിശുള്‍ക്കൊള്ളുന്നതാണെന്നും കുരിശില്ലാത്തൊരു സമാധാനം ഇല്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ജീവിതയാഥാര്‍ത്ഥ്യത്തിലുള്ളതും, ജീവനെ നിഷേധിക്കാത്തതുമായ യഥാര്‍ത്ഥ സമാധാനമാണ് ദൈവം നല്കുന്നതെന്നും പ്രസ്താവിച്ച പാപ്പാ ജീവിതത്തില്‍ സഹനമുണ്ട്, രോഗികളുണ്ട്, അനിഷ്‌ടസംഭവങ്ങളുണ്ട്, യുദ്ധങ്ങളുണ്ട് എന്ന് വിശദീകരിക്കുകയും ദൈവം നല്കുന്നത് ഒരിക്കലും നഷ്ടപ്പെടാത്തതായ ആന്തരികസമാധാനമാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ഈ ആന്തരിക സമാധാനത്തിനായി പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.   








All the contents on this site are copyrighted ©.