2017-05-13 13:58:00

ജനതകളുടെ ഏകതാനതയും സമാധാനവും -പാപ്പായുടെ പ്രാര്‍ത്ഥന


ജനതകള്‍ക്കുമദ്ധ്യേ ഏകതാനത സംജാതമാകുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ 1917 മെയ് 13 ന് പരിശുദ്ധ കന്യകാമറിയം ഫ്രാന്‍സിസ്കൊ, ജസീന്ത, ലൂസിയ എന്നീ മൂന്നു ഇടയക്കുട്ടികള്‍ക്ക് പ്രത്യക്ഷയായതിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്‍(12/05/17) അവിടെ എത്തിയ ഫ്രാന്‍സിസ് പാപ്പാ അന്ന് വൈകുന്നേരം ഫാത്തിമാനാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തിലെ പ്രത്യക്ഷീകരണത്തിന്‍റെ കപ്പേളയില്‍ പരിശുദ്ധകന്യകയ്ക്ക് പുഷ്പമഞ്ജരി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു.

അഞ്ചുലക്ഷത്തോളം വിശ്വാസികള്‍ ദേവാലയങ്കണത്തില്‍ സന്നിഹിതരായിരുന്നു.

സകലരെയും ഒന്നിപ്പിക്കുന്നതായ വിരുന്നില്‍ സകലരുടെയും പാദക്ഷാളനം ചെയ്യുന്നതിനായി പ്രവാചകനും ദൂതനുമെന്നനിലയിലാണ് താന്‍ എത്തിയിരിക്കുന്നതെന്നും വാഴ്ത്തപ്പെട്ടവരായ ഫ്രാന്‍സിസ്കൊയുടെയും ജസീന്തയുടെയും മാതൃക പിന്‍ചെന്നുകൊണ്ട് എല്ലാ മതിലുകളും തകര്‍ത്തും എല്ലാ അതിരുകളും കവച്ചുവച്ചും, പ്രാന്തങ്ങളിലെത്തി ദൈവത്തിന്‍റെ സമാധാനവും നീതിയും സകലര്‍ക്കും കാണിച്ചുകൊടുക്കുന്ന തീര്‍ത്ഥാടകരായി എല്ലാ വഴികളിലൂടെയും സഞ്ചരിക്കുമെന്നും പാപ്പാ സുദീര്‍ഘമായ ഈ പ്രാര്‍ത്ഥനയില്‍ പരിശുദ്ധ കന്യകയ്ക്ക് ഉറപ്പു നല്കി.

വിശ്വത്തിന് വിനാശകാരണങ്ങളായ യുദ്ധങ്ങളാലും, ഇന്നും, ചൊരിയപ്പെടുന്ന കുഞ്ഞാ‌ടിന്‍റെ നിണത്താല്‍ കഴുകപ്പെട്ട ധവളവ്സത്രധാരിണിയായ ഒരു സഭയായിരിക്കുമെന്നും പാപ്പാ വാഗ്ദാനം ചെയ്തു.

അപ്രകാരം ദൈവം ഉണ്ട്, ദൈവം ജനങ്ങള്‍ക്കിടയില്‍ വസിക്കുന്നു എന്ന് സകലര്‍ക്കും കാണിച്ചുകൊടുത്തുകൊണ്ട് പ്രഭാപൂരിത സ്തംഭമായിരിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും പാപ്പാ പ്രാര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.