2017-05-11 10:25:00

ഫാത്തിമയിലേയ്ക്കൊരു സ്നേഹദൂത് : പാപ്പായുടെ ‘വീഡിയോ’ സന്ദേശം


മെയ് 10-Ɔ൦ തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് പോര്‍ച്ചുഗലിലെ ജനങ്ങള്‍ക്കായി വീഡിയോ സന്ദേശം അയച്ചു. വരുന്ന വെള്ളി ശനി ദിവസങ്ങളില്‍ നടത്തുന്ന അപ്പസ്തോലിക തീര്‍ത്ഥാടനത്തിന് ഒരുക്കമാണ് ഈ സന്ദേശം. പോര്‍ച്ചുഗീസ് ഭാഷയില്‍ പാപ്പാ ഉരുവിട്ട സന്ദേശത്തിന്‍റെ പരിഭാഷ ചുവടെ ചേര്‍ക്കുന്നു:

(see also video clipping attached below)

ഫാത്തിമ മാതാവിന്‍റെ പക്കലേയ്ക്കുള്ള തീര്‍ത്ഥാടന ദിവസങ്ങള്‍ ആസന്നമായി !  മാതൃസന്നിധിയില്‍ നിങ്ങള്‍ക്കൊപ്പമുള്ള കൂടിക്കാഴ്ചയുടെ ചിന്തയാണ് മനസ്സു നിറയെ...!

നിങ്ങളുടെ ഭവനങ്ങളിലും സമൂഹങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും എന്നെ ഹൃദ്യമായി സ്വീകരിക്കുമെന്ന് അറിയാം. നിങ്ങളുടെ ഔദ്യോഗിക ക്ഷണം എനിക്കു കിട്ടിക്കഴി‍ഞ്ഞു. എന്നാല്‍ അത് പൂര്‍ണ്ണമായും സ്വീകരിക്കാനാകാത്തതില്‍ ഖേദമുണ്ട്. കാരണം ഒരു ധാരണയോടെയാണെങ്കിലും, പോര്‍ച്ചുഗലിലെ അധികാരികളുടെ വിവിധ ഔദ്യോഗിക പരിപാടികള്‍ മറികടന്നാണ് എന്‍റെ ഫാത്തിമ തീര്‍ത്ഥാടനം യാഥാര്‍ത്ഥ്യമാക്കുന്നത്. അതുവഴി സകലര്‍ക്കും മാതൃസന്നിധിയില്‍ എന്നെപ്പോലെ ഒരു പൂര്‍ണ്ണതീര്‍ത്ഥാടനത്തിന്‍റെ അനുഭവം ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് അപ്രകാരം ചെയ്യുന്നത്.

ക്രിസ്തു ഭരമേല്പിച്ച ഉത്തരവാദിത്വത്തില്‍ ഞാന്‍ ലോകത്തിന് ഒരു ആത്മീയ അജപാലകനാണ് (യോഹ. 21, 15-17).  ആ സ്ഥാനത്തു നിന്നുകൊണ്ട് മനോഹരമായ ഒരു പൂച്ചെണ്ട് സകലര്‍ക്കുമായി ഫാത്തിമാനാഥയ്ക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തുള്ള സകലരെയും, ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ പരിരക്ഷിതരായ എല്ലാ സഹോദരങ്ങളെയും, ആരെയും ഒഴിവാക്കാതെ ഫാത്തിമാമാതാവിന്‍റെ  തിരുസന്നിധിയില്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കതു കാണാനാകും. ഞാന്‍ സമര്‍പ്പിക്കാന്‍ പോകുന്ന സ്വര്‍ണ്ണറോസാപ്പൂവില്‍ നിങ്ങളുടെ കൂട്ടായ്മ - അത് ശാരീരികമോ ആത്മീയമോ ആയാലും – നമ്മുടെ മനസ്സും ഹൃദയവും ഒന്നിക്കുന്ന കൂട്ടായ്മയുടെ വിശ്വാസസാന്നിദ്ധ്യം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് (നടപടി 4, 32)!  അങ്ങനെ നിങ്ങളെയും എന്‍റെ പ്രാര്‍ത്ഥനയില്‍ ഞാന്‍ കന്യകാനാഥയ്ക്കു സമര്‍പ്പിക്കും. അപ്പോള്‍  ഒരു നൂറ്റാണ്ടു മുന്‍പ് ഇടയക്കുട്ടികളോടെന്നപോലെ  ആ അമ്മ  നമ്മോടും വീണ്ടും മന്ത്രിക്കും, “എന്‍റെ വിമലഹൃദയം നിങ്ങള്‍ക്ക് അഭയമായിരിക്കും, ദൈവസന്നിധിയിലേയ്ക്കുള്ള വഴിയാണു ഞാന്‍...” (ദര്‍ശനം, 13 മെയ്  1917).

“മറിയത്തോടു ചേര്‍ന്ന്, പ്രത്യാശയുടെയും സമാധാനത്തിന്‍റെയും തീര്‍ത്ഥാടകര്‍!”   ഇത് ഫാത്തിമ തീര്‍ത്ഥാടനത്തിന്‍റെ പ്രത്യേക സന്ദേശമാണ്.  ഈ ദൗത്യവുമായി  നാമെല്ലാവരും  കന്യകാനാഥയുടെ ദര്‍ശന ശതാബ്ദിയുടെ അനുഗ്രഹപൂര്‍ണ്ണമായ പരിസമാപ്തിക്കായി പ്രാര്‍ത്ഥനയോടെ ഒരുങ്ങുകയാണ്.  ദൈവാനുഗ്രഹം സ്വീകരിക്കാന്‍ നമുക്ക് ഹൃദയങ്ങള്‍ ഒരുക്കാം, ഹൃദയങ്ങള്‍ തുറക്കാം!

എനിക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും  ത്യാഗപ്രവര്‍ത്തികള്‍ക്കും നന്ദിപറയുന്നു. എനിക്ക് അവ ഏറെ ആവശ്യവുമാണ്. കാരണം പാപികള്‍ക്കിടയിലെ  നീചനും, എളിയ ദാസനുമാണ് ഞാന്‍.  പ്രാര്‍ത്ഥനയിലൂടെ ദൈവത്തിങ്കലേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്തുന്നപോലെ സഹോദരങ്ങളിലേയ്ക്കും നമ്മുടെ ദൃഷ്ടികള്‍ തിരിക്കാം, സ്നേഹത്തില്‍ ഒന്നായി ജീവിക്കാം.

ദൈവനാമത്തില്‍ സുവിശേഷത്തിന്‍റെ പ്രത്യാശയും സമാധാനവും പങ്കുവയ്ക്കാനാണ് ഞാന്‍ വരുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! കന്യകാനാഥ നിങ്ങളെ സംരക്ഷിക്കട്ടെ!! 








All the contents on this site are copyrighted ©.