2017-05-04 19:23:00

“നവീകരണം വെള്ളപൂശലല്ല പുതിയ രൂപവുംക്രമവും നല്കുന്ന പ്രക്രിയയാണ്…”


വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രഥമ സമ്പൂര്‍ണ്ണസമ്മേളനത്തെ മെയ് 4-തിയതി വ്യാഴാഴ്ച രാവിലെ ക്ലെമന്‍റൈന്‍ ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തിന്‍റെ ഉദ്യോഗസ്ഥരും, സഹകാരികളും ഉപദേശകരുമായി 40 പേര്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു.  മാധ്യമകാര്യാലയത്തിന്‍റെ പ്രഥമ സമ്പൂര്‍ണ്ണസമ്മേളനത്തെ സ്വീകരിക്കാനും അഭിസംബോധനചെയ്യാനും അതിയായ സന്തോഷമുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് പാപ്പാ ആരംഭിച്ചു.

1. വത്തിക്കാന്‍റെ മാധ്യമ വിഭാഗങ്ങളുടെ നവീകരണം     ഞാന്‍ നവീകരിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് സഭയുടെ മാധ്യമസംവിധാനങ്ങളില്‍ നടത്തുന്ന അഴിച്ചുപണികള്‍ പരിശോധിക്കാനും മാറ്റങ്ങള്‍ ആഴപ്പെടുത്താനുമുള്ള അവസരവുമാണിത്. മാത്രമല്ല മനുഷ്യജീവിതത്തില്‍ പ്രചോദനാത്മകമായ നിത്യസാന്നിദ്ധ്യമായിരിക്കുന്ന ഇന്നിന്‍റെ ഡിജിറ്റല്‍ സാങ്കേതികതയെക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള വേദിയാണിത്. കാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍സീഞ്ഞോര്‍ ഡാരിയൊ വിഗനോയുടെ ആമുഖപ്രഭാഷണത്തിനു പാപ്പാ നന്ദിയര്‍പ്പിച്ചു. ഒപ്പം ഈ പ്രഥമ സമ്മേളത്തിന് കരുനീക്കിയ എല്ലാവര്‍ക്കും കൃതഞ്ജത പറഞ്ഞു. “സകലജനതകളോടും, വിവിധ സംസ്ക്കാരങ്ങളോടും, ഒപ്പം ആനുകാലിക സമൂഹത്തിന്‍റെ നവസാങ്കേതികതയുടെ ജീവിതപരിസരങ്ങളോടും കാരുണ്യത്തിന്‍റെ സുവിശേഷം അറിയിക്കാനുള്ള നവമായ രീതികളും സാദ്ധ്യതകളും പഠിക്കുക,” എന്ന സമ്മേളനത്തിന്‍റെ പ്രമേയം ഏറെ പ്രിയപ്പെട്ടതും ആവര്‍ത്തിച്ച് പ്രബോധിപ്പിച്ചിട്ടുള്ളതുമാണ്.

2. നവീകരണം –അക്രമത്തോടെ നന്മയ്ക്കായുള്ള പരിശ്രമം   ജൂണ്‍ 27-ന് സെക്രട്ടേറിയേറ്റ് സ്ഥാപനത്തിന്‍റെയും പുനര്‍ക്രമീകരണത്തിന്‍റെയും രണ്ടാം പിറന്നാളില്‍ എത്തിക്കഴിഞ്ഞു. പുനര്‍ക്രമീകരണം അല്ലെങ്കില്‍ നവീകരണം എന്ന വാക്കിനെ പേടിക്കരുത്. അത് വെറുമൊരു വെള്ളപൂശലല്ല. എന്തിനും പുതിയ രൂപവും ക്രമവും നല്കുന്ന പ്രക്രിയയാണത്. നവമായ വിധത്തില്‍ ക്രമീകരിക്കുക എന്നാണര്‍ത്ഥം. അവിടെ ബുദ്ധിപൂര്‍വ്വം, വളരെ മെല്ലെ, എന്നാല്‍ ചിലപ്പോള്‍ കാര്‍ക്കശ്യത്തോടുംകൂടെ, അല്പം നിര്‍ബന്ധമായും, അല്പം ‘ആക്രമത്തോടെ’ (con un po’ di violenza) നന്മയ്ക്കായി പലതും ചെയ്യേണ്ടതുണ്ട്. നവമായൊരു യാഥാര്‍ത്ഥ്യവും പ്രസ്ഥാനവുമാകയാല്‍ പിറകുതിരിയാതെ നവീകരണത്തില്‍ മുന്നോട്ടുതന്നെ നീങ്ങേണ്ടതുണ്ട്.

