2017-05-03 12:38:00

“സമാധാനത്തിന്‍റെ പാപ്പാ ശാന്തിയുടെ ഈജിപ്തില്‍” - പുനരവലോകനം


വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍  ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടുക്കാഴ്ച പതിവുപോലെ ഈ ബുധനാഴ്ചയും  (03/05/17)  അരങ്ങേറി. ഇന്ത്യ ശ്രീലങ്ക, സിങ്കപ്പൂര്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. കൂടിക്കാഴ്ചയ്ക്കായി വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലെത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.

വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങിയ ഫ്രാന്‍സീസ് പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

കര്‍ത്താവിന്‍റെ  ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.14 അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കു പോയി.15 ഹേറോദേസിന്‍റെ മരണെംവരെ അവിടെ വസിച്ചു. ഈജിപ്തില്‍ നിന്ന് ഞാന്‍ എന്‍റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിചെയ്തത്  പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്” (മത്തായി 2:13-15)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, താന്‍ ഏപ്രില്‍ 28,29 തീയതികളില്‍ ഈജിപ്തില്‍ നടത്തിയ അപ്പസ്തോലിക പര്യടനം പുനരവലോകനം ചെയ്തു.

പ്രഭാഷണസംഗ്രഹം:

ദൈവകൃപയാല്‍ ഇക്കഴിഞ്ഞദിനങ്ങളില്‍ ഈജിപ്തില്‍ ഞാന്‍ നടത്തിയ അപ്പസ്തോലിക യാത്രയെക്കുറിച്ച് നിങ്ങളോടു സംസാരിക്കാനാണ് ഇന്നു ഞാന്‍ ആഗ്രഹിക്കുന്നത്. നാലു പേരുടെ, അതായത്, ഈജിപ്റ്റിന്‍റെ പ്രസിഡന്‍റിന്‍റെയും, കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസിന്‍റെയും അല്‍ അഷറിന്‍റെ ഇമാമിന്‍റെയും കോപ്റ്റിക്ക് കത്തോലിക്കാ പാത്രിയാര്‍ക്കീസിന്‍റെയും ക്ഷണപ്രകാരമായിരുന്നു ഞാന്‍ അന്നാട്ടില്‍ എത്തിയത്. എനിക്കേകിയ വരവേല്പിന് അവര്‍ക്കോരോരുത്തര്‍ക്കും ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്നു. പത്രോസിന്‍റെ പിന്‍ഗാമിയുടെ ഈ സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നതിനും പ്രകടിപ്പിച്ച സ്നേഹത്തിനും  ഈജിപ്തിലെ ജനങ്ങള്‍ക്കു മുഴുവനും ഞാന്‍ നന്ദി പറയുന്നു.

ഈ ഇടയസന്ദര്‍ശനപരിപാ‌ടി ഏറ്റം മെച്ചപ്പെട്ടരീതിയില്‍ത്തന്നെ നടക്കുന്നതിന്, അതായത്, ഈജിപ്തിനും, ദൗര്‍ഭാഗ്യവശാല്‍ സംഘര്‍ഷങ്ങളാലും ഭീകരപ്രവര്‍ത്തനത്താലും പീഢിതമായ ആ പ്രദേശത്തിനു മുഴുവനും   ഈ സന്ദര്‍ശനം സമാധാനത്തിന്‍റെ അടയാളമായി ഭവിക്കുന്നതിനുവേണ്ടി  രാഷ്ട്രത്തലവനും പൗരാധികരികളും അസാധാരണ ശ്രദ്ധചെലുത്തി. വാസ്തവത്തില്‍ ഈ യാത്രയുടെ മുദ്രാവാക്യം “ സമാധാനത്തിന്‍റെ പാപ്പാ ശാന്തിയുടെ ഈജിപ്തില്‍” എന്നതായിരുന്നു.

പുരാതന ഇസ്ലാം സര്‍വ്വകലാശാലയും  സുന്നി ഇസ്ലാം പരമോന്നത വിദ്യാപീഡവുമായ അല്‍ അഷര്‍ സര്‍വ്വകലാശാലയിലെ എന്‍റെ സന്ദര്‍ശനത്തിന് ദ്വിമാനമുണ്ടായിരുന്നു. അതിലൊന്ന് ഇസ്ലാം ക്രൈസ്തവ സംവാദവും മറ്റൊന്ന്, വിശ്വശാന്തി പരിപോഷണവും ആയിരുന്നു. അല്‍ അഷറില്‍ വച്ച് മുഖ്യ ഇമാമുമായി കൂടിക്കാഴ്ച നടത്തുകയും അല്‍ അഷറിലെ അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. നാഗരികതയുടെയും ഉടമ്പടികളുടെയും ദേശമായ ഈജിപ്തിന്‍റെ ചരിത്രത്തെ വിലമതിക്കുന്ന ഒരു വിചിന്തനം തദ്ദവസരത്തില്‍ ഞാന്‍ നടത്തുകയുണ്ടായി. നരകുലത്തിനു മൊത്തത്തില്‍ ഈജിപ്റ്റ് പൗരാണിക നാഗരികതയുടെയും കലാനിധികളുടെയും വിജ്ഞാനത്തിന്‍റെയും പര്യായമാണ്. വിദ്യാഭ്യാസത്തിന്‍റെയും വിജ്ഞാന പരിശീലനത്തിന്‍റെയും നമ്മുടെ അസ്തിത്വത്തിന്‍റെ  മതാത്മകമാനത്തെ മാനിക്കുന്ന മാനവികതയുടെയും ഫലമാണ് സമാധാനം എന്നാണ് ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മുഖ്യ ഇമാം അദ്ദേഹത്തിന്‍റെ പ്രഭാഷണത്തില്‍ ഇതു ചൂണ്ടിക്കാട്ടിയിരുന്നു. സീനായിലെ ശിലാഫലകങ്ങളില്‍ ലിഖിതമായ പത്തുകല്പനകള്‍ അടിസ്ഥാനമായുള്ള ദൈവമനുഷ്യ ഉടമ്പടിയില്‍ നിന്ന് പുനരാരംഭിച്ചുകൊണ്ടുമാണ് സമാധാനം കെട്ടിപ്പടുക്കുക. ഈ ദൈവമനുഷ്യ ഉടമ്പടി സകലമനുഷ്യരും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനമാണ്.

