2017-05-04 13:16:00

DOCAT XVII: സോഷ്യല്‍ നെറ്റുവര്‍ക്കുകളെക്കുറിച്ചു സഭയുടെ മനോഭാവം


സഭാദര്‍ശനം പരിപാടിയിലെ DOCAT പഠനപരമ്പര - XVII-ല്‍, 38 മുതല്‍ 41 വരെ ചോദ്യോത്തരങ്ങളുടെ, അതായത്, മാധ്യമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധാര്‍മിക ഉത്തരവാദിത്വത്തെക്കുറിച്ചുള്ള സഭാപ്രബോധനങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുന്നു.

ചോദ്യം 38. സഭ എങ്ങനെയാണ് മാധ്യമങ്ങളെ വീക്ഷിക്കുന്നത്?
ഉത്തരം:  ആധുനികമാധ്യമങ്ങളുടെ നിര്‍മിതിക്കു വേണ്ട അവശ്യശിലകളാണ് മാധ്യമ ങ്ങള്‍.  അവ അതില്‍ത്തന്നെ ലക്ഷ്യങ്ങളല്ല.  അവ ആശയ വിനിമയത്തിനുള്ള സാമൂഹിക മാര്‍ഗങ്ങളാണ്.  അവ മനുഷ്യരെ സേവിക്കുകയും പരസ്പരം മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.  മാധ്യമങ്ങള്‍ക്ക് - അവ നിര്‍മിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നവര്‍ക്ക് - ഒരു ധാര്‍മിക ഉത്തരവാദിത്വമുണ്ട്.  പരസ്പരധാരണ എന്ന ലക്ഷ്യം വച്ചുകൊണ്ടാവണം മാധ്യമങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുവാന്‍:  ഈ ധാരണയെ മെച്ചപ്പെടുത്തുന്നവ എന്തൊക്കെ? തടസ്സപ്പെടുത്തുന്നവ എന്തൊക്കെ?  എപ്രകാരമാണ് മനുഷ്യനെയും അവന്‍റെ സാമൂഹിക ബന്ധങ്ങളെയും മെച്ചപ്പെടുത്താവുന്നത്? വാര്‍ത്തകളുടെയും അഭിപ്രായങ്ങളുടെയും സുഗമവും സൗജന്യവുമായ കൈമാറ്റം പോലെ എന്തെല്ലാം പുരോഗതികളാണ് പൊതുനന്മയ്ക്ക് ഉപകാരപ്രദമായിട്ടുള്ളത്? 1948-ല്‍ സഥാപിതമായ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനാണ് പ്രധാനമായി ശ്രമിക്കുന്നത്: 1. മാധ്യമങ്ങളിലൂടെ ഉചിതമായ രീതിയില്‍ എങ്ങനെ സുവിശേഷപ്രഘോഷണം സാധ്യമാക്കാം?  2.  മാധ്യമങ്ങള്‍ എങ്ങനെ ശരിയായ രീതിയില്‍ ഉപയോഗിക്കാം?

സമ്പര്‍ക്കമാധ്യമങ്ങള്‍ സംബന്ധിച്ച് എന്തു ധാര്‍മികോത്തരവാദിത്വങ്ങളാണുള്ളതെന്ന് സഭ പഠിപ്പിക്കുന്നുണ്ട് യുക്യാറ്റ് (ഖണ്ഡിക 459).  മതബോധനഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം ഇവിടെ വിശദീകരിക്കുന്നു:  സമ്പര്‍ക്കമാധ്യമങ്ങളുടെ ഉപഭോക്താക്കളെ സംബന്ധിച്ച് മാധ്യമരംഗത്തുള്ളവര്‍ക്കു വലിയ ഉത്തരവാദിത്വമുണ്ട്.  ഒന്നാമതായി വിവരങ്ങള്‍ സത്യസന്ധതയോടെ നല്‍കണം.  യഥാര്‍ഥവാര്‍ത്ത ശേഖരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വ്യക്തികളുടെ അവകാശങ്ങളും മഹത്വവും സംരക്ഷിക്കണം (2493-2499). എന്നു പറഞ്ഞാല്‍, ലോകത്തില്‍ നീതി സ്വാതന്ത്ര്യം ഐക്യദാര്‍ഢ്യം എന്നിവയുടെ സംസ്ഥാപനത്തിനു സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ സംഭാവന ചെയ്യണം.  യഥാര്‍ഥ മാധ്യമങ്ങള്‍ പ്രത്യയശാസ്ത്രപരമായ സംഘട്ടനത്തിനുള്ള ഉപകരണങ്ങളായി പലപ്പോഴും ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുതയും ഇവിടെ ഓര്‍മിപ്പിക്കുന്നു.

