2017-05-02 10:56:00

ദൈവനാമത്തില്‍ അതിക്രമങ്ങള്‍ അരുതെന്ന് പാപ്പാ ഫ്രാന്‍സിസ്


ഇസ്ലാമിക നേതാക്കളുടെ രാജ്യാന്തര സമ്മേളനം അവസരമാക്കി ഏപ്രില്‍ 28-Ɔ൦ തിയതി വെള്ളിയാഴ്ച സാഹാഹ്നത്തില്‍ പാപ്പാ സമാധാനപ്രഭാഷണം നടത്തി. 60 രാജ്യാന്തരപ്രതിനിധികളും, ഈജിപ്തിലെ ഇസ്ലാമിക മതനേതാക്കളും പണ്ഡിതന്മാരും, അല്‍-അസ്സാറിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി 1500-ല്‍‍ അധികംപേര്‍ പാപ്പായെ ശ്രവിക്കാന്‍ യൂണിവേഴ്സിറ്റി ഹാളില്‍ സമ്മേളിച്ചിരുന്നു.

സമാധാനാശംസയോടെ പാപ്പാ സമ്മേളനത്തെ അഭിസംബോധനചെയ്തു. ക്ഷണിച്ചതിന്  ഇമാം അല്‍-തയ്യേബിന് പ്രത്യേകം നന്ദിപറഞ്ഞു. എന്നിട്ട് സംസ്ക്കാരങ്ങളുടെയും ഉടമ്പടികളുടെയും നാടായ ഈജിപ്തിനെക്കുറിച്ചാണ് പാപ്പാ ഫ്രാന്‍സിസ് ചിന്തകള്‍ മെന‍ഞ്ഞെടുത്തത്. 

1.  ഈജിപ്ത് സംസ്ക്കാരങ്ങളുടെ നാട്  

നൈലിന്‍റെ തീരത്തുവളര്‍ന്ന ഈജിപ്ഷ്യന്‍ സംസ്ക്കാരം വിജ്ഞാനത്തിന്‍റെയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും പിള്ളത്തൊട്ടിലാണ്. അന്വേഷണങ്ങളെയും കണ്ടുപിടുത്തങ്ങളെയും അധികരിച്ചുള്ള ബോധപൂര്‍വ്വകമായ തീരുമാനങ്ങളാണ് ഭാവി സംസ്ക്കാരത്തെ രൂപപ്പെടുത്തുന്നത്. അതുപോലെ സമാധാനത്തിനും നീതിക്കുംവേണ്ടിയുള്ള ക്രിയാത്മകമായ തീരുമാനങ്ങളാണ് ഇന്ന് ലോകത്തിന് ആവശ്യം. വിദ്യാഭ്യാസത്തിലൂടെയുള്ള വരുംതലമുറയുടെ ശരിയായ രൂപീകരണം സമാധാനത്തിന് അനിവാര്യമാണ്.

തുറവും സമൂഹ്യബന്ധവുമുള്ള വ്യക്തികളായി മനുഷ്യനെ ഉയര്‍ത്താന്‍ സഹായകമാകുന്ന വിദ്യാഭ്യാസം ഇന്ന് അനിവാര്യമാണ്. ദൈവത്തോടും സഹോദരങ്ങളോടുമുള്ള ബന്ധത്തില്‍ ജീവിക്കത്തവിധത്തില്‍   അവരില്‍ രൂഢമൂലമായ നന്മ വ്യക്തികളില്‍നിന്നും വളര്‍ത്തിയെടുക്കുന്നതാണ് ശരിയായ അറിവ് അല്ലെങ്കില്‍ വിദ്യാഭ്യാസം. സ്വാര്‍ത്ഥതയില്‍ സ്വയം മറഞ്ഞിരിക്കുന്നതല്ല, മറിച്ച് തുറവും പരസ്പരബന്ധിയുമായൊരു സംസ്ക്കാരം പ്രകടമാക്കുന്നതിലാണ് വ്യക്തി രൂപീകരണം. അറിവ് അന്വേഷിക്കുന്നവര്‍ അടഞ്ഞമനഃസ്ഥിതിയും കാര്‍ക്കശ്യവും മറികടക്കും. അവിടെ വിനയത്തിന്‍റെ അന്വേഷണഭാവമുണ്ടായിരിക്കും. തുറവും മാറ്റത്തോടുള്ള സഹകരണ ഭാവവും അറിവു നേടലിന്‍റെ ഭാഗമാണ്. പഴമയുടെ മൂല്യങ്ങളെ അംഗീകരിക്കുന്നതും ഇന്നിന്‍റെ ചുറ്റുപാടുകളോട് സംവാദത്തിന്‍റെ തുറവു കാണിക്കുന്നതും, വ്യതിരിക്തതയുള്ള അല്ലെങ്കില്‍ വേറിട്ട വ്യാഖ്യാനങ്ങളോട് തുറവുള്ളതുമായിരിക്കും വിദ്യാഭ്യാസം.  

