2017-05-06 12:46:00

സ്വന്തം മനുഷ്യപ്രകൃതിയെ അറിയുക, സ്വീകരിക്കുക, നവീകരിക്കുക


വൈദികാര്‍ത്ഥി സ്വന്തം മനുഷ്യപ്രകൃതിയെ അറിയുകയും സ്വീകരിക്കുകയും നിരന്തരം നവീകരിക്കുകയും ചെയ്യേണ്ടത് സുപ്രധാനമാണെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയുടെ തെക്കുപടിഞ്ഞാറ് നാപ്പൊളിക്ക്, അഥവാ, നേപ്പിള്‍സിന് അടുത്തുള്ള പൊസില്ലീപ്പൊയില്‍ വിശുദ്ധ പത്താം പീയൂസിന്‍റെ ഹിതാനുസാരം 1912 ല്‍ സ്ഥാപിതമായതും ഇന്ന് ഇറ്റലിയില്‍ ഈശോസഭയുടെ മേല്‍നോട്ടത്തിലുള്ള ഏക വൈദികപരിശീലനകേന്ദ്രവുമായ പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദികാര്‍ത്ഥികളും പരിശീലകരും അടങ്ങുന്ന 120 ഓളം പേരടങ്ങുന്ന സംഘത്തെ ശനിയാഴ്ച (06/05/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ വൈദികപരിശീലന ശൈലിയനുസരിച്ച് യേശുവുമായുള്ള വൈക്തിക സൗഹൃദബന്ധമാണ് കേന്ദ്രസ്ഥാനത്തു വരുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

നമ്മെ സ്നേഹിതരെന്നു വിളിക്കുന്ന യേശുവുമായുള്ള ബന്ധത്തിന്‍റെ മൗലികത ഊന്നിപ്പറഞ്ഞ പാപ്പാ ഗുണദോഷവിവേചനബുദ്ധി, ദൈവരാജ്യത്തിന്‍റെ മാനത്തോടുള്ള തുറവ് എന്നിവയും വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ വൈദികപരിശീലന ശൈലിയില്‍ ഉള്‍പ്പെടുന്നുവെന്നു വ്യക്തമാക്കി.

വസ്തുക്കളെ പേരെടുത്തു വിളിക്കാനും സ്വന്തം ജീവിതത്തിന്‍റെ   നിജസ്ഥിതിയിലേക്കു നോക്കാനും സുതാര്യതയോടും സത്യത്തോടും കൂടെ മറ്റുള്ളവര്‍ക്കുമുന്നില്‍, വിശിഷ്യ, വൈദികപരിശീലകര്‍ക്കുമുന്നില്‍,  തുറവുള്ളവരായിരിക്കാനും ഭയപ്പെടരുതെന്ന് പാപ്പാ വൈദികാര്‍ത്ഥികള്‍ക്ക് ധൈര്യം പകരുകയും ചെയ്തു. 

 








All the contents on this site are copyrighted ©.