3. നവസാങ്കേതികതയിലുള്ള സഭാദൗത്യത്തിന്‍റെ ഏകീകരണം    സ്ഥാപനത്തിന്‍റെ പ്രബോധനത്തില്‍ സൂചിപ്പിച്ചിരുന്നതുപോലെ വത്തിക്കാന്‍റെ മാധ്യമകാര്യാലയം പഴയ സംവിധാനങ്ങളെ നവമായി ക്രമീകരിക്കുകയോ കൂട്ടിയോജിപ്പിക്കുകയോ ചെയ്യുന്ന പ്രക്രിയയല്ല നിര്‍ദ്ദേശിക്കപ്പെടുന്നത്. മറിച്ച് നവവും സങ്കീര്‍ണ്ണവുമായ ഡിജിറ്റല്‍ സാങ്കേതികത ഉപയോഗിച്ചുള്ള ഇന്നിന്‍റെ ആശയവിനിമയ സംവിധാനത്തിന് ഇണങ്ങുവിധം പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ മാധ്യമ വിഭാഗങ്ങളെ പുനരാവിഷ്ക്കരിക്കുകയും ഒരു കുടക്കീഴില്‍ ഏകോപിപ്പിക്കുകയും ചെയ്യുകയാണ്. അതിനാല്‍, സഭയുടെ ഭരണസംവിധാനത്തിന്‍റെ പരിഷ്ക്കരണത്തില്‍ വത്തിക്കാന്‍റെ എല്ലാ ആശയവിനിമയ വിഭാഗങ്ങളും ഈ പുതിയ മാധ്യമകാര്യാലയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുതന്നെയാണ് എന്‍റെ വിശ്വാസം. ഇതുവഴി സഭയുടെ ദൗത്യനിര്‍വ്വഹണത്തോടും നവമായ വെല്ലുവിളികളോടും കാര്യക്ഷമമായി പ്രതികരിക്കാന്‍ നവമായ സംവിധാനത്തിന് സാധിക്കുമെന്നും ബോധ്യമുണ്ട്.

ഡിജിറ്റല്‍ സാങ്കേതികതയുടെ നവമായ ഒത്തുചേരലാണ് സഭയുടെ മാധ്യമ സംവിധാനങ്ങളെയും മാറ്റങ്ങള്‍ക്കായി മാടിവിളിക്കുന്നത്. തീര്‍ച്ചയായും ഓരോ ആശയവിനിമയ രീതികള്‍ക്കും അതിന്‍റേതായ വിനിമയോപാധികളുണ്ട്. ആശയങ്ങളുടേ ഓരോ ആവിഷ്ക്കരണ രീതികള്‍ക്കും അവയുടേതായ മാധ്യമ സമ്പ്രദായങ്ങളുണ്ട്:  വരമൊഴിക്ക് പത്രങ്ങളും പുസ്തകങ്ങളും, ചിത്രങ്ങള്‍ക്ക് ടി.വി.യും സിനിമയും, വാമൊഴിക്ക് സംഗീതവും റേഡിയോയും സി.ഡി.യുമൊക്കെ മാധ്യമങ്ങളാണ്. എന്നാല്‍ അക്ക-സാങ്കേതികതയുടെ നവമായ ദ്വൈധമാനത്തിലേയ്ക്ക് (Binary System) ഇവയെല്ലാം ഒത്തുചേര്‍ന്നു കഴിഞ്ഞു.

4. ഇനിയും ഒരു കുടക്കീഴിലേയ്ക്ക്...      വത്തിക്കാന്‍റെ ദിനപത്രം ‘ഒസര്‍വത്തോരെ റൊമാനോ’ അടുത്ത വര്‍ഷം പുതിയ സെക്രട്ടേറിയേറ്റിന്‍റെ ഭാഗമാകുകയും, പത്രത്തിന്‍റെ ഡിജിറ്റല്‍ സംവിധാനത്തില്‍ വരിക്കാരെയും വായനക്കാരെയും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയുംചെയ്യും. അതുപോലെ ബഹുമായ മാധ്യമശൃംഖലയായി നീണ്ടനാളുകളായി വളര്‍ന്നിട്ടുള്ള വത്തിക്കാന്‍ റേഡിയോയും കാലികമായ നവസാങ്കേതികയ്ക്കൊത്ത് വളരേണ്ടിയിരിക്കുന്നു. വിനിമയ ശൃംഖലയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടേക്കാവുന്ന പുതിയ ഡിജിറ്റല്‍ രീതികള്‍ ഇനിയും അധികം എത്തപ്പെടാത്ത ആഫ്രിക്കപോലുള്ള ഭൂഖണ്ഡങ്ങള്‍ക്കായി ഹ്രസ്വതരംഗ പ്രക്ഷേപണം  (Short Wave Transmission) നിറുത്തലാക്കാതെയും, ബദല്‍രീതികള്‍ കണ്ടെത്തെത്തി മുന്നേറാനുള്ള കാര്യാലയത്തിന്‍റെ പദ്ധതികളെയും നീക്കങ്ങളെയും ശ്ലാഘിക്കുന്നു. അതുപോലെ വത്തിക്കാന്‍റെ പ്രസിദ്ധീകരണശാലയും, അച്ചടികേന്ദ്രവുമെല്ലാം പുയിത ഉല്പാദനരീതിയും വിതരണസംവിധാനത്തിലുമാണ് കൂട്ടുചേരേണ്ടത്. ഉത്തരവാദിത്ത്വവും വെല്ലുവിളിയും വലുതാണ്. എന്നാല്‍ നിങ്ങള്‍ അത് ചെയ്യണം, നിങ്ങള്‍ക്കത് ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്! ഈ വിഭാഗങ്ങളെല്ലാം വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ വലിയ കുടുംബത്തില്‍ ഉള്‍പ്പെടും.