നന്മവിതയ്ക്കുന്ന അറിവും വിദ്യാഭ്യാസവും     യഥാര്‍ത്ഥമായ അറിവ്, സ്വന്തമായ ചിന്താഗതിയെയും ചിന്താധാരകളെയും മാത്രം ഉയര്‍ത്തിക്കെട്ടുന്നതല്ല, മറിച്ച് മറ്റുള്ളവരെയും അവരുടെ ചിന്താഗതികളെയും കേള്‍ക്കുകയും ഉല്‍ച്ചേര്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ്. തിന്മ എവിടെയും തിന്മ വിതയ്ക്കും,  അത് ലോകത്ത് തിന്മ വളര്‍ത്തും! അതിക്രമത്തില്‍നിന്ന് പിന്നെയും അതിക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ട് ആരെയും ബന്ധനത്തിലാക്കുന്ന തിന്മയുടെ സര്‍പ്പിളവലയം തീര്‍ക്കും. എന്നാല്‍ യഥാര്‍ത്ഥമായ അറിവ് കൂട്ടായ്മയ്ക്കും പങ്കുവയ്ക്കലിനുമുള്ള അവസരങ്ങള്‍ എപ്പോഴും വളര്‍ത്തും.

അറിവ് അസത്യത്തെയും അധികാര ദുര്‍വിനിയോഗത്തെയും എതിര്‍ക്കുന്നു. കാരണം യഥാര്‍ത്ഥമായ അറിവ് ദൈവത്തിന്‍റെ ദൃഷ്ടിയില്‍ വിലമതിപ്പുള്ള മനുഷ്യാന്തസ്സിനെ കേന്ദ്രീകരിച്ചുള്ളതാണ്. മനുഷ്യാന്തസ്സിന് ഇണങ്ങുന്ന ധാര്‍മ്മികത ഒരിക്കലും മറ്റുള്ളവരെ ഭയക്കുന്നില്ല. മാത്രമല്ല, ദൈവം നല്കിയിട്ടുള്ള അറിവിന്‍റെ മേഖലകളെയെല്ലാം അത് ശ്ലാഘിക്കുകയും ഉപയോഗപ്പെടുത്തുകയുംചെയ്യുന്നു. ലോകത്തിന്‍റെ സമാധാനാന്തരീക്ഷം മതങ്ങളും സംസ്ക്കാരങ്ങളും തമ്മിലുള്ള സംവാദമാണെന്ന സംജ്ഞയില്‍ വിശ്വസിച്ചുകൊണ്ട് സംവാദത്തിന്‍റെ പാതയില്‍ ഒരുമിച്ചു നീങ്ങാന്‍ നാം എന്നും വിളിക്കപ്പെട്ടിട്ടുള്ളവരാണ്. ഇക്കാര്യത്തില്‍ വത്തിക്കാന്‍റെ മതാന്തര സംവാദവിഭാഗവും അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റിയും തമ്മിലുള്ള ശ്രമങ്ങള്‍ പ്രോത്സാഹജനകമാണ്.

