2017-05-15 17:41:00

ഫാത്തിമ തീര്‍ത്ഥത്തിരുനടയെക്കുറിച്ച് ത്രികാല പ്രാര്‍ത്ഥനാസന്ദേശം


മെയ് 14-Ɔ൦ തിയതി ഞായറാഴ്ച. നല്ല  തെളിവുള്ള ദിവസം! വത്തിക്കാനിലെ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും പാപ്പാ ഫ്രാന്‍സിസിനെ കാണാനും ആയിരങ്ങളാണ് കാലെകൂട്ടി എത്തിയിരിക്കുന്നത്. മദ്ധ്യാഹ്നമായപ്പോഴേയ്ക്കും വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരം ജനനിബിഡമായിരുന്നു. വിവിധ രാജ്യക്കാരും, ഇറ്റലിയുടെ പല  ഭാഗങ്ങളില്‍നിന്നുമുള്ളവരും, സംഘടനകളുടെ പ്രതിനിധികളുമെല്ലാം കൊടിതോരണങ്ങളുമായി പാപ്പാ ഫ്രാന്‍സിസിനെ അഭിവാദ്യം ചെയ്യാനും ശ്രവിക്കാനും തയ്യാറായിനിന്നു. ശരാശരി ഇരുപത്തയ്യായിരത്തില്‍ അധികം പേരുണ്ടായിരുന്നെന്ന് വത്തിക്കാന്‍റെ കണക്കുകള്‍ വെളിപ്പെടുത്തി.

കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ എല്ലാവരെയും അഭിവാദ്യംചെയ്തു.  ഒരു നല്ലദിനത്തിന്‍റെ ആശംസകള്‍ എല്ലാവര്‍ക്കും നേര്‍ന്നുകൊണ്ട് പാപ്പാ ആരംഭിച്ചത്!

സന്ദേശം    കഴിഞ്ഞ രാത്രിയാണ് ഫാത്തിമ തീര്‍ത്ഥാടനം കഴിഞ്ഞ് താന്‍ തിരിച്ചെത്തിയത്. ഫാത്തിമാ മാതാവിനെ സ്തുതിക്കാം! ആത്മനിര്‍വൃതിയുടെ ഓര്‍മ്മകളും ദൈവികവാഗ്ദാനങ്ങളുംകൊണ്ട് നിറഞ്ഞ ഫാത്തിമയുടെ ചരിത്രത്തെ വിശ്വാസത്തിന്‍റെ കണ്ണുകളോടെ വീക്ഷിക്കുകയാണെങ്കില്‍ ഇന്നത്തെ ത്രികാലപ്രാര്‍ത്ഥനയ്ക്ക് പ്രത്യേക അര്‍ത്ഥം ലഭിക്കും. പാപ്പാ ചൂണ്ടിക്കാട്ടി. ഫാത്തിമയില്‍ തന്നെ സ്തബ്ധനാക്കിയത്, നൂറുവര്‍ഷത്തോളമായി അവിടെ ഒരു നദിപോലെ ഒഴുകിയെത്തി,, ലോകം മുഴുവന്‍റെയും സംരക്ഷണയ്ക്കായി കന്യകാനാഥയുടെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന ജനസഞ്ചയമാണ്. ഫാത്തിമമാതാവിന്‍റെ മുന്നില്‍ പ്രത്യശയുടെയും സമാധാനത്തിന്‍റെയും ഒരു തീര്‍ത്ഥാടകനായി നില്ക്കാനായത് നന്ദിയോടെ പാപ്പാ ഓര്‍മ്മിച്ചു. തന്നെ സ്വീകരിച്ച പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ്, അന്തോണിയോ കോസ്താ, അവിടത്തെ മെത്രാന്മാര്‍, പ്രത്യേകിച്ച് ഫാത്തിമ-ലേരിയായുടെ മെത്രാന്‍, അതുപോലെ സഹകരിച്ച മറ്റ് എല്ലാവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു.

ആദ്യദിനത്തില്‍ ഫാത്തിമാനാഥയുടെ ദര്‍ശനക്കപ്പേളയില്‍ എത്തിയ പതിനായിരങ്ങള്‍ക്കൊപ്പം നിശ്ശബ്ദമായി നിന്നുകൊണ്ട് പ്രാര്‍ത്ഥിച്ചത് ധ്യാനാത്മകതയുടെ സുന്ദരമുഹൂര്‍ത്തം സൃഷ്ടിച്ചു. എന്നാല്‍ എല്ലാറ്റിനും കേന്ദ്രമായി നിന്നത് വചനത്തിലും ദിവ്യകാരുണ്യത്തിലും സന്നിഹിതനായ ഉത്ഥിതനായ ക്രിസ്തുതന്നെയാണ്. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ എവിടെയും കാണുന്നതുപോലെ, ആരാധനക്രമ-അജപാലന ജീവിതത്തിന്‍റെ പ്രയോക്താക്കളെപ്പോലെ രോഗികളായ സഹോദരങ്ങളുടെ സാന്നിദ്ധ്യം ഫാത്തിമയിലും ഏറെ ശ്രദ്ധേയമായിരുന്നു.