ഇന്‍റര്‍നെറ്റ് സ്ഥാപകനും HTML-ന്‍റെ സ്രഷ്ടാവുമായ ടിം ബെര്‍ണേഴ്സ്-ലീ (1955-), പ്രസ്താവിക്കുന്നതുപോലെ, ആശയവിനിമയം ചെയ്യാതിരിക്കാന്‍ ഒരാള്‍ക്കു കഴിയില്ല. അതിനാല്‍ ആശയവിനിമയത്തിന്‍റെ ആധുനികരൂപങ്ങളില്‍ നിന്നകലുകയല്ല, അതിന്‍റെ ശരിയായ ഉപയോഗത്തില്‍ നമ്മുടെ ശ്രദ്ധ പതിയ്ക്കുകയാണു വേണ്ടത്.

പോള്‍ വാത്സ്ലാവിക് (1924-2007) എന്ന അമേരിക്കക്കാരനായ ആശയവിനിമയ ശാസ്ത്രജ്ഞന്‍,  ഇന്‍റര്‍നെറ്റ് ചാര്‍ട്ടര്‍ നിലവില്‍ കൊണ്ടുവരേണ്ടിവയെപ്പറ്റി ടിം ബെര്‍ണേഴ്സ് ലീ ചോദിച്ചപ്പോള്‍ നല്‍കുന്ന ഉത്തരം ആശയവിനിമയരംഗം ഏവര്‍ക്കും പ്രാപ്യമായിരിക്കേണ്ടതും എന്നാല്‍ സ്വകാര്യത കാത്തുസൂക്ഷിക്കപ്പെടേണ്ടതുമാണെന്ന് എടുത്തുപറയുന്നുണ്ട്.

എന്‍റെ അഭിപ്രായത്തില്‍, സ്വകാര്യതയ്ക്കുള്ള അവകാശം അതിന്‍റെ ഭാഗമാണ്.  ചാരപ്രവര്‍ത്തനത്തിനു വിധേയരാകാതിരിക്കാനും, ലഭ്യത തടസ്സപ്പെടുത്തുകയോ തടയപ്പെടുകയോ ചെയ്യാതിരിക്കാനും അവകാശമുണ്ട്.  കച്ചവടസ്ഥലങ്ങളില്‍ സൗജന്യപ്രവേശനം ലഭിക്കുക എന്നതും പ്രധാനമാണ്. രാഷ്ട്രീയ വെബ്സൈറ്റുകളും ലഭ്യമായിരിക്കണം - ഒരു പക്ഷേ അവ നിയമവിരുദ്ധവും ഭീകരമായ ഉള്ളടക്കം ഉള്ളവയാണെങ്കില്‍പോലും.  തീര്‍ച്ചയായും ഇന്‍റര്‍നെറ്റ് ബന്ധത്തിന്‍റെ ലഭ്യതയ്ക്കുള്ള മൗലികാവകാശം ഉണ്ട്.  ഇന്നും മനുഷ്യരാശിയില്‍ പകുതിപ്പേര്‍ക്കുപോലും വെബ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.                                                                  