കൂട്ടായ്മയുടെ മര്യാദയും സംഘട്ടനത്തിന്‍റെ അപമര്യാദയും      സ്വന്തം വ്യക്തിത്വമെന്നപോലെ മറ്റുള്ളവരുടെ തനിമയും വ്യക്തിത്ത്വവും  ​​​അംഗീകരിക്കുക, വ്യത്യാസങ്ങള്‍ ​അംഗീകരിക്കാനുള്ള ധൈര്യമുണ്ടായിരിക്കുക, ഉദ്ദേശശുദ്ധിയുണ്ടായിരിക്കുക എന്നിവയാണ് സംവാദത്തിന്‍റെ പാതയില്‍ സഹായകമാകുന്ന മൂന്നു കാര്യങ്ങള്‍.   സംശയത്തിന്മേലോ മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള ഉപരിപ്ലവമായ ശ്രമങ്ങളിലോ യഥാര്‍ത്ഥമായ സംവാദം വളര്‍ത്തിയെടുക്കാനാവില്ല. അവരെ പരസ്പരം അറിഞ്ഞ് ആദരിക്കാനുള്ള തുറവ് അനിവാര്യമാണ്. ഒരാളുടെ നന്മ എല്ലാവര്‍ക്കും നന്മയായിട്ടുള്ളതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന ബോധ്യത്തില്‍ നാം സാംസ്ക്കാരികമായും, മതാത്മകമയും സമൂഹത്തിലുള്ള വൈവിധ്യങ്ങളെ സ്വീകരിക്കുകയും അംഗീകരിക്കുകയും വേണം.

സംവാദം മാനവികതയുടെ ശരിയായ ഒരു പെരുമാറ്റച്ചട്ടമായി കാണുകയാണെങ്കില്‍, ഉദ്ദേശശുദ്ധിയെന്നു പറയുന്നത് ഒരു പ്രത്യേക താല്പര്യം നേടിയെടുക്കാനുള്ള തന്ത്രമല്ല, മറിച്ച് മത്സരങ്ങളെ സഹകരണമാക്കി മാറ്റിയെടുക്കാന്‍ ക്ഷമയോടെ കൈക്കൊള്ളേണ്ട സത്യത്തിന്‍റെ പാതയാണ്. മറ്റുള്ളവരുടെ അവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യവും, വിശിഷ്യാ മതസ്വാതന്ത്ര്യവും അംഗീകരിക്കുന്ന ആദരപൂര്‍വ്വകമായ സുതാര്യതയുടെയും തുറവിന്‍റെയും രീതിയാണ് വിദ്യാഭ്യാസം. ശ്രേഷ്ഠമായ ഭാവിയും അച്ചടക്കമുള്ള സമൂഹവും വാര്‍ത്തെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗവും ശരിയായ വിദ്യാഭ്യാസം തന്നെ! അതിനാല്‍ സംഘട്ടനത്തിന്‍റെയും അപമര്യാദയുടെയും സാമൂഹ്യചുറ്റുപാടില്‍ കൂട്ടായ്മയുടെ മര്യാദയും വിദ്യാഭ്യാസമാണ് ഇന്നിന്‍റെ ഏകമാര്‍ഗ്ഗവും മറുമരുന്നും.    

കൂട്ടക്കൊലയുടെ പൈശാചികയുക്തി   കൊലയുടെയും കൊള്ളിവയ്പിന്‍റെയും പൈശാചികമായ യുക്തിയില്‍നിന്നും യുവജനങ്ങളെ  അകറ്റി, അതിക്രമവും വിദ്വേഷവും വളര്‍ത്തുന്ന ഇന്നിന്‍റെ മൃഗീയതയെ ഫലപ്രദമായി നേരിടാന്‍ യുവജനങ്ങളെ കരുപ്പിടിപ്പിക്കണമെങ്കില്‍ പക്വതയുടെ മാര്‍ഗ്ഗത്തിലേയ്ക്കു നയിക്കുകയും, ക്ഷമയോടെ അവരെ നന്മയുടെ പാതിയില്‍ പരിശീലിപ്പിക്കേണ്ടതുമാണ്. അങ്ങനെ നല്ലനിലത്തു വളരുന്ന വൃക്ഷങ്ങള്‍പോലെ യുവജനങ്ങള്‍ ചരിത്രത്തിന്‍റെ മണ്ണില്‍ വേരൂന്നി ദൈവോന്മുഖരായി സഹോദരങ്ങള്‍ക്കൊപ്പം വളരട്ടെ! അങ്ങനെ അവര്‍ അനുദിനജീവിതചുറ്റുപാടുകളുടെ വിദ്വേഷത്തിന്‍റെയും പകയുടെയും മലനീകൃതമായ അന്തരീക്ഷത്തെ സാഹോദര്യത്തിന്‍റെ ശുദ്ധവായുകൊണ്ട് നിറയ്ക്കട്ടെ!