തന്‍റെ ദൗത്യവാഹകരാകാന്‍  കന്യകാനാഥ ഫാത്തിമയില്‍ തിരഞ്ഞെടുത്തത് നിഷ്ക്കളങ്കരും പാവങ്ങളുമായ ഇടയക്കുട്ടികളെയാണ് – ലൂസിയ, ജസീന്ത, ഫ്രാന്‍സിസ്കൊ! ഫാത്തിമയിലെ സന്ദേശം യോഗ്യമായും വിശ്വസ്തമായും ഉള്‍ക്കൊണ്ടത് എളിയവരായ ആ കുട്ടികളാണ്. അതിനാല്‍ അവര്‍ ദര്‍ശനത്തിന്‍റെ വിശ്വസ്ത സാക്ഷികളും, ക്രൈസ്തവജീവിതത്തിന്‍റെ ഉത്തമമാതൃകകളുമായി അംഗീകരിക്കപ്പെട്ടു. ഇടയക്കുട്ടികളായ ഫ്രാന്‍സിസ്കൊയെയും ജസീന്തയെയും വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ട്, ക്രിസ്തുവിനോടുള്ള അവരുടെ വിശ്വസ്തതയും സുവിശേഷസാക്ഷ്യവും ലോകത്തിനു മാതൃകയായി നല്കുന്നതോടൊപ്പം, സഭയോട് താന്‍ പ്രത്യേകം ആവശ്യപ്പെടുന്നത് കുട്ടികളോട് നാം അതീവ പരിഗണനയുള്ളവരായിരിക്കണം എന്നാണ്. ഇടയക്കുട്ടികള്‍ക്ക് ജീവിത വിശുദ്ധി ലഭിച്ചത് കന്യകാനാഥയുടെ ദര്‍ശനത്തിന്‍റെ ഫലമായിട്ടല്ല.  മറിച്ച്, കന്യകാനാഥയുടെ ദര്‍ശനഭാഗ്യത്തോട് അവര്‍ കാണിച്ച ആര്‍ദ്രമായ വിശ്വാസത്തിന്‍റെയും വിശ്വസ്തതയുടെയും ഫലമായിരുന്നത്. പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി. പോര്‍ച്ചുഗലിലെ കൊവെ ദി ഈരിയയിലെ താഴ്വാരത്ത് അതീവ സുന്ദരിയായ സ്ത്രീയെ ദര്‍ശിച്ച നാള്‍മുതല്‍, പിന്നെയും കുട്ടികള്‍ ദിവ്യാംബികയുടെ പക്കല്‍ ചെല്ലുകയും, ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുകയും, പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യുകയും, ലോകത്ത് യുദ്ധം അവസാനിക്കാനും സമാധാനം വളരുന്നതിനുമായി പരിത്യാഗപ്രവര്‍ത്തികള്‍ ചെയ്യുകയും, ആത്മാക്കളുടെ രക്ഷയ്ക്കും ദൈവിക കാരുണ്യത്തിനുമായി പ്രാര്‍ത്ഥിക്കുകയുംചെയ്തു.

മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കേണ്ടതും പരിത്യാഗംചെയ്യേണ്ടതും ഇന്നിന്‍റെയും വലിയ ആവശ്യമാണ്. കാരണം ലോകത്ത് എവിടെയും യുദ്ധങ്ങള്‍ നടമാടുകയാണ്. അവ മെല്ലെ വ്യാപിക്കുന്നുമുണ്ട്. മാത്രമല്ല, അങ്ങിങ്ങായി നടക്കുന്ന ചെറുതും വലുതമായ സംഘട്ടനങ്ങള്‍ ലോകസമാധാനത്തെ വെല്ലുവിളിക്കുന്നു. മാനവികതയെ വികലമാക്കുന്നുണ്ട്! ഫാത്തിമനാഥയുടെ അനുഗ്രഹപ്രഭ നമ്മെ നയിക്കട്ടെ! മറിയത്തിന്‍റെ വിമലഹൃദയം എന്നും നമ്മുടെ അഭയകേന്ദ്രമാണ്, സമാശ്വാസമാണ്, ക്രിസ്തുവിലേയ്ക്കുള്ള മാര്‍ഗ്ഗമാണ്! പാപ്പാ ഉദ്ബോധിപ്പിച്ചു.

