2017-05-16 09:27:00

ഒരു സമാശ്വാസ ഗീതത്തിന്‍റെ പഠനം : സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം


സങ്കീര്‍ത്തനം 84-ന്‍റെ പഠനം ആദ്യഭാഗം. പരമ്പരയുടെ 37-Ɔ൦ ഭാഗം.

സങ്കീര്‍ത്തനം 84-ന്‍റെ പഠനം ആരംഭിക്കുകയാണ്. 12 പദങ്ങള്‍ മാത്രമുള്ള ഈ ഗീതത്തെ സമാശ്വാസഗീതമെന്നാണ് ബൈബിള്‍ നിരൂപകന്മാര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ സങ്കീര്‍ത്തനങ്ങളുടെ തരം തിരിക്കലില്‍ ബൈബിള്‍ പണ്ഡിതന്മാര്‍ ഇതിനെ സിയോണ്‍ സങ്കീര്‍ത്തനമെന്നു വിളിക്കാന്നു. സത്തയില്‍ രണ്ടും ഒന്നു തന്നെയാണെങ്കിലും ആമുഖത്തില്‍തന്നെ തരംതിരിക്കലിന്‍റെ പൊരുള്‍ വ്യക്തമാക്കിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാം. സിയോണ്‍ സങ്കീര്‍ത്തനങ്ങളെക്കുറിച്ച് നാം ആമുഖ പഠനത്തില്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. എങ്കിലും ഓര്‍മ്മ പുതുക്കിക്കൊണ്ട് 84-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ തരം, വിഭജനം, സഭാവം എന്നിവ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. കര്‍ത്താവിന്‍റെ ആലയമായ ജരൂസലേം അല്ലെങ്കില്‍ സിയോണിനെ സ്തുതിക്കുന്ന, അല്ലെങ്കില്‍ പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങളെയാണ് സിയോണ്‍ സങ്കീര്‍ത്തനങ്ങള്‍ എന്നു പറയുന്നത്. അങ്ങനെ കര്‍ത്താവിന്‍റെ ആലയത്തില്‍ വസിക്കുന്നതിലുള്ള സന്തോഷവും സംതൃപ്തിയും, സമാശ്വാസവും പ്രകടമാക്കുന്ന സങ്കീര്‍ത്തനത്തെ സിയോണ്‍ സങ്കീര്‍ത്തനം, അല്ലെങ്കില്‍ സമാശ്വാസത്തിന്‍റെ സങ്കീര്‍ത്തനം എന്നു വിളിക്കുന്നു. അതായത് കര്‍ത്താവിന്‍റെ ആലയത്തില്‍ ആയിരിക്കുന്നതിലുള്ള സമാശ്വാസവും സന്തോഷവുമാണ് പദങ്ങളില്‍ സങ്കീര്‍ത്തകന്‍ വ്യക്തമാക്കുന്നത്. ആദ്യപദത്തില്‍ തെളിഞ്ഞുനില്ക്കുന്നതും ഈ ദൈവിക സന്നിദ്ധ്യസന്തോഷമാണ്.

കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!

എത്ര മോഹനം, മനോഹരം...! ‘എത്ര’.. എന്ന പ്രയോഗം സങ്കീര്‍ത്തകന്‍റെ ആശ്ചര്യവും സന്തോഷവും വ്യക്തമാക്കുന്നു.  ഗാനാവിഷ്ക്കാരത്തില്‍ മനഃപൂര്‍വ്വം മോഹനരാഗം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാവരസം വെളിപ്പെടുത്തുന്ന രാഗമെന്നാണ് കര്‍ണ്ണാടക സംഗീതപടുക്കള്‍ മോഹനരാഗത്തെ വിശേഷിപ്പിക്കുന്നത്.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചിരിക്കുന്നത് ‍ഡാവിനയും സംഘവും.

Musical Version of Ps. 84

കര്‍ത്താവേ, അങ്ങേ വാസസ്ഥലം  എത്ര മോഹനം മനോഹരം! (2).

