2017-05-02 16:51:00

‘‘അടഞ്ഞ ഹൃദയങ്ങള്‍, സഭയുടെ സഹനം’’: ഫ്രാന്‍സീസ് പാപ്പാ


അടഞ്ഞ ഹൃദയങ്ങള്‍, ഇതാണ് സഭയുടെ ഒരുപാട് ഒരുപാടു സഹനങ്ങള്‍ക്കു കാരണം. മെയ് 2, ചൊവ്വാഴ്ചയില്‍ ദിവ്യബലിയുടെ വായനകളെ അടിസ്ഥാനമാക്കി, സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമധ്യേ പാപ്പാ നല്‍കിയ വചനസന്ദേശം ഇങ്ങനെയാണ് ആരംഭിച്ചത്:

‘‘ഇതാണ് സഭയുടെ വലിയ സഹനങ്ങള്‍ക്കു കാരണം: അടഞ്ഞ ഹൃദയങ്ങള്‍! ശിലാഹൃദയങ്ങള്‍! തുറക്കാനിഷ്ടപ്പെടാത്ത ഹൃദയങ്ങള്‍! വിധിക്കാന്‍ മാത്രമുള്ള ഭാഷ അറിയുന്ന ഹൃദയങ്ങള്‍! വിധിക്കാന്‍ അവയ്ക്കറിയാം എന്നാല്‍, ‘എന്തുകൊണ്ടാണ് നീയിതു പറയുന്നതെന്ന് ഒന്നു വിശദീകരിക്കാമോ?’ എന്നു ചോദിക്കാനറിയില്ല.  ‘എന്തുകൊണ്ടാണിത്, വ്യക്തമാക്കാമോ...?’  ഇല്ല, അവ അടഞ്ഞു പോയി. അത്തരത്തിലുള്ള ഹൃദയങ്ങള്‍ക്ക് എല്ലാമറിയാം.  എന്നാല്‍ വിശദീകരണങ്ങള്‍ അവ ആഗ്രഹിക്കുന്നില്ല’’.

പരിശുദ്ധാത്മാവിന് ഇടമില്ലാത്ത ആ ഹൃദയങ്ങളെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു:  ‘‘പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് സ്തേഫാനോസ് പറയുന്നതാണ് ഇന്നത്തെ വായനയിലുള്ളത്. സ്തേഫാനോസ് ജ്ഞാനത്താല്‍ നിറഞ്ഞവനായിരുന്നു.  മാംസമായിത്തീര്‍ന്ന വചനത്തിന്‍റെ അനുസരണത്തിന് സാക്ഷിയായവനാണ് സ്തേഫാനോസ്. അത് പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണ്. ആത്മാവ് അവനില്‍ നിറഞ്ഞിരുന്നു. എന്നാല്‍, അടഞ്ഞ, മര്‍ക്കടമുഷ്ടിയായ, അവനവനാല്‍ത്തന്നെ  നിറഞ്ഞിരുന്ന യഹൂദാധികാരികളുടെ ഹൃദയങ്ങള്‍ പരിശുദ്ധാത്മാവ് പ്രവേശിക്കുന്നതിനിടം നല്‍കുന്നതായിരുന്നില്ല.

യേശുവിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ‘‘യേശുവിന്‍റെ വാത്സല്യം എങ്ങനെയാണെന്നു നോക്കുക.  അനുസരണത്തിന്‍റെ സാക്ഷ്യമാണ് യേശു.  മഹത്തായ സാക്ഷ്യമാണ് അവിടുന്ന്. അവിടുന്ന് നമുക്കു ജീവന്‍ തന്നു, ദൈവത്തിന്‍റെ വാത്സല്യം നമുക്കു കാണിച്ചുതന്നു. നമ്മുടെ പാപങ്ങള്‍ക്കും നമ്മുടെ ബലഹീനതകള്‍ക്കും ഉപരിയായി ദൈവത്തിന്‍റെ വാത്സല്യം നമ്മെ കാണിച്ചുതരികയാണ്.  നമുക്കു ദൈവവുമായി സംഭാഷിക്കാം’’. 

അടഞ്ഞതും കാര്‍ക്കശ്യമേറിയതുമായ ഹൃദയങ്ങള്‍ ആത്മാവിന്‍റെ സ്വരത്തോട് ഐക്യപ്പെടുത്തുന്നതിന്, ശിലാഹൃദയങ്ങളെ മാംസളമാക്കുന്നതിനു വേണ്ട കൃപ കര്‍ത്താവില്‍നിന്നു ചോദിച്ചുവാങ്ങുക, എന്ന ഉപദേശത്തോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.