അഭിവാദ്യങ്ങളും ആശംസകളും    യുദ്ധം, അഭ്യാന്തരകലാപം എന്നിവമൂലം ഇന്നു വിവിധ രാജ്യങ്ങളില്‍ ക്ലേശിക്കുന്ന സഹോദരങ്ങളെ, പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശത്തുള്ളവരെ സമാധാനരാജ്ഞിയായ കന്യകാനാഥയ്ക്കു സമര്‍പ്പിക്കാം. നിര്‍ദ്ദോഷികളാണ് പീഡിപ്പിക്കപ്പെടുന്നത് - അതില്‍ ക്രിസ്ത്യാനികളും മുസ്ലിംങ്ങളുമുണ്ട്, യാസിദി മുസ്ലീങ്ങളെപ്പോലെ പീഡനങ്ങളും അതിക്രമങ്ങളും അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ പലരുമുണ്ട്. പ്രാര്‍ത്ഥനയോടെ അവരെ ഓര്‍ക്കാം. അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സന്നദ്ധസേവകരെയും പ്രത്യേകമായി അനുസ്മരിക്കാം. സംവാദത്തിന്‍റെയും സാമൂഹിക സൗഹൃദത്തിന്‍റെയും മാര്‍ഗ്ഗിത്തില്‍ സമാധാനവും സുരക്ഷയുമുള്ള, യുദ്ധമില്ലാത്തൊരു ഭാവി-ലോകത്തിനായി പരിശ്രമിക്കുന്ന പ്രസ്ഥാനങ്ങളെ ഇത്തരുണത്തില്‍ ഓര്‍ക്കുകയും അവരുടെ നീക്കങ്ങളെ ശ്ലാഘിക്കുകയും ചെയ്യാം. പാപ്പാ ആഹ്വാനംചെയ്തു.

ഈശോസഭാംഗമായ ധന്യനായ ജോണ്‍ സളിവനെ ശനിയാഴ്ച, അയര്‍ലണ്ടിലെ ഡബ്ലിനില്‍  മെയ് 13-Ɔ൦ തിയതി വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തിയ കാര്യം പാപ്പാ അനുസ്മരിപ്പിച്ചു. 18, 20 നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ച അദ്ദേഹം യുവാക്കളുടെ അജപാലകനായിരുന്നു. അവരുടെ രൂപീകരണത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിച്ചു. പാവങ്ങളുടെയും അഗതികളുടെയും പിതാവായിരുന്നു അദ്ദേഹം. ഈ പുണ്യാത്മാവിന്‍റെ ജീവിതസാക്ഷ്യത്തിന് ദൈവത്തിന് നന്ദിപറയണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

റോമാ നഗരത്തില്‍നിന്നു മാത്രമല്ല, ഇറ്റലിയുടെ ഇതരഭാഗങ്ങളില്‍നിന്നും, മറ്റു രാജ്യങ്ങളില്‍നിന്നും എത്തിയ തീര്‍ത്ഥാടകരെ പാപ്പാ പൊതുവായി അഭിവാദ്യംചെയ്തു. ലോകത്ത് പല രാജ്യങ്ങളിലും ‘മാതൃദിനം ആചരിക്കുന്നത് ഞായറാഴ്ചയാണെന്ന വസ്തുത പാപ്പാ എല്ലാവരെയും അനുസ്മരിപ്പിച്ചു. എന്നിട്ട് ഇറ്റലിയിലെ ബോര്‍ദിഗേരിയില്‍നിന്നുമെത്തിയ (Passegini Vuoti)  മാതൃസംഘടനയെ പാപ്പാ പ്രത്യേകം അഭിസംബോധനചെയ്തു. സമൂഹങ്ങളുടെ ഭാവിനന്മ കൃത്യമായും ആശ്രയിച്ചിരിക്കുന്നത് ജീവനെയും മാതൃത്വത്തെയുമാണ്. ഈ പ്രസ്താവം മാതൃദിനത്തില്‍ ഏറെ പ്രസക്തവും അനുസ്മരണീയവുമാണ്. അമ്മമാരെ, ജീവിക്കുന്നവരെയും സ്വര്‍ഗ്ഗംപൂകിയവരെയും സ്നേഹത്തോടും നന്ദിയോടുംകൂടെ അനുസ്മരിക്കാം! അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം!! യേശുവിന്‍റെ അമ്മയായ കന്യകാനാഥയ്ക്കു അമ്മമാരെ സമര്‍പ്പിക്കാം!!! പാപ്പാ ഹൃദ്യമായി ആഹ്വാനംചെയ്തു. അല്പസമയം നമ്മുടെ അമ്മമാര്‍ക്കുവേണ്ടി മൗനമായി പ്രാര്‍ത്ഥിക്കാം! പാപ്പാ നിര്‍ദ്ദേശിച്ചു. ചത്വരം ഉടനെ പൂര്‍ണ്ണ നിശ്ശബ്ദതയിലാണ്ടു.

തുടര്‍ന്ന് എല്ലാവക്കുമൊപ്പം പാപ്പാ സ്വര്‍ല്ലോക രാജ്ഞിയേ, ത്രികാലപ്രാര്‍ത്ഥന ചൊല്ലി.  എന്നിട്ട് അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.   എല്ലാവര്‍ക്കും ഒരു നല്ലദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ, എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ടുമാണ്  പാപ്പാ ജാലകത്തില്‍നിന്നും പിന്‍വാങ്ങിയത്. 








All the contents on this site are copyrighted ©.