2017-05-13 14:08:00

ദൈവത്തിന്‍റെ വിധിക്ക് മുന്‍തൂക്കം നല്കുന്നത് അനീതി


ദൈവത്തിന്‍റെ കാരുണ്യത്തെ അവിടത്തെ വിധിയാല്‍ അദ്ധ്യാരോപം ചെയ്യുന്നത് ദൈവത്തിനെതിരായ കടുത്ത അനീതിയാണെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച (12/05/17) ഫാത്തിമയില്‍ ഫാത്തിമനാഥയുടെ പ്രത്യക്ഷീകരണത്തിന്‍റെ  കപ്പേളയില്‍ മെഴുകുതിരിആശീര്‍വ്വാദകര്‍മ്മ മദ്ധ്യേ നടത്തിയ വിചിന്തനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ദൈവത്തിന്‍റെ വിധിക്കല്ല അവിടത്തെ കാരുണ്യത്തിനാണ് ഊന്നല്‍ നല്കേണ്ടത് എന്ന ആശയം ആവര്‍ത്തിച്ചവതരിപ്പിച്ചത്.

സുവിശേഷം കാട്ടിത്തരുന്നതുപോലെ, ദൈവത്തിന്‍റെ കാരുണ്യത്താല്‍ പാപങ്ങള്‍ പൊറുക്കപ്പെടും എന്നത് ആദ്യം എടുത്തുകാട്ടാതെ പാപങ്ങള്‍ക്ക് ദൈവം ശിക്ഷവിധിക്കും എന്നതിന് മുന്‍തൂക്കം നല്കുന്നത് ദൈവത്തിനും അവിടത്തെ വരപ്രസാദത്തിനും എതിരായ വലിയ അനീതിയാണെന്ന് പാപ്പാ വിശദീകരിച്ചു.

ദൈവത്തിന്‍റെ വിധി എന്നും അവിടത്തെ കാരുണ്യത്തില്‍ അധിഷ്ഠിതമായിരിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവത്തിന്‍റെ കാരുണ്യം നീതി നിഷേധിക്കുന്നില്ലയെന്നും കാരണം യേശു നമ്മുടെ പാപങ്ങളുടെ അനന്തരഫലങ്ങളെല്ലാം അവയ്ക്കടുത്ത ശിക്ഷയോടുകൂടിത്തന്നെ സ്വയം ഏറ്റെടുത്തുവെന്നും പാപ്പാ പറഞ്ഞു.

പരിശുദ്ധ കന്യകാമറിയത്തില്‍ വിളങ്ങുന്ന എളിമയെയും സ്നിദ്ധതയെയുംകുറിച്ചു പരാമര്‍ശിച്ച പാപ്പ അവ ബലഹീനരുടെയല്ല പ്രത്യുത ശക്തരുടെ പുണ്യങ്ങളാണെന്ന് ഓര്‍മ്മിപ്പിച്ചു.

നീതിയുടെയും ആര്‍ദ്രതയുടെയും മനനത്തിന്‍റെയും പരോന്മുഖതയുടെയും ബലതന്ത്രം ആണ് പരിശുദ്ധകന്യകാമറിയത്തെ സുവിശേഷവത്ക്കരണത്തിന്‍റെ മാതൃകയാക്കാന്‍ സഭാസമൂഹത്തിന് പ്രചോദനമെന്ന തന്‍റെ ഉദ്ബോധനം പാപ്പാ ആവര്‍ത്തിക്കുകയും ചെയ്തു.

ദര്‍ശനക്കപ്പേളയില്‍ മെഴുകുതിരി ആശീര്‍വ്വാദവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അവിടെ കത്തിനിന്നിരുന്ന പെസഹാമെഴുകുതിരിയില്‍ നിന്ന് ഒരു തിരി കൊളുത്തുകയും ശുശ്രൂഷകര്‍ ആ തിരിയില്‍ നിന്ന് വിശ്വാസികളുടെ സമൂഹത്തിലേക്ക് തിരിനാളം പകരുകയും ചെയ്തു.     

 








All the contents on this site are copyrighted ©.