2017-05-10 18:56:00

‘കൂട്ടായ്മയുടെ ദിന’ത്തിലെ സാഹോദര്യത്തിന്‍റെ സന്ദേശം


 ഈജിപ്തിലെ കോപ്റ്റിക്ക് പാത്രിയര്‍ക്കിസ് തവാദ്രിയോസ് രണ്ടമാന് പാപ്പാ ഫ്രാന്‍സിസ് എഴുതിയ കത്തില്‍നിന്ന്...

മെയ് 10-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനില്‍നിന്നും ഈജിപ്തിലെ കോപ്റ്റിക്ക് പാത്രിയാര്‍ക്കിസ് താവാദ്രോസ് ദ്വിതയന് അയച്ചസന്ദേശത്തിലാണ് വളരുന്ന കൂട്ടായ്മയ്ക്ക് സാഹോദര്യത്തിന്‍റെ നല്ല ബന്ധങ്ങള്‍ അടിസ്ഥാനമാകുമെന്ന് പാപ്പാ ഫ്രാന്‍സിസ് സൂചിപ്പിച്ചത്. 2013 മെയ് 10-ന് തന്‍റെ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വര്‍ഷത്തില്‍ കോപ്റ്റിക് പോപ്പ് വത്തിക്കാനില്‍വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ഇരുസഭാതലവന്മാരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച ‘കൂട്ടായ്മയുടെ ദിന’മായി അനുസ്മരിച്ചുപോരുന്നു. അങ്ങനെ മെയ് 10-ലെ കൂട്ടായ്മയുടെ ദിവസത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഈജിപ്തിലേയ്ക്ക് പ്രത്യേകം കത്തയച്ചത്.

കെയിറോയില്‍ ഏപ്രില്‍ 27-ന് നടന്ന കൂടിക്കാഴ്ചയും സഭൈക്യ പ്രാര്‍ത്ഥനയും സന്തോഷത്തോടും നന്ദിയോടുംകൂടെ പാപ്പാ കത്തില്‍ ആമുഖമായി അനുസ്മരിച്ചു.

ക്രൈസ്തവസഭകളില്‍ ഇനിയും ദൃശ്യമാകേണ്ട വൈവിധ്യങ്ങളിലെ ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ സാഹായകമാകേണ്ട മുഖ്യഘടകം സഭാസമൂഹങ്ങളും, ആദ്യം സഭാതലവന്മാരും തമ്മിലുള്ള സഹോദരബന്ധമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ജ്ഞാനസ്നാനത്തിലുള്ള ഐക്യം പൊതുവായ സംയുക്ത പ്രഖ്യാപനത്തിലൂടെ ഈജിപ്തിലെ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത് കോപ്റ്റിക്-കത്തോലിക്കസഭാ ബന്ധത്തിലെ നാഴികക്കല്ലും ഐക്യത്തിന്‍റെ മാതൃകയുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

ഇനിയും ദൃശ്യവും യാഥാര്‍ത്ഥ്യവുമാകേണ്ട ഐക്യത്തിനായി സഹോദരസ്നേഹത്തില്‍ ഒത്തൊരുമിച്ച് പരിശ്രമിക്കാമെന്നും, അങ്ങനെ കര്‍ത്താവിന്‍റെ വിരുന്നുമേശയില്‍ പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്‍റെ കൂട്ടായ്മയില്‍ എത്തിച്ചേരാന്‍ പരിശുദ്ധാത്മാവ് സഭാസമൂഹങ്ങള്‍ക്ക് പ്രചോദനമേകട്ടെയെന്ന് കത്തില്‍ ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.