2017-05-04 20:29:00

സുവിശേഷവത്ക്കരണം പുറപ്പാടാണ് : പാപ്പാ ഫ്രാന്‍സിസ്


മെയ് 4-Ɔ൦ തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.  അപ്പസ്തോല നടപടിപ്പുസ്തകത്തില്‍നിന്നും (നടപടി 8, 26-40) അപ്പസ്തോലന്‍ ഫിലപ്പോസും എത്യോപ്യക്കാരന്‍ ഷണ്ഡനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ആദ്യവായന പരായണംചെയ്യപ്പെട്ടതിനെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്.

കര്‍ത്താവിന്‍റെ ദൂതന്‍ ആജ്ഞാപിച്ചതനുസരിച്ച് തെക്കോട്ടു - ജരൂസലത്തുനിന്നു ഗാസയിലേയ്ക്ക് അപ്പസ്തോലന്‍ ഫിലിപ്പോസ് എഴുന്നേറ്റ് യാത്രചെയ്തതിന്‍റെ ഫലമായിട്ടാണ് വിജാതിയനായ എത്യോപ്യക്കാരനോട് വചനം പ്രസംഗിക്കാനും, ക്രിസ്തുവിന്‍റെ ഉത്ഥാനവെളിച്ചം ആ മനുഷ്യനുമായി പങ്കുവയ്ക്കാനും സാധിച്ചതെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

മന്ദിച്ച് വീട്ടില്‍ ഇരുന്നാല്‍ ഒന്നും നടക്കില്ല. സുവിശേവത്ക്കരണത്തിന് നാം ഇറങ്ങിപ്പുറപ്പെടണം. സഭ കര്‍ത്താവിനോട് എന്നും വിശ്വസ്തയായിരിക്കാന്‍ ഇറങ്ങിപ്പുറപ്പെടലിന്‍റെയും തീര്‍ത്ഥാടനത്തിന്‍റെയും മനോഭാവം ആവശ്യമാണ്. പാപ്പാ ഉദ്ബോധിപ്പിച്ചു. വൃഥാവില്‍ ആയിരിക്കുന്ന സഭ അല്ലെങ്കില്‍ അലസമായിരിക്കുന്ന  സഭ രോഗാവസ്ഥയിലാണ്, നിര്‍ജ്ജീവമാണ്. സജീവമായിരിക്കുക, പ്രവര്‍ത്തനബദ്ധമായിരിക്കുക, ജീവന്‍റെ അടയാളവുമാണ്.  സുവിശേഷവത്ക്കരണം മതപരിവര്‍ത്തനമല്ല. സുവിശേഷവത്ക്കരണം മതപരിവര്‍ത്തനമായി മനസ്സിലാക്കുന്നവരുടെ മനസ്സില്‍ എപ്പോഴും ആശങ്കയും ആങ്കലാപ്പുമുണ്ട്. അതിനാല്‍ കേള്‍ക്കുക! – കേള്‍ക്കുക എന്നത് സുവിശേഷവത്ക്കരണത്തിന്‍റെ പ്രധാന ഘടകമാണ്. എഴുന്നേറ്റുപോയി പ്രഘോഷിക്കുന്നത്, വചനം പ്രസംഗിക്കുന്നത് ആദ്യപടിയാണെങ്കില്‍ രണ്ടാമത്തെ പടിയാണ് കേള്‍ക്കുക, ശ്രവിക്കുക എന്നത്. കേള്‍വി മനസ്സിന്‍റെ തുറവാണ്. അപരനെ – അവന്‍ ഏതു തരക്കാരനോ, തരക്കാരിയോ ആയിരുന്നാലും - വിജാതിയനോ ഷണ്ഡനോ, പണ്ഡിതനോ പാമരനോ ആരുമാവട്ടെ, കേള്‍ക്കാനുള്ള മനസ്സിന്‍റെ തുറവും സന്നദ്ധതയും സുവിശേഷവത്ക്കരണത്തിന്‍റെ രണ്ടാംഭാഗമാണ്. അവരുടെ ഹൃദയാന്തരാളത്തില്‍ എന്താണ്? അവരുടെ ഹൃദയവ്യഥയും ആശങ്കയും എന്താണെന്ന് മനസ്സിലാക്കുക, ശ്രവിക്കുക!

സഭാമക്കളുടെ ദൗത്യം മതപരിവര്‍ത്തമല്ല, എന്നാല്‍ സുവിശേഷവത്ക്കരണമാണ്. വിധേയത്വത്തോടെ, അനുസരണയോടെ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുന്നതാണ് സുവിശേഷവത്ക്കരണമെന്ന് പാപ്പാ വ്യക്തമാക്കി. ഈ പെസഹാക്കാലത്ത് സഭ ഉദ്ബോധിപ്പിക്കുന്നത്, ഉത്ഥിതനില്‍ സന്തോഷിക്കാനാണ്. പീഡനങ്ങളിലും പ്രയാസങ്ങളിലും സന്തോഷിക്കാനും വചനം പ്രഘോഷിക്കാനും, അങ്ങനെ അനുദിനം ആത്മീയമായി ജീവിക്കാനും സഭാമാതാവ് നമ്മോട് ആവശ്യപ്പെടുന്നു.

വിശുദ്ധ സ്റ്റീഫന്‍റെ രക്തസാക്ഷ്യത്തോടെ ജരൂസലേമിലെ ആദിമ സഭ ചിതറിപ്പോയതാണ്. ഭയന്ന് ചിതറിപ്പോയതാണ്. എന്നിട്ടും ചിതറി വീണിടങ്ങളില്‍നിന്നും വചനത്തന്‍റെ വിത്ത് തളിര്‍ത്ത് വളരുകയാണ്. കാറ്റു പറത്തിവിട്ട ചെറുവിത്തുകള്‍ പോലെയായില്ലേ ആദിമസഭ. വീണിടത്തെല്ലാം മുളപൊട്ടി വളര്‍ന്നു. എവിടെല്ലാം അവര്‍ ചിതറിക്കപ്പെട്ടുവോ, അവിടെല്ലാം അവര്‍ ഉത്ഥിതനായ ക്രിസ്തുവിനെയും, അവിടുത്തെ സുവിശേഷവും പ്രഘോഷിച്ചു.   ഇങ്ങനെ സഭയില്‍ ദൈവകൃപയോടെ ജീവിക്കാനുള്ള കരുത്തും കഴിവും കര്‍ത്താവ് ഇന്നും നമുക്കു നല്കട്ടെ! വിശിഷ്യാ ലോകത്തുള്ള അസ്വസ്ഥരും, നിരാലംബരും പരിത്യക്തരുമായി ക്രിസ്തുവിന്‍റെ സുവിശേഷം പങ്കുവയ്ക്കാനും, അവര്‍ക്ക് അവിടുത്തെ സ്ന്തോഷവും സാന്ത്വനവും പങ്കുവയ്ക്കാനുമുള്ള കൃപ നമുക്കു ലഭിക്കട്ടെ! ഈ പ്രാര്‍ത്ഥനയോടെയാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.