ഇന്നിന്‍റെ അടിയന്തിരവും പ്രക്ഷോഭാത്മകവുമായ സാംസ്ക്കാരിക വെല്ലുവിളിയെ നേരിടാന്‍ നാം ക്രൈസ്തവരും മുസ്ലീങ്ങളും എല്ലാവിശ്വാസികളും കടപ്പെട്ടിരിക്കുന്നു :  കാരണം, “നാമെല്ലാവരും ജീവിക്കുന്നത് കാരുണ്യവാനായ ഏകദൈവത്തിന്‍റെ സൂര്യനു കീഴിലാണ്. അതിനാല്‍ എല്ലാവരും സഹോദരങ്ങളാണ്. ദൈവമില്ലെങ്കില്‍ മനുഷ്യജീവിതം സൂര്യനില്ലാത്ത ഭൂമിപോലെയായിരിക്കും...”    നവമായ സാഹോദര്യത്തിന്‍റെ സൂര്യന്‍ ദൈവനാമത്തില്‍ ഈജിപ്തില്‍ ഉദിച്ചുയര്‍ന്ന് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംസ്ക്കാരം വളര്‍ത്തട്ടെ! 800 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍ കമീലിനെ സന്ദര്‍ശിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നമുക്കായി മാദ്ധ്യസ്ഥം വഹിക്കട്ടെ!    

2. ദൈവിക ഉടമ്പടികളുടെ നാട് - ഈജിപ്ത്

വിജ്ഞാനത്തിന്‍റെ സൂര്യോദയം കണ്ട നാടു മാത്രല്ല ഈജിപ്ത്, മതങ്ങളുടെ പ്രബുദ്ധതയും  ഈ നാടിനെ സമ്പന്നമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളോളം മതങ്ങളുടെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ അസ്ഥിത്ത്വമാണ് ഈ നാടിനെ ഉയര്‍ത്തിയിട്ടുണ്ട്. പൊതുനന്മയ്ക്കായുള്ള പ്രവര്‍ത്തനത്തിലും പരിശ്രമത്തിലും വിവിധ വിശ്വാസങ്ങളും സംസ്ക്കാരങ്ങളും ഉടമ്പടിബദ്ധമായി കൈകോര്‍ത്തു നിന്നിട്ടുണ്ട്. അങ്ങനെയുള്ള ഉടമ്പടിയുടെ കൂട്ടായ്മയാണ് ഇന്നാവശ്യം.