സിയോനെക്കുറിച്ച് ഇനിയും മനസ്സിലാക്കിക്കൊണ്ട് നമുക്ക് പഠനം പുരോഗമിക്കാം. യഥാര്‍ത്ഥത്തില്‍ ഇസ്രായേലിലെ മലയാണ് സിയോണ്‍. ആ മലയില്‍ ദൈവം വസിക്കുന്നു, എന്നര്‍ത്ഥത്തില്‍ അതിനെ ‘കര്‍ത്താവിന്‍റെ മല’യെന്നു വിളിക്കാറുണ്ട്. ദാവീദു രാജാവ് ജെബൂസിയരുടെ കൈകളില്‍നിന്നും ഈ മല പിടിച്ചെടുക്കുകയും,  ഇസ്രായേലിനെ തന്‍റെ സാമ്രാജ്യത്തിന്‍റെ ആസ്ഥാനമാക്കുകയും ചെയ്തത് ചരിത്രമാണ്. പിന്നീട് ഈ പര്‍വ്വതസ്ഥാനത്തെ ദാവീദിന്‍റെ മലയെന്നും, ദാവീദിന്‍റെ പട്ടണം എന്നും അങ്ങനെയാണ് അറിയപ്പെടുവാന്‍ തുടങ്ങിയത്.  ക്രിസ്തുവിന്  ഏകദേശം 580 വര്‍ഷങ്ങള്‍ക്കുമുന്‍പ് ‘കര്‍ത്താവിന്‍റെ മല’ എന്നര്‍ത്ഥത്തില്‍ ജരൂസലേത്തെ സിയോണ്‍, എന്നു വിളിച്ചിരുന്നു. ‘ദൈവത്തിന്‍റെ പരിശുദ്ധപര്‍വ്വത’മായും, അവിടുന്നു തന്‍റെ വാസസ്ഥലമായും തിരഞ്ഞെടുത്ത പര്‍വ്വതത്തെ, ‘ദൈവത്തിന്‍റെ പട്ടണ’മായും, സൈന്യങ്ങളുടെ കര്‍ത്താവായ യാഹ്വേയുടെ പട്ടണമായും, അത്യുന്നതന്‍റെ വാസ്ഥലമായും സെഹിയോനെ ഇസ്രായേല്‍ ജനം സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു.  മാത്രമല്ല, യാഹ്വേയെ ബഹുമാനിക്കാന്‍ ഇസ്രായേല്‍ ഗോത്രങ്ങള്‍ ഇവിടെ വന്നുകൂടുന്നു.

ഈ തീര്‍ത്ഥാടന കേന്ദ്രത്തിനുവേണ്ടി, യാവേയുടെ തിരുമുറ്റത്തിനായി സങ്കീര്‍ത്തകന്‍റെ അന്തരാത്മാവ് കൊതിക്കുന്നതായും, ദാഹിക്കുന്നതുമായിട്ടാണ് പദങ്ങള്‍ വിവരിക്കുന്നത്. ഇസ്രേയേല്യര്‍ അല്ലാത്തവരും അവിടെ അഭയം തേടുന്നു. കാരണം, സെഹിയോണ്‍ എല്ലാവരുടെയും മാതാവാണ്. അമ്മയാണ്. സെഹിയോണ്‍ എന്ന വാക്കിന് Castle, കോട്ട, ക്യാമ്പ്... എന്നെല്ലാം അര്‍ത്ഥമുണ്ട്.  സിയോണ്‍ മലയെ, അല്ലെങ്കില്‍ മലയാകുന്ന ദൈവസ്ഥാനത്തെയും, ജരൂസലേം ദേവാലയത്തെയും ‘മൂര്‍ത്തീകരിക്കുന്ന,’ വ്യക്തിത്വം നല്കി വിശേഷിപ്പിക്കുന്ന ഒരു ശൈലി, രീതി ഇവിടെ ശ്രദ്ധേയമാണ്. മലയും ദൈവസ്ഥാനങ്ങളും ഇങ്ങനെ മൂര്‍ത്തീകരിക്കപ്പെടുന്നത് ഇസ്രായേലില്‍ മാത്രമല്ല മനുഷ്യചരിത്രത്തില്‍ എവിടെയുമെന്ന് നമുക്ക് കാണാവുന്നതാണ്, ഇന്നും... എന്നാല്‍ ഇസ്രായേല്യരുടെ ജീവിതത്തിലും ചരിത്രത്തിലും സിയോണ്‍ അത്രത്തോളം സ്ഥാനംപിടിച്ചു എന്നുവേണം മനസ്സിലാക്കാന്‍.