ചോദ്യം 39. സോഷ്യല്‍ നെറ്റ് വര്‍ക്കുകളെക്കുറിച്ചുള്ള സഭയുടെ മനോഭാവമെന്താണ്?
ഉത്തരം: ഇന്‍റര്‍നെറ്റും അതിലുപരിയായി സോഷ്യല്‍ നെറ്റു വര്‍ക്കുകളും ആശയവിനിമയത്തിനുള്ള പ്രധാന ഉപാധികളായാണ് കരുതപ്പെടുന്നത്.  ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഈ വിഷയത്തെപ്പറ്റി പലതവണ സംസാരിച്ചിട്ടുണ്ട്. ''പുതിയ സാങ്കേതിക വിദ്യകള്‍ മനുഷ്യരെ അവര്‍ ആയിരിക്കുന്ന സ്ഥലത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും പരിമിതികള്‍ക്കപ്പുറത്ത് പുതിയ മനുഷ്യരെ കണ്ടുമുട്ടാന്‍ സഹായിക്കുന്നു.  ഇപ്രകാരം പുതിയ സൗഹൃദ സാധ്യതകളോടുകൂടിയ തികച്ചും പുതിയ ഒരു ലോകം തുറക്കുന്നു.  ഇതു വലിയ അവസരമാണ്.  അതേസമയം, ഇതു കൂടുതല്‍ ശ്രദ്ധയും അപകടങ്ങളെക്കുറിച്ചുള്ള അവബോധവും നമ്മില്‍ നിന്നാവശ്യപ്പെടുന്നു'' (ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, 45-ാം മാധ്യമദിനസന്ദേശം, 2011).  മറ്റെല്ലാ മാധ്യമങ്ങളെയുംപോലെ സോഷ്യല്‍ നെറ്റുവര്‍ക്കുകളും പൊതുനന്മയ്ക്കും മാനവിക വളര്‍ച്ചയ്ക്കും ഉതകുന്നതായിരിക്കണം. ''ഡിജിറ്റല്‍ യുഗത്തില്‍ ആശയവിനിമയത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഗൗരവപൂര്‍വകമായ വിചിന്തനം'' നടത്തുവാന്‍ ബെനഡിക്ട് മാര്‍പ്പാപ്പ ആഹ്വാനം ചെയ്യുന്നു.  ശരിക്കും വിലയിരുത്തിയാല്‍ സോഷ്യല്‍ നെറ്റു വര്‍ക്കുകളിലെ ആശയവിനിമയം ഒരു സംവാദത്തിന്‍റെ രൂപമെടുക്കുന്നു; ഇത് ഒരു കമ്മ്യൂണിയോ - കൂട്ടായ്മ ആയിത്തീരുവാനുള്ള സഭയുടെ സാധ്യതയ്ക്കു നല്ല ഒരു അവസരമാണ് ഒരുക്കുന്നത്.  ഫ്രാന്‍സീസ് മാര്‍പ്പാപ്പയ്ക്ക് ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉണ്ട് - @ pontifex.  2016-ന്‍റെ തുടക്കത്തില്‍ ഏകദേശം 26 ദശലക്ഷം അനുയായികള്‍ ഈ അക്കൗണ്ടിനുണ്ടായിരുന്നു.

ഈ ഉത്തരത്തോടനുബന്ധിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ നിന്നുള്ള പ്രബോധനം സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ആശയവിനിമയത്തിനുള്ള പ്രധാന ഉപാധികളാകുമ്പോഴും അവയുടെ അപകടങ്ങളെക്കുറിച്ചു സഭ ബോധവതിയാണ് എന്നതിനു തെളിവാണ്:   ഉപഭോക്താക്കള്‍ സമ്പര്‍ക്കമാധ്യമങ്ങളോടുള്ള സമീപനത്തില്‍ മിതത്വവും ശിക്ഷണവും പാലിക്കണം.  അനാരോഗ്യകരമായ സ്വാധീനങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ തടയുന്നതിനും പ്രബുദ്ധവും സത്യസന്ധവുമായ മനഃസാക്ഷി അവര്‍ രൂപപ്പെടുത്തണം (CCC 2496)

ഇത്തരുണത്തില്‍, തുടര്‍ന്നു നല്‍കിയിരിക്കുന്ന ഈ പ്രബോധനങ്ങള്‍ക്കൂടി ശ്രദ്ധേയമാണ്.

സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങ ളെക്കുറിച്ചുള്ള അജപാലനനിര്‍ദേശമായ ഏത്താത്തിസ് നോവെ (1992), ഖണ്ഡിക 15-ല്‍ പറയുന്നു.

ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യം, സമ്പത്ത്, വിദ്യാഭ്യാസം, രാഷ്ട്രീയസ്വാധീനം എന്നിവയെ ആശ്ര യിച്ചാണിരിക്കുന്നത് എന്നതു സ്വീകാര്യമല്ല. ആശയവിനിമയത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

ബെന‍ഡിക്ട് 16-ാമന്‍ പാപ്പാ നല്‍കിയ 47-ാമത് ലോക മാധ്യമദിനസന്ദേശത്തില്‍ നിന്നുള്ള ഉദ്ധരണി സാമൂഹികനെറ്റുവര്‍ക്കുകളെ സുവിശേഷവത്ക്കരണത്തിനുപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെ ഊന്നിപ്പറയുന്നുണ്ട്: സാമൂഹിക നെറ്റ് വര്‍ക്കുകള്‍ സുവിശേഷവത്ക്കരണത്തിനുള്ള ഒരു മാര്‍ഗമാണ്. മനുഷ്യവിക സനത്തിനുള്ള ഒരു ഘടകമാകാനും അവയ്ക്കു കഴിയും.

സാമൂഹിക ആശയപ്രകാശനത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റായ ക്ലാവുദിയോ എം. സെല്ലിയുടെ അഭിപ്രായവും കൂടി ശ്രവിച്ചുകൊണ്ട് അടുത്ത ചോദ്യത്തിലേക്കു കടക്കാം.

സ്വതന്ത്രവും സൗജന്യവും സഹപ്രവര്‍ത്തക തത്വത്തില്‍ ഊന്നിയതുമായ ഡിജിറ്റല്‍ലോകം, നിലവിലു ള്ള വ്യവസ്ഥാപിത അധികാരങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഭാവനകളെ സ്വാഭാവികമായി അംഗീകരിക്കുകയില്ല. ഈ ചുറ്റുപാടില്‍ അധികാരം വച്ചുനീട്ടപ്പെടുകയില്ല, നേടിയെടുക്കുകയാണ്.

ചോദ്യം 40. എന്താണ് ഡിജിറ്റല്‍ വിടവ്?
ഉത്തരം:  സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ഏറ്റവും ഉത്കൃഷ്ടമായ ലക്ഷ്യം പൊതുകാര്യങ്ങ ളുടെ രൂപീകരണത്തില്‍ സാര്‍വത്രിക പങ്കാളിത്തമാണ്.  ഇന്‍റര്‍ നെറ്റിലും സോഷ്യല്‍ നെറ്റുവര്‍ക്കു കളിലും നിന്ന് തുടക്കം മുതല്‍ ചില മനുഷ്യര്‍ ഒഴിവാക്കപ്പെടുന്നു.  ഘടനാപരമോ സാമ്പത്തികമോ ആയ കാരണങ്ങളാലോ വ്യക്തിപരമായ കാരണങ്ങളാലോ ചില മനുഷ്യര്‍ക്ക് ഇന്‍റര്‍ നെറ്റ് ലഭ്യമല്ല, മറ്റു ചിലര്‍ക്കു വേണ്ട പരിശീലനം സിദ്ധിക്കാതെ വരുന്നു. വ്യക്തികളും സമൂഹങ്ങളും ഒഴിവാക്ക പ്പെടുന്നത് (ഡിജിറ്റല്‍ വിടവ്) തടയുവാന്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ സാര്‍വത്രിക ലഭ്യത ഉണ്ടായിരിക്കണമെന്നും കുത്തകകളുടെയും പ്രത്യയശാസ്ത്രപരമായ വിലയിരുത്തലുകളുടെയും നിരോധനം നിലവില്‍ വരണമെന്നും സഭ ആവശ്യപ്പെടുന്നു.  ഈ ഒഴിവാക്കല്‍ ഏറ്റവുംകൂ‌ടുതല്‍ ബാധിക്കുന്നത് വൃദ്ധരെയും, തൊഴിലില്ലാത്തവരെയും, ഔദ്യോഗികവിദ്യാഭ്യാസം ഇല്ലാത്തവരെയും ഒക്കെയാണെങ്കില്‍ ഇതിനെ സാമൂഹിക വിടവ് എന്നു വിളിക്കുന്നതാണ് കൂടുതല്‍ ഉചിതം.  ഇത് തീര്‍ച്ചയായും പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ്.  അതിനാല്‍ ഇത് ആശയവിനിമയത്തെ മാത്രം സം ബന്ധിച്ച പ്രശ്നമല്ല, മറിച്ച് വിവരങ്ങള്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കകും ലഭ്യമാക്കാതെ അവരെ വിദ്യാഭ്യാസത്തിലും പുരോഗതിയിലും പിന്നോട്ടടിക്കുന്ന അനീതി നിറഞ്ഞ വ്യവസ്ഥകളെ മറികടക്കുന്നതിനെ സംബന്ധിച്ച പ്രശ്നം കൂടിയാണ്. 