സീനായ് മലയില്‍ ദൈവം ഉടമ്പടി നല്കിയ നാടാണിത്. മനുഷ്യന്‍റെ ശരിയായ ഉടമ്പടികളില്‍ ദൈവത്തെ മാറ്റി നിറുത്താനാവില്ല, തള്ളിക്കളയാനാവില്ല. സീനായില്‍ മോശയ്ക്കു ലഭിച്ച 10 കല്പനകളില്‍ ശ്രദ്ധേയവും ശ്രേഷ്ഠവുമാണ്, കൊല്ലരുത്! (പുറപ്പാട് 20, 13). ജീവന്‍റെ ദാതാവായ ദൈവം മനുഷ്യനെ സ്നേഹിക്കുന്നു. അതിനാല്‍ ഭൗമികജീവിതത്തിന്‍റെ ക്രമസമാധാനം നശിപ്പിക്കുന്ന അക്രമത്തിന്‍റെ വഴികള്‍ പാടെ ഉപേക്ഷിക്കണമെന്നത് ദൈവിക ഉടമ്പടിയും കല്പനയുമാണ്. നമ്മുടെ കാലഘട്ടത്തില്‍ മതങ്ങള്‍ ഈ കല്പന മാനിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കാരണം ദൈവത്തില്‍ വിശ്വാസിക്കുകയും, അവിടുത്തെ സ്നേഹിക്കുകയും ചെയ്യുന്ന നമ്മള്‍ അക്രമങ്ങളെ ‘നിരുപാധീകമായി’ ന്യായീകരിക്കുന്ന ചിന്താഗതികള്‍ പാടെ ഉപേക്ഷിക്കേണ്ടതാണ്.  കാരണം എല്ലാവിധത്തിലുമുള്ള മതവിശ്വാസങ്ങളെയും നിഷേധിക്കുന്നതാണ് അതിക്രമങ്ങള്‍.  ഭക്തിയുടെയും വിശുദ്ധിയുടെയും പൊയ്മുഖങ്ങളെ മറച്ചുവയ്ക്കുന്ന അതിക്രമങ്ങളെ മതനേതാക്കള്‍ പാടെ ഉരിഞ്ഞുമാറ്റേണ്ടതും, സ്വാര്‍ത്ഥത നിരുപാധീകമായി വെടിഞ്ഞ് ദൈവത്തോടുള്ള സത്യസന്ധമായ തുറവു വെളിപ്പെടുത്തേണ്ടതുമാണ്.

 അക്രമം ദൈവനാമത്തിലോ?    മനുഷ്യാന്തസ്സിനും മനുഷ്യാവകാശങ്ങള്‍ക്ക് എതിരായ എല്ലാത്തരം അതിക്രമങ്ങളെയും വിട്ടുപേക്ഷിക്കാനും, സമാധാനവും വിശുദ്ധിതന്നെയുമായ ദൈവത്തെ വെളിപ്പെടുത്താത്ത വ്യാജദൈവങ്ങളെയും ബിംബവത്കൃത ദൈവങ്ങളെയും പാടേ ഉപേക്ഷിക്കേണ്ടതുമാണ്. സമാധാനം മാത്രമാണ്, അതിനാല്‍ വിശുദ്ധം. ദൈവനാമത്തില്‍ ഒരതിക്രമവും ആക്രമണവും ന്യായീകരിക്കാനാവില്ല. അത് ദൈവനിഷേധവും ദൈവദൂഷണവുമാണ്. അതിക്രമവും വിശ്വാസവും, വിദ്വേഷവും വിശ്വാസവും തമ്മിലുള്ള പൊരുത്തക്കേട് നമുക്കു ഒരുമയോടെ ഏറ്റുപറയാം. സമൂഹ്യമോ, ശാരീരികമോ, വിദ്യാഭ്യാസപരമോ, മാനസികമോ ആയ അക്രമങ്ങള്‍ക്കെതിരെ ജീവന്‍റെ മാഹാത്മ്യത്തെയും വിശുദ്ധിയെയും നമുക്കൊരുമിച്ചു പ്രഖ്യാപിക്കാം. കാരുണ്യവാനായ ദൈവത്തോടുള്ള വിശ്വാസം ആത്മാര്‍ത്ഥതയുള്ള ഹൃദയത്തില്‍നിന്നും സത്യസന്ധമായ സ്നേഹത്തില്‍നിന്നും വളര്‍ന്നില്ലെങ്കില്‍ അത് മനുഷ്യനെ സ്വതന്ത്രമാക്കാത്ത, മറിച്ച് അവനെ ഞെരുക്കുന്ന സാമൂഹ്യപ്രതിബന്ധമായി മാറും. അതിനാല്‍ ദൈവസ്നേഹത്തില്‍ വളരുന്നവര്‍ സഹോദരസ്നേഹത്തിലും വളരുമെന്ന് ഒരുമയോടെ പ്രഖ്യാപിക്കാം.  