             Musical Version Ps. 84

           എന്‍റെ രക്ഷകനായ ദൈവമേ, അങ്ങേ അഭിഷിക്തനെ  നിത്യം കടാക്ഷിക്കണമേ, അങ്ങു നിത്യം കടാക്ഷിക്കണമേ

അന്യഗൃഹത്തില്‍ ആയിരം ദിനങ്ങളെക്കാള്‍ അങ്ങേ ഗൃഹത്തില്‍ വസിപ്പെതെത്രയോ ഭാഗ്യമിതേ, ഓ, ഭാഗ്യമിതേ...

സിയോനെക്കുറിച്ചും സിയോന്‍ ഗീതത്തെക്കുറിച്ചും ഇത്രയും ആമുഖമായി പറഞ്ഞശേഷം നമുക്കിനി സങ്കീര്‍ത്തനപദങ്ങള്‍ പരിചയപ്പെട്ടുകൊണ്ട് ഈ സിയോണ്‍ ഗീതത്തെ മനസ്സിലാക്കുവാനും, പഠിക്കുവാനും ശ്രമിക്കാം.

Recitation

 സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം

എന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍ തീവ്രമായ് ആഗ്രഹിക്കുന്നു

 എന്‍റെ മനസ്സും ശരീരവും ജീവിക്കുന്നവാനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.

സ്തുതിപ്പിന്‍റെ എറെ മധുരവും ശക്തവുമായ ശൈലി ഉപയോഗിക്കുന്ന സമാശ്വാസത്തിന്‍റെ സങ്കീര്‍ത്തനമാണിത്. ദൈവവുമായുള്ള ആഴമേറിയ ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും അനുഗ്രഹത്തെ വിവരിക്കുന്ന സങ്കീര്‍ത്തകന്‍ ദൈവിക സാന്നിദ്ധ്യത്തിനായി കൊതിക്കുന്നു, ദാഹിക്കുന്നു, മോഹിക്കുന്നു. അങ്ങനെ ജരൂസലത്തോടുള്ള ഇസ്രായിലിന്‍റെ ആഴമായ ഭക്തി വ്യക്തമാക്കുന്ന ഗാനമാണിതെന്ന് ആദ്യപദങ്ങള്‍ തന്നെ, ആദ്യപദങ്ങളുടെ പഠനം നമുക്ക് കടുതല്‍ മനസ്സിലാക്കിതരുന്നു.

           Musical Version Ps. 84

കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്രമോഹനം മനോഹരം! (2)

എന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍  തീവ്രമായ് ആഗ്രഹിക്കുന്നു

എന്‍റെ മനസ്സും ശരീരവും ജീവനുള്ള ദൈവത്തിനു  സ്തോത്രഗീതം ആലപിക്കുന്നു.

തീര്‍ത്ഥാടകരുടെ അതിവിശിഷ്ടമായ മോഹങ്ങളും ആഗ്രഹവും, തീര്‍ത്ഥയാത്രയും പ്രാര്‍ത്ഥനയുമെല്ലാം സങ്കീര്‍ത്തനപദങ്ങളില്‍ സ്ഫുരിക്കുന്നുണ്ട്. ഒരു പക്ഷേ, കൂടാരത്തിരുന്നാളിന് ജരൂസലത്തെത്തുന്ന തീര്‍ത്ഥാടകന്‍ ദേവാലയ കവാടത്തിനു മുമ്പില്‍നിന്നുകൊണ്ട് യാഹ്വേയുടെ വാസസ്ഥലത്തെ സ്തുതിക്കുന്നതാകാം ഈ ഗീതമെന്ന് തോന്നിപ്പോകും. ദൈവഭവനത്തിനുവേണ്ടി തീവ്രമായി കാംക്ഷിക്കുകയാണവര്‍. കര്‍ത്താവിന്‍റെ ഭവനത്തില്‍ വസിക്കുകയാണ് അവരുടെ ഏറ്റവും വലിയ ഭാഗ്യം. വിപ്രവാസ കാലത്തിനുമുമ്പ് രചിച്ചതായിരിക്കണം ഈ ഗീതമെന്നാണ് നിരൂപകന്‍മാരുടെ അഭിപ്രായം, അതായത്, ക്രിസ്തുവിന് ഏകദേശം 550 വര്‍ഷങ്ങള്‍ക്കുമുന്‍പ്. അതുകൊണ്ടാണ് മൂലരചനയില്‍ സൈന്യങ്ങളുടെ കര്‍ത്താവേ, യോദ്ധാവായ ദൈവമേ, എന്ന് സങ്കീര്‍ത്തകന്‍ ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