രാഷ്ട്രാധികാരികള്‍ക്കും പൊതുനന്മയെപ്രതി ഈ മണ്ഡലത്തില്‍ സവിശേഷമായുളള ഉത്തരവാദിത്വ ത്തെയും സഭ ഓര്‍മിപ്പിക്കുന്നുണ്ട്.  സ്വേച്ഛാധിപത്യത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചില രാഷ്ടാധികാരികളുടെ നടപടികളെ ധാര്‍മികബോധം അപലപിക്കണം എന്നാണ് മതബോധനഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത് (CCC 2499).

അമേരിക്കന്‍ അസ്ട്രോഫിസിസിസ്റ്റും കമ്പ്യൂട്ടര്‍ രംഗത്തെ വഴികാട്ടിയുമായ ക്ലിഫോര്‍ഡ് സ്റ്റോള്‍ (1950) പറയുന്നതു രസകരവും ഒപ്പം ചിന്തനീയവുമാണ്:

ഒരു ദിവസം രാവിലെ നിങ്ങള്‍ ഉറക്കത്തില്‍നിന്നുണര്‍ന്നു.  നിങ്ങളുടെ കൈപ്പട (കയ്യക്ഷരം) പോയിരിക്കുന്നു. ഒപ്പിടാന്‍ നിങ്ങള്‍ക്കാവുന്നില്ല.  നിങ്ങളുടെ ബിസിനസ്സിന്‍റെ ലെറ്റര്‍ഹെഡ്, എന്‍വല പ്പുകള്‍, ചെക്കുകള്‍, ലോഗോകള്‍ എന്തിനു നിങ്ങളുടെ പേനയിലെ മഷിപോലും അപ്രത്യക്ഷ മായിരിക്കുന്നു.  നിങ്ങള്‍ വായതുറന്നാല്‍ ശബ്ദം പുറത്തുവരുന്നില്ല. ഹസ്തദാനം ചെയ്യാനോ, നെറ്റി ചുളിക്കാനോ, അമര്‍ത്തിച്ചിരിക്കാനോ, ഉറക്കെച്ചിരിക്കാനോ നിങ്ങള്‍ക്കു കഴിയുന്നില്ല.  ഓ, പക്ഷേ എല്ലാവരുടെമെലും അടിച്ചേല്‍പ്പിച്ചിരിക്കുന്ന എ.എസ്.സി.ഐ.ഐ. (ASCII) ടെക്സ്റ്റ് ഉപയോഗിച്ച് ഒന്നുപോലെ നിങ്ങള്‍ക്കും ആശയവിനിമയം നടത്താം.  നിങ്ങളുടെയും മറ്റുള്ളവരുടെയും സന്ദേശങ്ങള്‍ തമ്മില്‍ ഉള്ളടക്കത്തില്‍ മാത്രമേ വ്യത്യാസം ഉണ്ടായിരിക്കുകയുള്ളു. 