തിന്മയുടെ മുഖംമൂടി അഴിച്ചുമാറ്റുക!   ജനതകള്‍ തമ്മിലും വിശ്വാസങ്ങള്‍ തമ്മിലും സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലും  ഉടമ്പടികളുള്ള നാട്ടില്‍ സംഗമിക്കുമ്പോള്‍ നമുക്ക് ഒരിക്കല്‍ക്കൂടി ഉറച്ച ശബ്ദത്തില്‍ ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ ചെയ്തുകൂട്ടുന്ന എല്ലാവിധിത്തിലുള്ള അതിക്രമങ്ങളെയും, വൈരാഗ്യത്തെയും വിദ്വേഷത്തെയും ഒരുമയോടെ നിഷേധിക്കാം. എന്നാല്‍ തിന്മയുടെ മുഖംമൂടി ആഴിച്ചു മാറ്റുക മാത്രമല്ല മതത്തിന്‍റെ പ്രഥമ ലക്ഷ്യം. മറിച്ച് ലോകത്ത് പൂര്‍വ്വോപരി സമാധാനം വളര്‍ത്തുകയാണ്.  ഉപരിപ്ലവമായ മതസമന്വയീകരണമോ, വിശ്വാസങ്ങളുടെ കൂട്ടിക്കുഴക്കലോ അല്ല ഇവിടെ ലക്ഷ്യംവയ്ക്കുന്നത്, എന്നാല്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ദൈവത്തില്‍നിന്നും സമാധാനം യാചിക്കുകയാണ്. സംവാദത്തിലൂടെ പരസ്പരം അടുത്തും അറിഞ്ഞും സഹകരണവും സൗഹൃദവും വളര്‍ത്തുകയാണ് നമ്മുടെ ലക്ഷ്യം. മനുഷ്യരെല്ലാം ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാകയാല്‍ അവരെ സഹോദരങ്ങളായി കാണാനായില്ലെങ്കില്‍ ക്രൈസ്തവ വിശ്വാസത്തില്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പിതാവായ ദൈവത്തോട്  പ്രാര്‍ത്ഥിക്കാന്‍ പോലും അവകാശമില്ല.

സമാധാനശ്രമങ്ങള്‍ ചെറുതായാലും വൃഥാവിലല്ല    തിന്മയ്ക്കെതിരായ നിരന്തരമായ പോരാട്ടം നടക്കുന്ന നമ്മുടെ ലോകം  ഇന്ന് യഥാര്‍ത്ഥമായ സാഹോദര്യത്തിന്‍റെ വേദിയല്ലാതായി മാറിയിട്ടുണ്ടെങ്കിലും, വിശ്വസാഹോദര്യത്തിനായി പരിശ്രമിക്കുന്നവര്‍ക്ക് സ്നേഹത്തിന്‍റെ വീഥി തുറന്നുകിട്ടും. അവരുടെ ശ്രമങ്ങള്‍ ഒരിക്കലും വൃഥാവിലാകില്ല. സമാധാന ശ്രമങ്ങളാണ് ഇന്നാവശ്യം. സ്വരക്ഷയ്ക്കായി ആയുധങ്ങള്‍ തേടി പരക്കംപായുന്നതില്‍ അര്‍ത്ഥമില്ല. സമാധാനസ്ഥാപകരെയാണ്, കലഹപ്രിയരെയല്ല ലോകത്തിനാവശ്യം. കൊള്ളിവയ്പുകാരെയല്ല ഇന്നുവേണ്ടത്, അഗ്നിശമനക്കാരെയാണ് നമുക്കാവശ്യം. വിനാശം വിതയക്കുന്നവരെയല്ല, അനുരഞ്ജനത്തിന്‍റെ പ്രയോക്താക്കളെയാണ് നമുക്കു ലോകത്തിനു വേണ്ടത്.             

ഇന്നിന്‍റെ അന്ധമായ യാന്ത്രീകവത്ക്കരണവും പ്രീണിപ്പിക്കുന്ന രാഷ്ട്രീയവത്ക്കരണവും വര്‍ദ്ധിച്ച് മനുഷ്യജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്ന രീതി വര്‍ദ്ധിച്ചുവരികയാണ്. ഇവ ഒരിക്കലും സമാധാനമോ സുസ്ഥിതിയോ വളര്‍ത്തുകയില്ല. അക്രമത്തിനുള്ള പ്രകോപനം സമാധന മാര്‍ഗ്ഗമല്ല. ക്രിയാത്മകവും പങ്കുവയ്ക്കലിന്‍റേതുമായ രീതികള്‍ക്കു പകരം, ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളിലാണ് നാം മുഴുകുന്നതെങ്കില്‍ മൗലികചിന്തഗതിക്കാര്‍ക്കും അതിക്രമികള്‍ക്കും ഇരയെറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്.