5. മാറ്റത്തിന്‍റെ പാതയില്‍ ധൈര്യത്തോടെ മുന്നേറാം    പൈതൃകപാരമ്പര്യവും പഴമയും പറഞ്ഞ് ഈ മേഖലയെ ഒരു കാഴ്ചബംഗ്ലാവാക്കാതെ ധൈര്യപൂര്‍വം മാറ്റത്തിന്‍റെ പാതയില്‍ ധൈര്യവും പിന്‍തുണയും നല്കി നാം മുന്നേറേണ്ടതാണ്. മാത്രമല്ല, ആശയവിനിമയശ്രേണിയുടെ നവമായ ചക്രവാളം തുറക്കാന്‍ വത്തിക്കാന്‍റെ മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിക്കേണ്ടതും മാറ്റങ്ങളുമായി പരിചയിപ്പിക്കേണ്ടതും ഇന്നിന്‍റെ വെല്ലുവിളിയാണ്. പാപ്പാ ചൂണ്ടിക്കാട്ടി. വളരെ വിസ്തൃതവും എന്നാല്‍ സുവ്യക്തവുമാണ് കാര്യാലയത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍. പരിശുദ്ധ സിംഹാസനത്തിന്‍റെ ആശയവിനിമയ സംവിധാനത്തില്‍ വളര്‍ന്നുവന്നിട്ടുള്ള സംവിധാനങ്ങളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓരോരുത്തരുടെയും സഹായസഹകരണത്തോടെ മുന്നേറാം. ഐക്യപ്പെട്ടതും ഏകീകൃതവുമായൊരു ഭരണസംവിധാനമായിരിക്കട്ടെ വത്തിക്കാന്‍റെ മാധ്യമകാര്യാലയത്തിന്‍റേത് (Statue of the Secretariat for the Communication, September 6, 2016).

 പഠന കമ്മിഷനുകളുടെ സഹായത്തോടെ, സംക്ഷിപ്തമായ വിശകലനത്തോടെ വഴികള്‍ തെളിച്ച്, കണ്ടെത്തിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ധീരമായി മുന്നേറുക. എന്നാല്‍ നിങ്ങളുടെ മാര്‍ഗ്ഗരേഖ, വിശേഷിച്ച് ദാരിദ്യവും ക്ലേശങ്ങളും പ്രതിസന്ധികളുടെ നേരിടുന്നവരെ മുന്നില്‍കണ്ടുകൊണ്ടും, അവരുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടുകൊണ്ടുമുള്ള അപ്പസ്തോലിക പ്രേഷിതദൗത്യമായിരിക്കട്ടെ. അങ്ങനെ ഈ ഉദ്യമം പ്രാദേശിക സഭകളുടെ ആശയവിനിമയ സംവിധാനങ്ങളെ മാറ്റിമറിക്കാതെയും, സഹായം ആവശ്യമുള്ള സഭാകൂട്ടായ്മകളെ തുണച്ചുകൊണ്ടും മാനവികയുടെ ഉപായസാദ്ധ്യതകള്‍ ഉള്‍ക്കൊണ്ടും സകലരെയും സുവിശേഷം അറിയിക്കാന്‍ സാധിക്കട്ടെ!  

6. ഉപസംഹാരം    മഹത്തായ പൗരാണികതയോടു കൂറുപിടിച്ചിരുന്ന പ്രലോഭനത്തെ ആദ്യം മറികടക്കാം. എന്നിട്ട് ആശയവിനിമയ പ്രക്രിയയുടെ നവമായ വെല്ലുവിളികളെ നേരിടാനും അവയോട് ഉചിതമായി പ്രതികരിക്കാനും ഭയലേശമെന്യെയും വന്നു ഭവിച്ചേക്കാവുന്ന ‘വെളിപാടിന്‍റെ’ വിനകളെ വിഭാവനംചെയ്യാതെയും നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കാം. സഭയുടെ സങ്കീര്‍ണ്ണവും കാലികവുമായ ഈ വലിയ ദൗത്യത്തോട് സഹകരിക്കാന്‍ തയ്യാറായ ഉപദേശകസമിതിയോട് നന്ദിയുണ്ട്. പങ്കുവയ്ക്കലും സഹകരണവും ഈ മേഖലയിലെ സാക്ഷ്യമാകട്ടെ. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. സഭയുടെ അമ്മയായ പരിശുദ്ധ കന്യകാനാഥ നിങ്ങള്‍ക്കായി മാദ്ധ്യസ്ഥം വഹിക്കട്ടെ. നിങ്ങളെ സദാ കാത്തുപാലിക്കട്ടെ!








All the contents on this site are copyrighted ©.