ചോദ്യം 41. എങ്ങനെയാണ് ശരിയായ രീതിയില്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുക?
ഉത്തരം:  വിവേകത്തോടെ മാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നത് ഓരോ വ്യക്തിക്കും ഒരു വെല്ലു വിളിയാണ്.  മുഖ്യധാരാ മാധ്യമങ്ങളെ (പത്രം, റേഡിയോ, ടിവി) പോലും എപ്രകാരം സ്വീകരിക്ക ണമെന്ന് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. കിട്ടുന്നതെല്ലാം സ്വീകരിച്ചുകൊണ്ടിരുന്നാല്‍ അവസാ നം 'ഉപഭോക്താവിന്' സങ്കടവും ആത്മീയശൂന്യതയുമാവും അനുഭവപ്പെടുക.  ഇക്കാര്യത്തില്‍ മാതാ പിതാക്കള്‍, അധ്യാപകര്‍, യൂത്ത് ഗ്രൂപ്പ് നേതാക്കള്‍ തുടങ്ങിയവര്‍ക്കു വലിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്.  ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും മുന്‍പില്‍ മാധ്യമ ഉപയോഗത്തിന്‍റെ മാതൃകകളായിരിക്കണം അവര്‍.  ഉപകാരപ്രദമായ നല്ല മാധ്യമങ്ങള്‍ കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുകയും വേണം.  ഡിജിറ്റല്‍ മാധ്യമങ്ങളെ സംബന്ധിച്ച് ഈ ഉത്തരവാദിത്വത്തിന് ഒരു പുതിയ തലം കൂടിയുണ്ട്.  മറ്റു ള്ളവര്‍ സൃഷ്ടിക്കുകയും, പ്രിന്‍റു ചെയ്യുകയും അയയ്ക്കുകയും ചെയ്യുന്നവയുടെ വെറും കാഴ്ച്ചക്കാരായി ഇരിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.  ഒരു നിര്‍മാതാവിനെപ്പോലെ, ''ലൈക്ക്'' അല്ലെങ്കില്‍ കമന്‍റ് ചെയ്യാന്‍, അല്ലെങ്കില്‍ ഒരു സന്ദേശം പോസ്റ്റു ചെയ്യാന്‍, ഒരു ബ്ലോഗ് എഴുതാന്‍, ഒരു വീഡി യോ അല്ലെങ്കില്‍ ഫോട്ടോ അപ് ലോഡു ചെയ്യാന്‍ ആര്‍ക്കും സാധിക്കും.  അതിനാല്‍തന്നെ ഒരു മാധ്യമ പ്രൊഡ്യൂസര്‍ക്കുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.

ആരോ പറഞ്ഞിട്ടുള്ള ഒരഭിപ്രായം ഡുക്യാറ്റ് നല്‍കുന്നതിവിടെ ചിന്തയ്ക്കു വകനല്‍കുന്നതാണ്: അവന് ആയിരം ഫെയ്സ്ബുക്ക് ഫ്രണ്ട്സ് ഉണ്ടായിരുന്നു.  പക്ഷേ, ഒരൊറ്റ ഫ്രണ്ടുപോലും ഉണ്ടായിരുന്നില്ല 

ബ്രൂസ് വില്ലിസ് (1955-) അമേരിക്കന്‍ സിനിമാ നടന്‍, 2007: ഇന്‍റര്‍നെറ്റ് സേര്‍ച്ചിംഗിനും കോപ്പിചെ യ്യാനും ബ്രൗസ്ചെയ്യാനും ഉള്ള സ്ഥലമാണ്. ഏറ്റവും മോശമാകുമ്പോള്‍ അതു കൊലപാതകങ്ങള്‍ക്കും ലൈംഗിക ദുരുപയോഗത്തിനും ഡേറ്റാ മോഷണത്തിനും രഹസ്യഗ്രൂപ്പുകള്‍ക്കും ഉള്ള ഇടമാണ്. ഏറ്റവും നിസ്സാരമായി പറഞ്ഞാല്‍ അത് യാഥാര്‍ഥ്യത്തില്‍നിന്നും ഒളിച്ചോടാനുള്ള ഒരു ലോകമാണ്.

തിന്മയെ ദൂരീകരിക്കാനും നന്മയെ വളര്‍ത്താനും സഭയ്ക്കുള്ള കടമ സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങളെക്കുറിച്ച് വിലയിരുത്താനും ധാര്‍മികഇടപെടലുകള്‍ നടത്താനും സഭയെ പ്രേരിപ്പിക്കുന്നു.  യഥാസമയങ്ങളില്‍ സഭ നല്‍കുന്ന ഈ പ്രബോധനങ്ങള്‍ അനുസരിക്കുക എന്നതാണ് സഭയുടെ സന്താനങ്ങള്‍ ചെയ്യേണ്ടത്.  അതുവഴി ഭൂമിയില്‍ ദൈവരാജ്യ സംസ്ഥാപനത്തിനു നാം പങ്കാളികളാവുകയാണ് എന്നു നമുക്കു വിസ്മരിക്കാതിരിക്കാം.

അടുത്തത്: DOCAT- XVIII 








All the contents on this site are copyrighted ©.