സെഹിയോണ്‍ കീര്‍ത്തനങ്ങളില്‍പ്പെട്ടതാണ് 84-‍Ɔ൦ സങ്കീര്‍ത്തനമെന്ന്, നാം ആമുഖത്തില്‍ സൂചിപ്പിച്ചുവല്ലോ. കാരണം ഇസ്രായേല്‍ ജനത്തെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിന്‍റെയും നിലനില്പിന്‍റെയും പരിപാലനയുടെയും സൃഷ്ടിയുടെയും സൃഷ്ടവസ്തുക്കളുടെയുമെല്ലാം കേന്ദ്രസ്ഥാനം എന്നുപേരുള്ള സിയോണ്‍, ഭൂമിയിലെ ചെറിയൊരു ഇടം മാത്രമായിരുന്നു. സിയോണ്‍ കര്‍ത്താവിന്‍റെ കോട്ടയും, അഭയകേന്ദ്രവും സങ്കേതവുമായിരുന്നു. പുതിയ നിയമത്തില്‍ സകലത്തിനെയും നവീകരിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്ന പുതിയ മനുഷ്യന്‍, പുതിയ ആദം, ക്രിസ്തുവിനെപ്പോലെയാണ് ഇസ്രായേല്യരുടെ ഈ ദിവ്യസ്ഥാനം, അവര്‍ക്ക് പ്രത്യാശയുടെ ആസ്ഥാനമായിരുന്നു. കാരണം പ്രകൃതി വിനാശത്തിനും, കൃഷിനാശത്തിനും രോഗങ്ങള്‍ക്കുമെല്ലാം അടിമപ്പെട്ടിരുന്ന ഇസ്രായേല്യര്‍ സദാ, കര്‍ത്താവിന്‍റെ മലയിലേയ്ക്ക് നോക്കിയാണ് പ്രത്യാശയോടെ മുന്നേറിയിരുന്നത്. സകലത്തിന്‍റെയും നാഥനായ ദൈവം, സ്രഷ്ടാവും പരിപാലകനുമായ ദൈവം സിയോണില്‍നിന്നും തങ്ങളെ പരിരക്ഷിക്കുമെന്നുള്ള ഉറപ്പോടെയാണ് അവര്‍ മുന്നേറുന്നതെന്ന് പദങ്ങളുടെ ശക്തവും ബോധ്യമുള്ള പ്രയോഗങ്ങളില്‍നിന്നു നമുക്കു മനസ്സിലാക്കാം.

                 Musical Version Ps. 84

     എന്‍റെ രക്ഷകനായ ദൈവമേ, അങ്ങേ അഭിഷിക്തനെ  നിത്യം കടാക്ഷിക്കണമേ, അങ്ങു നിത്യം കടാക്ഷിക്കണമേ

     അന്യഗൃഹത്തില്‍ ആയിരം ദിനങ്ങളെക്കാള്‍  അങ്ങേ ഗൃഹത്തില്‍ വസിപ്പെതെത്രയോ ഭാഗ്യമിതേ, ഓ, ഭാഗ്യമിതേ...

ചിത്രം > ഫാത്തിമാനാഥയുടെ തിരുനടയില്‍നിന്നും...

 








All the contents on this site are copyrighted ©.