ആയുധനിര്‍മ്മാണത്തിന് അറുതിവരുത്താം    സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിലും ഭേദം സമാധാനം വളര്‍ത്തുകയാണ്. തീവ്രവാദത്തിന്‍റെ വേരുകള്‍ എളുപ്പം പടര്‍ന്നു പിടിപ്പിക്കുന്ന ദാരിദ്യത്തിന്‍റെയും ചൂഷണത്തിന്‍റെയും ചുറ്റുപാടുകള്‍ ഇല്ലാതാക്കാനാണു നാം പരിശ്രമിക്കേണ്ടത്. അതുപോലെ അക്രമങ്ങള്‍ ആളിക്കത്തിക്കുന്നവരുടെ കൈയ്യിലേയ്ക്കൊഴുകുന്ന പണവും ആയുധങ്ങളും തടയേണ്ടതും ഇന്നിന്‍റെ ആവശ്യമാണ്. ആയുധനിര്‍മ്മാണത്തിന് അറുതിവരുത്തേണ്ടത് ഇന്നിന്‍റെ അടിയന്തിര ആവശ്യമാണ്. കാരണം ഉല്പദിപ്പിച്ചാല്‍ അവര്‍ ഇന്നല്ലെങ്കില്‍ നാളെ വില്ക്കപ്പെടും, ഉപയോഗിക്കപ്പെടും, സംശയമില്ല!

അധോലോകത്തിന്‍റെ കാപട്യങ്ങളും കൗശലങ്ങളും വെളിച്ചത്തുകൊണ്ടുവന്നെങ്കില്‍ മാത്രമേ യുദ്ധമെന്ന ക്യാന്‍സറിന് പ്രതിവിധി കണ്ടെത്താനാവൂ. ഭീഷണവും അടിയന്തിരവുമായ ഈ ഉത്തരവാദിത്ത്വം ഏറ്റെടുക്കാന്‍ രാഷ്ട്രനേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കടപ്പാടുണ്ട്.  അങ്ങനെ സാംസ്ക്കാരിക തലത്തില്‍ മുന്‍പന്തിയില്‍ നില്ക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്യുന്ന എല്ലാവരും, ഓരോരുത്തരും അവരവരുടേതായ മേഖലകളില്‍ സമാധാന പ്രക്രിയയ്ക്കുള്ള ഉറച്ച അടിത്തറപാകാന്‍ തക്കിധം ജനതകളും രാഷ്ട്രങ്ങളും തമ്മില്‍ നന്മയുടെ ഉടമ്പടികള്‍ക്ക് തുടക്കംകുറിക്കാനുള്ള വഴികള്‍ തേടാന്‍ ഈ ചരിത്ര പശ്ചാത്തലത്തില്‍  മാനവികതയുടെ ഭാവിക്കായി ദൈവനാമത്തില്‍ നമുക്കു പരിശ്രമിക്കാം. ഇന്നാട്ടില്‍ മാത്രമല്ല, മദ്ധ്യപൂര്‍വ്വദേശത്ത് ആകമാനം സമാധന സംലബ്ധിക്കായുള്ള വഴികള്‍ തുറക്കാന്‍ ദൈവസഹായത്തില്‍ പ്രത്യേകം വിളിക്കപ്പെട്ട മഹത്തായ ഈ നാടിനു സാധിക്കട്ടെ എന്നാണ് എന്‍റെ പ്രാര്‍ത്ഥനയും പ്രത്യാശയും!

As-salamu alaykum!   എല്ലാവര്‍ക്കും സമാധാനം നേരുന്നു!   








All the contents on this site are copyrighted ©.