ഈ അടിസ്ഥാനം തന്നെയാണ് സാമൂഹ്യ പൗരക്രമം സംജാതമാക്കുന്നതിനുമുള്ള അടിത്തറ. ഏതു സംസ്കാരങ്ങളിലും ഏതു മതങ്ങളിലും പെടുന്നവരായാലും സകലരും ഈ പ്രക്രിയിയില്‍ സഹകരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഈ മതേതരവീക്ഷണം  പൗരാധികാരികളുടെയും നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഈജിപ്തിന്‍റെ പ്രസിഡന്‍റും താനും നടത്തിയ പ്രഭാഷണങ്ങളി‍ല്‍  തെളിഞ്ഞു വന്നു.

സാഹോദര്യത്തിന്‍റെ പുളിമാവാകാന്‍ വിളിക്കപ്പെട്ടവരാണ്, ഭൂമിയിലെ എല്ലാനാടുകളിലെയും പോലെതന്നെ, ഈജിപ്തിലെയും ക്രൈസ്തവര്‍. അവര്‍ ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ജീവിച്ചാല്‍ മാത്രമെ ഇതു സാധ്യമാകൂ. പ്രിയ സഹോദരനായ കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് പാത്രീയാര്‍ക്കീസ് തവ്വാദ്രോസ് ദ്വീതീയനോടു ചേര്‍ന്ന് കൂട്ടായ്മയുടെ ശക്തമായ ഒരടയാളം നല്കാന്‍ ദൈവാനുഗ്രഹത്താല്‍ സാധിച്ചു. ഞങ്ങള്‍ ഒരു സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുകയും ഐക്യത്തിനായി പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും അടുത്തയിടെ ആക്രമണത്തിനിരകളായവര്‍ക്കുവേണ്ടി ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവരുടെ രക്തം ഫലദായകമാക്കിയ ആ എക്യുമെനിക്കല്‍ സമാഗമത്തില്‍ എന്‍റെ സഹോദരന്‍ കോണ്‍സ്റ്റന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ബര്‍ത്തോലൊമെയൊ ഒന്നാമനും പങ്കുകൊണ്ടു.

ഈ യാത്രയുടെ രണ്ടാംദിനം പൂര്‍ണ്ണമായും കത്തോലിക്കാവിശ്വാസികള്‍ക്കായി നീക്കിവച്ചു. ഈജിപ്തിന്‍റെ അധികാരികള്‍ അനുവദിച്ചു നല്കിയ സ്റ്റേഡിയത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി വിശ്വാസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരുത്സവമായിരുന്നു. ഉത്ഥിതനായ കര്‍ത്താവിന്‍റെ സജീവസാന്നിധ്യം അനുഭവിച്ചറിയാന്‍ സാധിച്ചു.

ഈ ഇടയ സന്ദര്‍ശനത്തിന്‍റെ അന്ത്യഘട്ടം ഞാന്‍ വൈദികരും സന്ന്യാസിസന്ന്യാസിനികളും സെമിനാരിവിദ്യര്‍ത്ഥികളുമൊത്തു ചിലവഴിച്ചു. ദൈവരാജ്യത്തെപ്രതി ക്രിസ്തുവിനായി ജീവിതം സമര്‍പ്പിക്കുകയെന്ന തിരഞ്ഞെടുപ്പു നടത്തിയ സ്ത്രീപുരുഷന്മാരുടെ ഈ സമൂഹത്തില്‍  ഞാന്‍ ദര്‍ശിച്ചത് ഈജിപ്തിലെ സഭയുടെ സൗഷ്ടവം ആണ്. മദ്ധ്യപൂര്‍വ്വദേശത്തെ സകല ക്രൈസ്തവര്‍ക്കും വേണ്ടി തദ്ദവസരത്തില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഈ ഇടയസന്ദര്‍ശനം സാധ്യമാക്കിത്തീര്‍ത്തവര്‍ക്കും വ്യത്യസ്ത രീതികളില്‍ ഇതിനോടു സഹകരിച്ചവര്‍ക്കും, വിശിഷ്യ, തങ്ങളുടെ പ്രാര്‍ത്ഥനയും സഹനങ്ങളും ഈ നിയോഗത്തിനായി കാഴ്ചവെച്ചവര്‍ക്കും ഒരിക്കല്‍ കൂടി ഞാന്‍ നന്ദിപറയുന്നു. ഹേറൊദേസിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടുന്നതിന് നൈല്‍ നദിയുടെ തീരത്ത് അഭയം തേടിയ നസ്രത്തിലെ തിരുക്കുടുംബം ഈജിപ്തിലെ ജനങ്ങളെ അനുഗ്രഹിക്കുകയും എന്നും സംരക്ഷിക്കുകയും സമൃദ്ധിയുടെയും സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയില്‍ നയിക്കുകയും ചെയ്യട്ടെ.  

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ലളിതവും ഫലദായകവുമായ കൊന്തമനസ്ക്കാരം ചൊല്ലി പരിശുദ്ധകന്യകാമറിയത്തോടു പ്രാര്‍ത്ഥിക്കാന്‍ യുവജനത്തെ ഉപദേശിച്ചു.

ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.